Sorry, you need to enable JavaScript to visit this website.

കുലസ്ത്രീകളുടെ നാമജപം

ശബരിമല സമരം സുവർണാവസരമാണെന്ന് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത് വെറുതെയല്ല, കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ അയ്യപ്പനിലൂടെ കയറിപ്പറ്റാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു. സംഘ്പരിവാർ പറയുന്നതിൽ എന്തോ കാര്യമില്ലേ എന്ന് സ്ത്രീകൾ ചിന്തിച്ചുതുടങ്ങുന്നത് വൈകാതെ സമൂഹത്തിന്റെ ചിന്തയായി മാറും. അതിന് മുമ്പേ നമ്മുടെ സ്ത്രീ സ്വാതന്ത്ര്യ വാദത്തിൽ അടിസ്ഥാന മാറ്റങ്ങൾ ആവശ്യമായിരിക്കുന്നു.

കേരളത്തിലെ ഹിന്ദു ഭവനങ്ങൾ അതിഭീകരമായി വർഗീയവത്കരിക്കപ്പെട്ടുകഴിഞ്ഞുവെന്നും സ്ത്രീകളെല്ലാം ശിലായുഗത്തിലെ ഭാഷ സംസാരിക്കുന്നതായി തോന്നുന്നുവെന്നും എസ്. ശാരദക്കുട്ടി കുറിക്കുന്നു. പുരുഷന്മാർ പുലർത്തിയിരുന്ന രാഷ്ട്രീയം വീടുകളുടെ അകത്തളങ്ങളിൽ വിലക്കേർപ്പെടുത്തപ്പെട്ട, നിരോധിത വസ്തുവായി മാറിയതിന്റെ അനന്തര ഫലമാണിതെന്നാണ് അവർ പരിതപിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശം വിഷയമാക്കി സംഘ്പരിവാർ നടത്തുന്ന സമര കോലാഹലങ്ങൾ, ഇടതുപക്ഷ കുടുംബങ്ങളിലെ സ്ത്രീകളിൽ പോലും ആശയക്കുഴപ്പം സൃഷ്ടിച്ചതായുള്ള നിരീക്ഷണങ്ങൾ പ്രബലമാണ്. 
സാമാന്യം ദീർഘമായ ഒരു ഫേയ്‌സ്ബുക്ക് കുറിപ്പിൽ ടി.പി. രാജീവൻ പങ്കുവെക്കുന്ന ആശങ്കയും സമാനമാണ്. കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: സ്ത്രീകളുടെ സ്വാതന്ത്ര്യം യഥാർഥത്തിൽ സംഘപരിവാറിന്റെ പിടിയിൽനിന്നുള്ള ജനങ്ങളുടെ തന്നെ സ്വാതന്ത്ര്യമാണെന്ന തിരിച്ചറിവോടെ കേരളത്തിലെ എല്ലാ സ്ത്രീ സ്വാതന്ത്ര്യവാദികളും സംഘടനകളും പുതിയ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐക്യപ്പെടേണ്ടിയിരിക്കുന്നു. 
അങ്ങനെ ദളിതരും ആദിവാസികളുമടക്കമുള്ള എല്ലാ കീഴാള ജനാധിപത്യ ശക്തികളേയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി നമ്മുടെ സ്ത്രീ സ്വാതന്ത്ര്യ വാദം ഉയരേണ്ടിയിരിക്കുന്നു; സ്ത്രീ ഒരു കീഴാള ജനാധിപത്യ ജനസഞ്ചയത്തിന്റെ രാഷ്ട്രീയ മുഖമായി മാറേണ്ടിയിരിക്കുന്നു. 
അജിതയും സാറാ ജോസഫും ജെ. ദേവികയും ഏലിയാമ്മ വിജയനും പി. ഗീതയും സജിത മഠത്തിലും പാർവതീ ദേവിയും തുടങ്ങി മിനി സുകുമാർ, ദീദി ദാമോദരൻ, സി.എസ്. ചന്ദ്രിക, ശാരദക്കുട്ടി വരെയുള്ള കേരളത്തിലെ സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാന നേതാക്കളോടുള്ള ഒരു രാഷ്ട്രീയ അഭ്യർത്ഥനകൂടിയായി തന്റെ കുറിപ്പ് പരിഗണിക്കപ്പെടുമെന്ന പ്രത്യാശയോടെയാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ശബരിമല സമരത്തിലെ കുലസ്ത്രീ സാന്നിധ്യം കേരളം നേടിയെടുത്ത പുരോഗമന, ആധുനിക രീതികളെ പിന്നോട്ടടിക്കുന്നതിന്റെ ലക്ഷണമായി ഇവരെല്ലാം വിലയിരുത്തുന്നുണ്ട്. ശബരിമല സന്നിധാനത്ത് 'ഭക്തരെ' പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ, അർധരാത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് പുറത്തടക്കം, സംഘ്പരിവാർ സംഘടിപ്പിച്ച നാമജപ സമരത്തിലെ സ്ത്രീ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. എല്ലാ പുരോഗമന ചിന്തയോടൊപ്പവും കുടുംബത്തിനകത്തെ സ്ത്രീകൾ കാത്തുസൂക്ഷിച്ച മതവിശ്വാസത്തേയും ദൈവവിശ്വാസത്തേയും പ്രത്യക്ഷീകരിക്കുന്ന സമരമായി അത് മാറിവരികയാണ്.  കേരളത്തിലിപ്പോൾ സംഘ്പരിവാർ അഴിച്ചുവിട്ടിരിക്കുന്ന സമരത്തിലൂടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രധാന ഇരയായിക്കൊണ്ടിരിക്കുന്നത് സ്ത്രീ സമൂഹമാണെന്ന് രാജീവൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിശ്വാസത്തിൽ അഭയം പ്രാപിക്കുന്ന, ബഹുഭൂരിപക്ഷം വരുന്ന വീട്ടടിമകളായിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് അവരുടെ വിശ്വാസത്തെ രക്ഷിക്കാനുള്ള രക്ഷകരുടെ വേഷമാണ് ഇന്ന് സംഘപരിവാറിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് എങ്ങനെയാണ് സംഘ്പരിവാർ സാധ്യമാക്കുന്നത് എന്ന ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരമുണ്ട്: 'നമ്മുടെ ഇടത് ലിബറൽ കുടുംബങ്ങളിലും പൗരസമൂഹത്തിലും പണ്ടേ രണ്ടാം തരം പൗരികളായി പിന്നിലേക്ക് മാറ്റിനിർത്തപ്പെട്ട സ്ത്രീകൾക്ക് മതവിശ്വാസത്തിന്റെ മണ്ഡലത്തിൽ ഒന്നാം തരം പൗരത്വവും മുൻനിരയുമാണ് സംഘപരിവാർ വെച്ചുനീട്ടുന്നത്. വീട്ടുവാതിലുകൾ തുറന്ന് അയ്യപ്പ നാമജപവുമായി മുൻനിരയിലേക്ക് വരാനാണ് അവർ സ്ത്രീകളെ വിളിക്കുന്നത്. 
അത് ചെവിക്കൊള്ളുന്ന സ്ത്രീകളുടെ ഉത്സാഹമാണ് തെരുവിൽ അണിനിരക്കുന്ന സ്ത്രീകളുടെ നാവിൽ നിന്നുയരുന്ന അയ്യപ്പ നാമജപത്തിന്റെ ഒച്ചയിൽ തെളിയുന്നത്. യഥാർഥത്തിൽ ഈ ഉയരുന്ന നാമജപം കേരളീയ സ്ത്രീസമൂഹത്തിന്റെ അടിമത്തത്തിൽനിന്നുയരുന്ന ഒരു കൂട്ടക്കരച്ചിലാണ്. അത് കേൾക്കാൻ നമുക്ക് കാതുണ്ടാകണമെന്ന് രാജീവൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. 
വീടുകൾക്കുള്ളിലെ അരാഷ്ട്രീയവത്കരണമാണ് ഈ ദുരവസ്ഥയിലേക്ക് കേരളീയ സ്ത്രീകളെ തള്ളിവിട്ടതെന്നാണ് ശാരദക്കുട്ടി നിരീക്ഷിക്കുന്നത്. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ സ്ത്രീകളെ തളച്ചിട്ടവർ, ചിന്തയുടെ കാറ്റും വെളിച്ചവും അവരിലേക്ക് കടക്കാതെയും നാട്ടിലെ സാമൂഹിക യാഥാർഥ്യങ്ങളുടെ നേർച്ചിത്രം അവരിലേക്ക് എത്താതെയും സ്ത്രീകളെ സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ പറയുന്നു: 'വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്. വീട്ടിലെ സ്ത്രീകൾ മറുവാ പറയാതെ വളർത്തി വിട്ട ആൺകുട്ടികളാണ് ഇന്ന് കേരളത്തെ ഈയവസ്ഥയിലെത്തിച്ചത്. വീട്ടിലെ സ്ത്രീകളുടെ പലതരം മടുപ്പുകളാണ് ഭ്രാന്തോളമെത്തുന്ന ഭക്തിയുടെ രൂപത്തിൽ ഇന്നു നാം നേരിടുന്നത്. വീടുണ്ടാക്കുന്ന മടുപ്പനുഭവിക്കാൻ കൂട്ടാക്കാതെ നിർഭയരായി പുറത്തിറങ്ങുവാനും സംസാരിക്കുവാനും തിരികെ തന്റേടത്തോടെ വേണ്ടപ്പോൾ മാത്രം കയറിച്ചെല്ലാനും ധൈര്യം കാണിച്ച വിരലിലെണ്ണാവുന്ന സ്ത്രീകളാണ് ഇന്ന് ശക്തമായി അനാചാരങ്ങളോട് പോരാടുന്നത്. യുക്തിയുടെയോ ചിന്തയുടെയോ പുരോഗമനത്തിന്റെയോ ഭാഷയുമായി മറ്റു വീടുകളിലേക്ക് കയറിച്ചെല്ലുന്ന സ്ത്രീകൾക്ക് ആട്ടുകിട്ടുന്ന അവസ്ഥ കേരളത്തിലുണ്ടായതെങ്ങനെയെന്നാണ് വൈകിപ്പോയെങ്കിലും നാമിനി  ആലോചിച്ചു തുടങ്ങേണ്ടതെന്നും അവർ ഓർമിപ്പിക്കുന്നു.
ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ട എന്ന് സ്ത്രീകൾ പ്രഖ്യാപിക്കുന്നത് ദശാബ്ദങ്ങൾക്ക് മുമ്പ് അമേരിക്കൻ തെരുവുകളിൽ മുഴങ്ങിക്കേട്ട പ്രതിഷേധത്തിന്റെ ധ്വനി പോലെ തോന്നുന്നു. സ്ത്രീകൾക്ക് തുല്യാവകാശം നൽകിയുള്ള നിയമ ഭേദഗതിക്കെതിരെ ഫില്ലിസ് ഷാഫ്‌ലി നയിച്ച സ്ത്രീ മുന്നേറ്റ കഥയുണ്ട് അമേരിക്കക്ക് പറയാൻ. ഞങ്ങളെ സ്ത്രീകളായി ജീവിക്കാൻ അനുവദിക്കൂ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. തുല്യതാ നിയമം തങ്ങളുടെ സ്ത്രീത്വം നഷ്ടപ്പെടുത്തുമെന്നും അവർ ഭയന്നു. സ്ത്രീകളുടെ അവകാശ സമരത്തെക്കുറിച്ച് ബ്രിട്ടനിലെ വിക്‌ടോറിയ രാജ്ഞിയുടെ അഭിപ്രായം ഭ്രാന്തമായ കുരുട്ടു ബുദ്ധിയുടെ ചതി നിറഞ്ഞ ആശയം എന്നായിരുന്നു. ഒരു രാജ്യത്തിന്റെ ചെങ്കോൽ കൈയിലേന്തുന്ന സ്ത്രീ തന്നെയാണ് സ്ത്രീമുന്നേറ്റത്തെ ഭ്രാന്തമായ ആശയമായി വിലയിരുത്തിയത്. ചില സമാനതകൾ തോന്നുന്നില്ലേ...
കഴിഞ്ഞ എഴുപതു കൊല്ലമായി നാം പറഞ്ഞുകൊണ്ടിരിക്കുന്ന വർഗീയതക്കും ഫാസിസത്തിനും എതിരായ യാന്ത്രിക യുക്തികൾ ഇനിയും ആവർത്തിച്ചുകൊണ്ടിരുന്നിട്ട് കാര്യമല്ലെന്ന് ബി. രാജീവൻ പറയുന്നത് അതുകൊണ്ടാണ്. സംഘപരിവാറിന് വളരാൻ വഴിയൊരുക്കിക്കൊടുത്ത ആ തോറ്റ വാദങ്ങളിൽനിന്ന് പിന്തിരിഞ്ഞ് സ്ത്രീകളടക്കമുള്ള, അടിമത്തമനുഭവിക്കുന്ന കീഴാള ജനതയുടെ  നിലവിളി ഇനിയെങ്കിലും നാം കേട്ടേ മതിയാവൂ. കാരണം നേരത്തെ പറഞ്ഞതുപോലെ നിരാലംബരായ എല്ലാ തരം കീഴാള ജനവിഭാഗങ്ങളുടേയും അടിമത്തമാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയ മുതൽക്കൂട്ട്.
 അതിനാൽ സ്ത്രീകളടക്കമുള്ള കീഴാള ജനത അടിമത്തത്തിൽനിന്ന് അവരുടെ സ്വഛന്ദമായ രാഷ്ട്രീയ സ്വാധികാരത്തിലേക്ക് ഉയരാൻ തുടങ്ങുന്ന നിമിഷം ഫാസിസ്റ്റ് ഭൂതം അപ്രത്യക്ഷമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ മുന്നേറ്റത്തിനെതിരെ സ്ത്രീകളിൽനിന്ന് തന്നെ എന്തുകൊണ്ട് പ്രതിഷേധമുയരുന്നു എന്നത് ലിംഗ സമത്വ ഗവേഷകരുടെ പഠനം ആവശ്യപ്പെടുന്ന വിഷയമാണ്. നിരവധി പഠനങ്ങൾക്ക് അത് വിധേയമായിട്ടുണ്ടെന്നതാണ് വാസ്തവം. കേരളത്തിന്റേതുപോലെയുള്ള ഒരു ഫ്യൂഡൽ, യാഥാസ്ഥിതിക സംസ്‌കാരത്തിൽ സ്ത്രീ അവളുടെ സ്ഥാനം സ്വയം നിർണയിക്കാൻ അവസരം ലഭിച്ചാൽ പോലും ചുവന്ന വരക്കപ്പുറത്തേക്ക് കടക്കില്ലെന്നതാണ് യാഥാർഥ്യം. ദീപ ഈശ്വറിനെപ്പോലെയുള്ളവർ പ്രതിനിധീകരിക്കുന്ന കുലസ്ത്രീ പ്രതിഛായകൾക്കുള്ളിൽ തളച്ചിടപ്പെട്ടവരാണ് അവർ. 
നമ്മുടെ സാഹിത്യവും സംസ്‌കാരവും പാരമ്പര്യവും ഈ ചിന്തയെ ബലപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിച്ചത്. ശബരിമലയിൽ അയ്യപ്പനെ കാണാനെത്തുന്ന യുവതികൾ, അപഭ്രംശം സംഭവിച്ച, സദാചാര അതിരുകൾ ലംഘിച്ച മോശം സ്ത്രീകളാണെന്ന രീതിയിലാണ് പ്രചാരണം. പെണ്ണിന്റെ ശുദ്ധിയുടേയും അശുദ്ധിയുടേയും അളവുകോലുകളും അവിടെ നിർണയിക്കപ്പെടുന്നു. ഇവ്വിധം പുരുഷ ഭക്തന്മാരുടെ ശ്രദ്ധ തിരിക്കുന്ന, ഭക്തി അവതാളത്തിലാക്കുന്ന അയ്യപ്പനെപ്പോലും അസ്വസ്ഥമാക്കുന്ന സാന്നിധ്യമായാണ് അവർ സ്വയം ചിത്രീകരിക്കുന്നത്. 
ലിംഗ സമത്വം ഇന്നും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ലെന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. സ്ത്രീയും പുരുഷനും ഒരുപോലെയല്ലെന്ന ശാരീരിക യാഥാർഥ്യം അംഗീകരിച്ചുകൊണ്ടു തന്നെ അവർക്കിടയിൽ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികവുമായുള്ള വിവേചനം ഉണ്ടാവാൻ പാടില്ലെന്ന പുരോഗമന വീക്ഷണം കേരളത്തിൽ പ്രബലമാണെങ്കിലും വീടകങ്ങളിൽ അത് പ്രയോഗ ക്ഷമമാകുന്നത് അപൂർവമായി മാത്രമാണ്. 
ശബരിമലയിൽ സ്ത്രീകൾ പോകരുത് എന്ന് വാദിക്കുന്ന ഒരു സിനിമാ നടി തന്റെ വാദം ന്യായീകരിക്കാൻ ഉന്നയിക്കുന്ന ചോദ്യം പുരുഷന്മാരുടെ കക്കൂസിൽ സ്ത്രീകൾ പോകുമോ എന്നതാണ്. ബ്രാഹ്മണനല്ലാത്ത പൂജാരിമാർക്ക് അമ്പലങ്ങളിൽ കയറാൻ പാടില്ലാത്ത അവസ്ഥ മാറിയത് ഈയിടെയാണ്. സിനിമാ നടിമാരുടെ കക്കൂസ് ചിന്തകൾക്ക് വില നൽകുന്നത് കേരളീയ നവോത്ഥാനത്തിന്റെ പാരമ്പര്യം തന്നെയാണെന്നതാണ് സങ്കടകരം.


 

Latest News