ഏതു വെളുപ്പാൻ കാലത്തും ഹർത്താൽ പ്രഖ്യാപിക്കാമെന്ന നിലയിലേക്ക് കേരളം പുരോഗമിച്ചതു കണ്ട് പുളകമണിയാത്തവർ ആരുണ്ട്? സാക്ഷരത, മെഡിസിൻ, ശിശു ആരോഗ്യം, ഭവന നിർമാണം എന്നിവ പോലെ നമുക്ക് അത്യന്താപേക്ഷിതമാണ് ഹർത്താലും. ഇതുവരെ 87 ഹർത്താലുകൾ നടത്തിയത്രേ! എന്നിട്ട് ക്ഷീണം വല്ലതും ആർക്കെങ്കിലും തോന്നിയോ? ഇല്ല. ഇനി അടുത്ത ഒന്നിന് വട്ടംകൂട്ടുകയാണ് ഓരോരുത്തരും. 'പ്രസവിക്കുന്തോറും സൗന്ദര്യം വർധിക്കുന്നു'- എന്ന് പണ്ടൊരു വൈദ്യശാല സ്വന്തം 'പ്രസൂതികാസുധ'യുടെ പരസ്യം ചെയ്തുതു പോലെയാണ് സംഗതി. ഇത്രയധികം ഹർത്താൽ നടത്തിയിട്ടും കേരള സംസ്ഥാനത്തിന്റെ മേനിക്കോ സൗന്ദര്യത്തിനോ ഒരു ഉടവും തട്ടിയിട്ടില്ലെന്ന് ഇവിടെയെത്തുന്ന സഞ്ചാരികളും സന്ദർശകരും പ്രഖ്യാപിക്കാൻ തയാറാണ്. പേപ്പറും പേനയും നൽകിയാൽ സർട്ടിഫിക്കറ്റ് എഴുതിത്തരികയും ചെയ്യും. കുറഞ്ഞൊരു കാലം മുമ്പ് ഹൈക്കോടതി ഹർത്താലോ ബന്ദോ മറ്റോ നിരോധിച്ചിരുന്നുവെന്നൊരു നാട്ടുവർത്തമാനമുണ്ട്. അത് ബന്താകാനാണ് സാധ്യത. അതുകൊണ്ടാണല്ലോ നമ്മൾ ഹർത്താൽ ആചരിക്കുന്നതും ബന്തായി അവസാനിക്കുന്നതും. ഇക്കഴിഞ്ഞ പതിനേഴാം തീയതി നടത്തിയ ഹർത്താൽ ലേശം കടന്നുപോയി എന്നൊരു അഭിപ്രായമുണ്ട്.
കെ.പി. ശശികല ടീച്ചർ എന്നൊരു തീപ്പൊരി പ്രസംഗക മല കയറുകയും കയറും മുമ്പ് പോലീസ് പിടിച്ചിറക്കി വാനിൽ കയറ്റുകയും ചെയ്തതായിരുന്നു പ്രകോപന ഹേതു. മഴക്കാലമായതിനാലും മലയിൽ വഴുക്കലുണ്ടായിരുന്നതിനാലും ടീച്ചറുടെ പൂമേനിക്കും പാദങ്ങൾക്കും കേടു സംഭവിക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ മാത്രമായിരുന്നു ആ കസ്റ്റഡി. ഭക്തരെ പിന്തിരിപ്പിക്കുന്ന പരിപാടി പോലീസിനു പണ്ടേയില്ല. അടുത്ത കാലത്തായി ഇടതു പാർട്ടിക്കും ഇല്ല. തെളിവു തരാം. ഒരു ചാനൽ ചർച്ചാവധ വേളയിൽ പത്രാധിപർ ഗോവിന്ദൻ മാസ്റ്ററുടെ മൊഴി ഇങ്ങനെ: ഞങ്ങൾ ചെങ്കൊടി പിടിച്ചു മുന്നിൽ നിന്നു ഭക്തരെ സന്നിധാനത്തിലെത്തിക്കും. പഴയ 'ശുംഭൻ' പ്രയോഗം ആരെങ്കിലും ഉച്ചരിച്ചോ എന്നറിയില്ല. പരിപാടികൾ എഡിറ്റ് ചെയ്താണല്ലോ കാണിക്കുക. ഭക്തി മൂത്താൽ ചുവപ്പും കാവിയും തമ്മിലുള്ള നിറവ്യത്യാസം ഇല്ലാതാകുന്നതും നമ്മൾ കാണേണ്ടിവരുമെന്നു സാരം. ഏതായാലും ടീച്ചർക്കു വേണ്ടി സംസ്ഥാനം മുഴുവനും ഹർത്താലിൽ മുഴുകിയതിനാൽ ഒരു പ്രളയ ദുരന്തം വീണ്ടും അനുഭവപ്പെട്ടത് രോഗികൾക്കാണ്. അതു കാണണമെങ്കിൽ തലസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ മാത്രം മതിയായിരുന്നു. മെഡിക്കൽ കോളേജിലും കാൻസർ സെന്ററിലും പോകേണ്ട രോഗികൾ അറവുമാടുകളെപ്പോലെ ദയനീയാവസ്ഥയിൽ കഴിയുന്നത് കാണാമായിരുന്നു. അതിനാർക്കാണ് സമയം? പിണറായി - വി.എസ് പോരിന്റെ സ്പിരിറ്റ് ദുരഭിമാനമല്ലേ? 'ആർ.എസ്.എസ് അജണ്ട' ആരോപിക്കും പോലെയില്ല. 2010 ൽ തന്നെ അവർ യുവതികൾ മല കയറണമെന്ന പ്രസ്താവന ഇറക്കിയിട്ടുണ്ട്. തൽക്കാലം പ്രസ്താവനയ്ക്ക് പ്രകടന പത്രികയുടെ വിലയേ കണക്കാക്കുന്നുള്ളൂ. ചവറ്റുകൊട്ട അടുത്തു തന്നെയുള്ളതും ആശ്വാസം. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണന് തന്നെ ചവിട്ടിപ്പുറത്താക്കാൻ കാലിനു ബലമുണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതും നന്നായി. വല്ല ഹർത്താലും നടത്തി പോയീൻ പിള്ളേരെ എന്നാണതിന്റെ ധ്വനി. കഷ്ടകാലം എന്നു നാട്ടാർക്ക്. ആരു നൊയ്മ്പു മുറിച്ചാലും കോഴിക്കാണല്ലോ കഷ്ടകാലം!.
**** **** ****
തൃപ്തി ദേശായി എന്ന ഭൂമാതാ മടങ്ങിയത് തൃപ്തിയായിട്ടാണോ എന്ന് ഇനിയും വെളിവായിട്ടില്ല. ഭർത്താവും ഒരു കുട്ടിയുമുള്ള ശ്രീമതി ചില വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് ടോർച്ച് തെളിയിച്ചിട്ടുണ്ടത്രേ! അതിലുപരി, ഒരു തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു തോറ്റിട്ടുമുണ്ട്. അതും ഇക്കാലത്ത് ഒരു സാഹസം തന്നെയാണ്, സംശയമില്ല. അത്തരം ഒരു സ്ഥാനാർഥി ഒരു 'ചാവേർ' ആണെന്ന് ആർക്കാണറിയാത്തത്? ഏതായാലും വിശാല മഹാജനസംഖ്യം രൂപീകരിക്കപ്പെടുന്നതോടെ 'തൃപ്തി ദേശായി'മാരുടെ അവശേഷിക്കുന്ന കാലവും കഴിയും. അവിടെ സീറ്റ് പങ്കുവെക്കലുകൾ മാത്രമേ നടക്കൂ. വമ്പൻ സ്രാവുകൾ കുഞ്ഞുരാഹുലനെ എടുത്തു പന്തു കളിക്കുമോ എന്ന ഭയത്തിലാണ് മമ്മിയും കൂട്ടരും. ഈ മാസം 22 ന് ചേരാനിരുന്ന വിശാല യോഗം നേരത്തെ തന്നെ മാറ്റിവെച്ചത് അത്ര നല്ല ലക്ഷണമല്ലെന്ന് ആസ്ഥാന ജ്യോത്സ്യന്മാരും ചാനൽ പ്രവാചകരും ഒന്നുപോലെ പറഞ്ഞു ഭയപ്പെടുത്തുന്നു.
ചന്ദ്രബാബു നായിഡു, പവാർ, മമതാ ദീദി, മായാവതി ദീദി, സഖാവ് സ്റ്റാലിൻ തുടങ്ങിയവർക്കിടയിൽ രാഹുൽ, 'ബേട്ടാ'യോ 'ഭയ്യ'യോ ആയി ഒതുങ്ങി നടക്കേണ്ടിവരുമെന്നാണ് സംശയം. ദീർഘദൃഷ്ടിയുള്ളതിനാൽ കേരളത്തിൽനിന്നുള്ള സീനിയർ നേതാവ് എ.കെ. ആന്റണി ഇപ്പോൾ തന്നെ ഒതുങ്ങി അരികുപറ്റിയാണ് നടത്തം. ആൾക്കൂട്ടത്തിൽ പെട്ടാൽ 'ചട്‌നി'യാക്കിക്കളയും. വടക്കന് തെക്കനെ അത്ര പഥ്യമാണ്. കേരളത്തിലെത്തി മുന്നിൽ നയിക്കാമെന്നു വെച്ചാൽ, പിന്നിൽ ആൾക്കൂട്ടമേയില്ല. കണ്ടു മടുത്ത കുറേ സുന്ദരന്മാരും, സുന്ദരികളും മാത്രം. അവരാകട്ടെ 'ഡൈ' പുരട്ടി നടപ്പാണ്. ചുരുക്കത്തിൽ കോൺഗ്രസിനു നവജീവൻ കൈവരുത്താനുള്ള 'വാജീകരണസുധ' ഇനി ആരെങ്കിലും കണ്ടുപിടിക്കണം. ഒരു താൽക്കാലിക ആശ്വാസമുള്ളത് ചില ഗവേഷകരുടെ വാക്കുകളാണ്- വെച്ചൂർ പശുക്കൾ ആഗോള താപനം അതിജീവിക്കും!
പാൽ കുറയാതെ ചൂടിനെ ചെറുക്കുന്ന ജനിതക ഘടനയാണ് കക്ഷിയുടെ മറ്റൊരു പ്രത്യേക ഗുണം. ചരിത്രം വായിച്ചു നോക്കിയാൽ ഈ രണ്ടും ഒത്തിണങ്ങിയ ഒരു കറവപ്പശു രാഷ്ട്രീയത്തിൽ കോൺഗ്രസ് മാത്രമാണ്. അത്രയും ആശ്വാസം. അടുക്കുന്നവരെങ്കിലും ആരോഗ്യം കൈവരിക്കുമല്ലോ.
**** **** ****
പ്രളയ ദുരിതാശ്വാസം ഒരു കോമഡി ഷോ ആയി മാറിയത് അധികം പേർ ശ്രദ്ധിക്കാൻ സാധ്യതയില്ല. അതിനു മുന്നിൽ ഒരു ശബരിമല കയറ്റം വന്ന് കാഴ്ച മറക്കുകയാണല്ലോ. മൂവായിരം പേർ അനർഹമായി ദുരിതാശ്വാസ സഹായം കൈപ്പറ്റിയത്രേ! നമ്മുടെ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും പതിവു പോലെ പ്രവർത്തിച്ചുവെന്ന് ഇതിൽനിന്നും തെളിയുന്നു. ഇനി തിരിച്ചടയ്ക്കൽ മാമാങ്കമാണ്. 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' പേരിൽ ഒരു സിനിമ കൊട്ടക തകർത്തുകൊണ്ട് ആദ്യ ദിവസം തന്നെ സ്ഥലം വിട്ടിരുന്നു. 'ഇനിയും ലഭിച്ചിട്ടില്ലാത്ത നമ്മൾ' എന്ന പേരിൽ ഒരു ലഘുചിത്രമെടുക്കാനുള്ള എല്ലാ സാധ്യതകളും ഈ ദുരിതാശ്വാസത്തിനുണ്ട്. പക്ഷേ, അതിന്റെ സ്ഥാനം, ഹെലികോപ്ടറിൽ രക്ഷപ്പെടുന്ന പ്രളയ ബാധിതന്റെ മുണ്ടഴിഞ്ഞു പോകുന്നതും 'നൈറ്റി'യുടുത്ത് പെണ്ണിന്റെ നിതംബവുമൊക്കെ എഴുതിയും വരച്ചും ഉണ്ടാക്കുന്ന 'കോമഡി'കൾ ഏറ്റെടുത്തിരിക്കുന്നു. നല്ലൊരു സമരത്തിനും നാലു പുതിയ വോട്ടിനുമുള്ള ചാൻസ് കളഞ്ഞുകുളിച്ചിട്ടാണ് നിലയ്ക്കലിലും പമ്പയിലും ചെന്ന് കുളിക്കാതെ പ്രതിപക്ഷം കുത്തിയിരിക്കുന്നത്.
**** **** ****
പി.എസ്. ശ്രീധരൻ പിള്ള ദ്വിമുഖ വ്യക്തിത്വം വീണ്ടും കാട്ടിത്തുടങ്ങി. ഒന്നാന്തരം നടനാണെന്നും അതു മിമിക്രിയിലാണെന്നും ഈയിടെ തെളിയിച്ചതുകഴിഞ്ഞ്, ഇപ്പോൾ 'ദ്വിമുഖ സമര'ത്തിന് വീരാളിപ്പട്ട് ഞൊറിഞ്ഞുടുക്കുകയാണ്. തച്ചോളി ഒതേനക്കുറുപ്പിനെപ്പോലെ പിള്ളയും തെങ്ങിൽനിന്നു വെടലത്തേങ്ങയിടുമോ എന്നേ കാണാനുള്ളൂ. വെറുതെ പറഞ്ഞതല്ല. മുട്ടുമടക്കില്ലെന്നും ദ്വിമുഖസമരം ആരംഭിക്കുമെന്നും വെൺമണി വക്കീൽ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ പദത്തിൽ നിന്നും അദ്ദേഹത്തിന് മുട്ടിനു നീർവീക്കമോ, തേയ്മാനോ ഉണ്ടെന്നു സംശയിക്കണം. അദ്ദേഹം മല ചവിട്ടാനും മടിക്കുന്നു. ദ്വിമുഖ സമരം എന്നാൽ സംസ്ഥാന കമ്മിറ്റി ഓഫീസിലിരുന്ന് പ്രസ്താവനയെടുത്താണ് ഒന്നാമത്തെ മുഖം. സെക്കന്റ്‌ലി, കേന്ദ്രം ഇടപെടണമെന്ന വിലാപത്തോടെ നാമജപ ഘോഷയാത്രയാണ്- 'സാമി ശരണം, മോഡിജി ശരണം- എന്ന് ഈണത്തിൽ ആലപിക്കും. മറുപണിയൊന്നുമില്ലാത്ത സ്ത്രീജനങ്ങൾ, സ്‌കൂളിൽ പോകാൻ മടിയുള്ള കുട്ടികൾ, റൗഡികൾ, കൈനോട്ടക്കാർ, ഗൂഢശാസ്ത്രക്കാർ, ഒരു പശുവെങ്കിലും സ്വന്തമായുള്ളവർ, സാമൂഹ്യ വിരുദ്ധർ തുടങ്ങി ഏവർക്കും അതിൽ പങ്കുചേരാം. നിന്ദിതരും പീഡതരുമായ ഇത്തരക്കാരാണ് വപ്ലവത്തിന്റെ ശക്തി. കേരളത്തിൽ ആ പണിയേ നടക്കൂ. ഇതിന്റെ ഭാഗമായല്ലെങ്കിലും സമാന്തരമായി വി. മുരളീധരൻ എം.പി എന്ന പ്രസിഡന്റ് സ്ഥാനം കിട്ടാതെ പോയ മാന്യനും ഒന്നു പ്രഖ്യാപിച്ചു: മേലിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിലും വേദി പങ്കിടുകയില്ല! നന്നായി. ചെലവു ചുരുക്കലിന്റെ കാലമാണ്. ചായയും ബിസ്‌കറ്റും ലാഭിച്ചു എന്ന് സംഘാടകർ പ്രതികരിക്കാനാണ് സാധ്യത. കോൺഗ്രസുകാർ 'ഫെളക്‌സി'ലൂടെയാണ് ജീവിച്ചിരിക്കുന്നത്. കരുണയില്ലാത്ത കോടതി അതു തടഞ്ഞു. ബി.ജെ.പിക്കാരുടെ 'പ്രസ്താവനാ ജീവിതം' തടയാൻ ആരുണ്ടെന്ന് കാണട്ടെ!