തിരുവനന്തപുരം-പിണറായി വിജയന്‍ സര്‍ക്കാരില്‍ ഘടകകക്ഷിയായ ജെ.ഡിഎസ് മന്ത്രിയെ മാറ്റുന്നു. മന്ത്രി മാത്യു ടി.തോമസിനോടു സ്ഥാനമൊഴിയാന്‍ ജെ.ഡി.എസ് നേതൃത്വം ആവശ്യപ്പെട്ടു. ചിറ്റൂര്‍ എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്നു ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. നാളെ തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്ന് മാത്യു ടി. തോമസ് പറഞ്ഞു. മന്ത്രിപദവിയില്‍ കടിച്ചുതൂങ്ങി നില്‍ക്കാനോ പാര്‍ട്ടിയെ പിളര്‍ത്താനോ താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയുമായി നടത്തിയ ബംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണു ദേവെഗൗഡയുമായി നടത്തിയത്. ഡാനിഷ് അലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.