പാലക്കാട്- ഫ്‌ളാറ്റില്‍നിന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ യുവതിയെ അറസ്റ്റു ചെയ്തു. ശ്രീകൃഷ്ണപുരം കരിമ്പുഴ പടിഞ്ഞാറേതില്‍ ബഷീറിന്റെ ഭാര്യ ഫസീല (29) യെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. കല്ലേക്കാട് രണ്ടാം മൈലില്‍ ജാഫര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മുഹമ്മദ് റിയാസുദ്ദീന്റെ ഭാര്യ റിസ്‌വാനയുടെ ഫ് ളാറ്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസിലാണ് അറസ്റ്റ്. ഇതേ ഫ് ളാറ്റില്‍ മുകള്‍ നിലയിലാണ് ഫസീലയും കുടുംബവും താമസിച്ചിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച റിസ്‌വാനയും കുടുംബവും ഫ് ളാറ്റ് പൂട്ടി തൃശൂരിലെ ബന്ധു വീട്ടില്‍ പോയിരുന്നു. ഞായറാഴ്ച തിരിച്ചെത്തിയെങ്കിലും, തിങ്കളാഴ്ച അലമാരയിലെ ലോക്കര്‍ തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി മോഷണം പോയതറിഞ്ഞത്. മുന്‍വാതിലോ, പിന്‍വാതിലോ തകര്‍ത്തിരുന്നില്ല. വിവരമറിയിച്ചതനുസരിച്ച് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി. പരാതിക്കാരിയോട് അന്വേഷിച്ചതില്‍ രണ്ടാഴ്ച മുമ്പ് മുന്‍വാതിലിന്റെ താക്കോല്‍ കാണാതായതായി അറിഞ്ഞു. പിന്നീട് ഡ്യൂപ്ലിക്കേറ്റ് താക്കോലാണ് ഉപയോഗിച്ചു വന്നത്. കൂടുതല്‍ അന്വേഷണത്തില്‍ വാതിലില്‍ ഉണ്ടായിരുന്ന താക്കോല്‍ പ്രതി സൂത്രത്തില്‍ കൈക്കലാക്കിയതാണെന്ന് മനസ്സിലായി. ശേഷം വീട്ടുകാര്‍ തൃശൂര്‍ പോയ സമയം വീട് തുറന്ന് അലമാരയില്‍ നിന്നും ആഭരണങ്ങള്‍ എടുത്ത ശേഷം പഴയപടി അലമാര പൂട്ടി വെക്കുകയായിരുന്നു.
പോലീസ് ഫ്‌ളാറ്റിലുള്ള എല്ലാ താമസക്കാരുടെയും, ഫ്‌ളാറ്റുടമയുടെയും മൊഴിയെടുത്തിരുന്നു. ഒരു ഫ്‌ളാറ്റിലെ താമസക്കാരന്‍ കഴിഞ്ഞ ദിവസം മൂന്നു മാസത്തെ വാടക ഒന്നിച്ചു തന്നതായി ഫ്‌ളാറ്റുടമ മൊഴി നല്‍കിയതാണ് സംശയത്തിന് കാരണമായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഫസീല തനിക്ക് 70,000 രൂപ കടം തന്നതായി സമ്മതിച്ചു. തുടര്‍ന്ന് ഫസീലയെ ചോദ്യം ചെയ്തപ്പോള്‍ തന്റെ വീട്ടുകാര്‍ തന്ന പണമാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഫസീലയുടെ ഫോണ്‍ കോള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതിക്ക് ഉത്തരം മുട്ടുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയില്‍ വിറ്റതായും പറഞ്ഞു. തുടര്‍ന്ന് പോലീസ് പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയില്‍ നിന്നും വിറ്റ സ്വര്‍ണം കണ്ടെടുത്തു. കൂടാതെ സ്വര്‍ണം വിറ്റുകിട്ടിയ പണത്തിന്റെ ഒരു ഭാഗവും, മോഷ്ടിച്ചെടുത്ത താക്കോലും ഫസീലയുടെ ഫ്‌ളാറ്റില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
ഫസീലക്കെതിരെ നേരത്തെ ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2014 ല്‍ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലും, ഭര്‍ത്താവിന്റെ മുത്തശ്ശിയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ 2016 ല്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്. വിഷം നല്‍കി കൊന്ന ശേഷം മൃതദേഹം റോഡരികില്‍ തള്ളുകയായിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബഷീറും കൂട്ടുപ്രതിയാണ്. അന്ന് നാട്ടുകല്‍ പോലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ബഷീറും ഭാര്യയും മകനും പിരായിരി, മേപ്പറമ്പ്, കല്ലേക്കാട് എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷമായി വാടകക്ക് താമസിച്ചു വരികയാണ്. ബഷീര്‍ ഹോട്ടല്‍ തൊഴിലാളിയാണ്.