Sorry, you need to enable JavaScript to visit this website.

ജാമ്യവ്യവസ്ഥയില്‍ ഇളവ്; എം.എം. അക്ബറിന് ഖത്തറില്‍ തങ്ങാം

കൊച്ചി- പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. ആറു മാസത്തേക്ക് ഖത്തറില്‍ താമസിക്കാന്‍ അദ്ദേഹത്തിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി.
കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് അക്ബര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ ഇളവുചെയ്തത്. ഖത്തര്‍ പൗരനൊപ്പം ചേര്‍ന്ന് സ്‌റ്റേഷനറി, ലൈബ്രറി ഉല്‍പന്നങ്ങളുടെ ബിസിനസ് തുടങ്ങിയതായും നടത്തിപ്പിന് അവിടെ താമസിക്കേണ്ടതുണ്ടെന്നും അക്ബര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
താമസ സ്ഥലത്തിന്റെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം, ആറുമാസത്തിനിടെ ഹാജരാകാന്‍ നിര്‍ദേശിച്ചാല്‍ തിരിച്ചെത്തണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി യാത്രക്ക് അനുമതി നല്‍കിയത്. പീസ് സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ഥികള്‍ക്ക് തയാറാക്കിയ പാഠപുസ്തകത്തിലെ ഏതാനും ഭാഗങ്ങള്‍ മതസ്പര്‍ധക്ക് ഇടവരുത്തുന്നതാണെന്നായിരുന്നു കേസ്.

 

Latest News