അറാർ - ഉത്തര അതിർത്തി പ്രവിശ്യയിൽ 1050 കോടിയിലേറെ റിയാലിന്റെ വികസന പദ്ധതികൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു.
അറാറിൽ പ്രവിശ്യാ നിവാസികൾ ഒരുക്കിയ ജനകീയ സ്വീകരണത്തിൽ പങ്കെടുത്താണ് രാജാവ് പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും മറ്റു ചില പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരനും ചടങ്ങിൽ സംബന്ധിച്ചു. സ്വീകരണ വേദിയിലെത്തിയ രാജാവിനെ ഹർഷാരവത്തോടെയാണ് ജനസഞ്ചയം സ്വീകരിച്ചത്.
ആകെ 65 വികസന പദ്ധതികൾക്കാണ് രാജാവ് തുടക്കമിട്ടത്. ടൂറിസം, ദേശീയ പൈതൃക വകുപ്പ് 95 ലക്ഷം റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിക്കും ആരോഗ്യ മന്ത്രാലയം 77.3 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 16 പദ്ധതികൾക്കും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം 96.8 കോടി റിയാൽ ചെലവഴിച്ച് പൂർത്തിയാക്കുന്ന എട്ടു പദ്ധതികൾക്കും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം 48.2 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 12 പദ്ധതികൾക്കും തുടക്കമായി. പാർപ്പിടകാര്യ മന്ത്രാലയം 69 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന നാലു പദ്ധതികൾ, വിദ്യാഭ്യാസ മന്ത്രാലയം 209 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 17 പദ്ധതികൾ, ധനമന്ത്രാലയം 26 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി, ഗതാഗത മന്ത്രാലയം 11 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന രണ്ടു പദ്ധതികൾ, ഊർജ, വ്യവസായ മന്ത്രാലയം 456 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന മൂന്നു വൈദ്യുത പദ്ധതികൾ, 50 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന വൈറ്റ് സിമന്റ് പദ്ധതി എന്നിവയാണ് മറ്റു പദ്ധതികൾ.
പ്രശസ്ത ഗായകരായ മുഹമ്മദ് അബ്ദു, റാബിഗ് സ്വഗർ, മാജിദ് അൽമുഹന്ദിസ് എന്നിവർ പങ്കെടുത്ത സംഗീത, ദൃശ്യാവിഷ്‌കാര വിരുന്നും പരമ്പരാഗത നൃത്തരൂപമായ അർദയും ചടങ്ങിൽ അരങ്ങേറി. അർദയിൽ സൽമാൻ രാജാവും പങ്കെടുത്തു. ഉത്തര അതിർത്തി പ്രവിശ്യയിലെ മൂന്നു പ്രതിഭകളെ ചടങ്ങിൽ വെച്ച് രാജാവ് ആദരിച്ചു. കണ്ണുരോഗ വിദഗ്ധയും പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുസാഅദ് ആശുപത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. മൈസാ മുഹമ്മദ് അലി അൽസുവൈലിം, വിദ്യാർഥിനി അസീൽ മുനവ്വർ അൽഅനസി, വിദ്യാർഥി സുലൈമാൻ സൗദ് അൽഅനസി എന്നിവരെയാണ് രാജാവ് ആദരിച്ചത്. രാജാവിന്റെ പര്യടനം പ്രമാണിച്ച് ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ്, തബൂക്ക് പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയിരുന്നു.
പര്യടനം നടത്തിയ മറ്റു പ്രവിശ്യകളിലെ സാമ്പത്തിക കേസ് പ്രതികളെ ജയിലുകളിൽ നിന്ന് വിട്ടയക്കുന്നതിന് ഉത്തരവിട്ടതുപോലെ സാമ്പത്തിക ബാധ്യതകൾ വീട്ടുന്നതിന് കഴിയാതെ ഉത്തര അതിർത്തി പ്രവിശ്യയിലെ ജയിലുകളിൽ കഴിയുന്ന മുഴുവൻ സൗദി തടവുകാരെയും വിട്ടയക്കുന്നതിന് സൽമാൻ രാജാവ് നിർദേശം നൽകി.
പത്തു ലക്ഷം റിയാലിൽ കവിയാത്ത കടങ്ങളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരെയാണ് രാജകാരുണ്യത്തിൽ വിട്ടയക്കുക. ഹായിൽ, അൽഖസീം, തബൂക്ക്, അൽജൗഫ് പ്രവിശ്യകളിലും പത്തു ലക്ഷം റിയാലിൽ കവിയാത്ത സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരെ വിട്ടയക്കുന്നതിന് ഈ പ്രവിശ്യകളിൽ നടത്തിയ സന്ദർശനത്തിനിടെ രാജാവ് നിർദേശിച്ചിരുന്നു.