Sorry, you need to enable JavaScript to visit this website.

കാമുകനെ കൊന്ന് ബിരിയാണിയാക്കിയ കാമുകിയുടെ ക്രൂരത ചുരുളഴിഞ്ഞത് ഇങ്ങനെ

അല്‍ ഐന്‍- കാമുകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി അരിയും ചേര്‍ത്ത് അറേബ്യന്‍ വിഭവമായ മച്ബൂസ് ഉണ്ടാക്കി തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത മൊറോക്കന്‍ യുവതിയുടെ ക്രൂരതകൃത്യം ചുരുളഴിഞ്ഞത് നാടകീയതകള്‍ക്കൊടുവില്‍. മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ അന്വേഷണത്തിനിടെ അല്‍ ഐന്‍ പോലീസ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് പ്രതി മൊറോക്കൊക്കാരിക്കു മേല്‍ കുരുക്ക് മുറുകിയത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകനായ മൊറോക്കോ സ്വദേശി ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്ന് യുവതിയെ അറിയിച്ചിരുന്നു. തന്നെ കാമുകന്‍ വിവാഹം ചെയ്യാന്‍ ഒരുക്കമല്ലാത്തതാണ് യുവതിയുടെ പകയ്ക്കു കാരണമെന്ന് പോലീസ് കണ്ടെത്തി. ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് കാമുകനെ കൊലപ്പെടുത്താന്‍ യുവതി പദ്ധതിയിടുകയായിരുന്നു. യുവാവിനെ കാണാതയാതോടെ അജ്മാനില്‍ കഴിയുന്ന സഹോദരന്‍ അന്വേഷിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്നു. കാണാതായ വിവരം യുവതിയെ അറിയിച്ചു. മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള നീക്കം അറിഞ്ഞതോടെ വീട്ടില്‍ നിന്നും പുറത്താക്കിയതാണെന്നും പിന്നീട് എവിടെ പോയെന്ന് അറിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. 30 വയസ്സിലേറെ പ്രായമുള്ള യുവതി അതില്‍ കുറവ് പ്രായമുള്ള കാമുകനെ സാമ്പത്തികമായും സഹായിച്ചിരുന്നു. 

സംഭവം നടന്നത് ഇങ്ങനെ
കൊലപാതകം നടന്ന ദിവസം യുവതി കാമുകനു വേണ്ടി വീട്ടില്‍ അത്താഴം ഒരുക്കി. ഇതിനിടെ വിവാഹ കാര്യത്തെ ചൊല്ലി ഇരുവരും തര്‍ക്കിച്ചു. ഇത് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ യുവതി നേരത്തെ കരുതി വച്ചിരുന്ന കത്തിയെടുത്ത് കാമുകന്റെ അടിവയറ്റിലും നെഞ്ചിലും കുത്തി. മരണം ഉറപ്പായതോടെ മൃതദേഹം വെട്ടിനുറിക്കി രണ്ടു ബാഗുകളിലാക്കി. ശേഷം ഈ വീട് വിട്ടിറങ്ങി മറ്റൊരു ഔദ് അല്‍ തവാബയില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു. ഇവിടെ വച്ച് മൃതദേഹം ആരുമറിയാതെ ഒഴിവാക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്യാനായിരുന്നു പദ്ധതി. 

പിന്നീട് ആഭരണങ്ങള്‍ വിറ്റ് കത്തികളും ഇറച്ചി നുറുക്കുന്ന വലിയ യന്ത്രവും ഗ്യാസ് അടുപ്പും മറ്റു സാമഗ്രികളും വാങ്ങി വീട്ടിലെത്തിച്ചു. വെട്ടിനുറുക്കിയ മൃതദേഹം പിന്നീട് ഗ്രൈന്‍ഡറിലിട്ട് നുറുക്കിയെടുത്തു. പൊടിഞ്ഞ എല്ലുകളും മറ്റ് അവശിഷ്ടങ്ങളും എടുത്തു മാറ്റി തെരുവിലെ മാലിന്യ കണ്ടെയനറുകളില്‍ ഉപേക്ഷിച്ചു. മാംസം ഉപയോഗിച്ച് മച്ബൂസ് ഉണ്ടാക്കി തൊട്ടടുത്തുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ട്വിസ്റ്റായത് യുവാവിന്റെ പല്ല്
യുവാവിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് സുഹൃത്തുക്കളും സഹോദരനും പരാതിയുമായി പോലീസിനെ സമീപിച്ചത്. സംശയത്തിന്റെ നിഴലിലായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു പലതവണ ചോദ്യം ചെയ്തു. എന്നാല്‍ കാമുകന്‍ എവിടെയാണെന്ന് അറിയില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി കണ്ട വസ്തുക്കളാണ് അന്വേഷണത്തില്‍ ട്വിസ്റ്റായത്. അതിലൊന്ന് അലക്കു പൊടിയുടെ വലിയൊരു കണ്ടെയ്‌നര്‍ ആയിരുന്നു. യുവതി മാത്രം താമസിക്കുന്ന വീട്ടില്‍ ഇത്രയും വലിയ കണ്ടയ്‌നറില്‍ അലക്കു പൊടി എന്തിനു സൂക്ഷിക്കുന്നുവെന്നത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് വീട് അരിച്ചു പെറുക്കി നടത്തിയ തെരച്ചലില്‍ ഒരു പല്ലും അറ്റു പോയ രണ്ട് വിരലുകളും പോലീസിനു ലഭിച്ചു. മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാനായി കൊണ്ടു പോകുമ്പോള്‍ വീണതായിരുന്നു ഇവ. ഡിഎന്‍എ പരിശോധനയിലൂടെ ഇവ കൊല്ലപ്പെട്ട യുവാവിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഈ തെളിവുകള്‍ യുവതിക്കു മുമ്പില്‍ ഹാജരാക്കിയതോടെ യുവതി മോഹാലസ്യപ്പെട്ടു വീണു. പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.

അന്വേഷണത്തില്‍ അയല്‍ക്കാരുടെ മൊഴികളും നിര്‍ണായകമായി. യുവതി ഒറ്റയക്ക് ഫ്‌ളാറ്റില്‍ താമസം തുടങ്ങി നാലം ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ദീര്‍ഘ നേരം ഗ്രൈന്‍ഡര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ശബ്ദം കേട്ടിരുന്നെന്നും അസാധാരണ മാംസത്തിന്റെ മണമുണ്ടായിരുന്നെന്നും അയല്‍ക്കാരി മൊഴി നല്‍കിയതായി ഒരു അറബി പത്രം റിപോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങളോളം ഈ മണം ഉണ്ടായിരുന്നു. പോലീസെത്തി കൊലപാതകം സ്ഥിരീകരിച്ചപ്പോഴാണ് അയല്‍ക്കാരി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.

യുവതിയെ മാനസിക രോഗിയാക്കാനും നീക്കം
കൊലപാതകം തെളിഞ്ഞതോടെ യുവതിക്ക് മാനസിക രോഗമുള്ളതായി സംശയമുണ്ടെന്ന വാദം യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. യുവാവിന്റെ മൃതദേഹം വേവിച്ച് ഭക്ഷണമാക്കി വിളമ്പിയെന്ന വാദവും അഭിഭാഷകന്‍ തള്ളി. മാനസിക രോഗിയെ പോലെ യുവതി പെരുമാറുകയും ചെയ്തിരുന്നു. കൊല നടത്തുമ്പോള്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നെന്നും കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തി. കേസില്‍ 24 സാക്ഷികളെ കൂടി കോടതിയില്‍ വിസ്തരിക്കും. ഡിസംബര്‍ 31നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക.
 

Latest News