കോഴിക്കോട് - മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ കമ്മിഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് ഡെപ്യൂട്ടേഷനിലല്ലെന്നും അദ്ദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നു രാജിവെച്ചിരുന്നുവെന്നും യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
അദീബിന് മന്ത്രി പറഞ്ഞ ശമ്പളം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉണ്ടായിരുന്നില്ലന്നും അദീബിന്റെ രാജി റദ്ദാക്കി പുനപ്രവേശനം നല്‍കാന്‍ ബാങ്കില്‍ ഉന്നത തല ഇടപെടല്‍ നടന്നുവെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ധനകാര്യ കോര്‍പ്പറേഷനില്‍ അദീബിനെ നിമയിച്ചത് ബാങ്കില്‍നിന്ന് രാജിവെച്ചതിനു ശേഷമാണ്. അദീബിന്റെ നിയമന രേഖകള്‍ പൂര്‍ണമായി മന്ത്രിയുടെ ഓഫിസിലേക്ക് മാറ്റിയിരുന്നു. വിവരാവാകാശ നിയമപ്രകാരം രേഖകള്‍ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രി വിഷയത്തില്‍ മൗനം വെടിയണം. ജലീല്‍ നടത്തിയ ക്രമക്കേട് മനസ്സിലാകാത്തത് മുഖ്യമന്ത്രിക്കു മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കും.
അദീബിന്റെ ശമ്പളത്തെ കുറിച്ച് മന്ത്രി ജലീല്‍ പറഞ്ഞത് തട്ടിപ്പാണ്. പ്രതിമാസം 1,10,000 രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ലഭിച്ചിരുന്നില്ല. മൊത്തം ശമ്പളമായി 85,664 രൂപ മാത്രമാണ് ലഭിച്ചത്. ഇതു വ്യക്തമാക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പേ സ്ലിപ്പുമായാണ് ഫിറോസ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്.
പെട്രോള്‍, ഡീസല്‍ അലവന്‍സ്, ന്യൂസ് അലവന്‍സ്, എന്റര്‍ടെയ്ന്‍മെന്റ് അലവന്‍സ്, ക്ലെന്‍സിങ് അലവന്‍സ്, ആന്വല്‍ വെഹിക്കിള്‍ എയ്ഡ്, ആന്വല്‍ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ന്യൂനപക്ഷ ധനകാര്യ കമ്മിഷനില്‍ നിയമിതനായി അടുത്തയാഴ്ച തന്നെ അദ്ദേഹം ആവശ്യപ്പെട്ടു.
ഇതു സംബന്ധമായി മന്ത്രി കൈയൊപ്പിട്ട രണ്ട് സുപ്രധാന നോട്‌സ് ധനകാര്യ മന്ത്രാലയത്തില്‍ ഉണ്ട്. അവിടെ അന്വേഷിക്കുമ്പോള്‍ അത് ന്യൂനപക്ഷ മന്ത്രാലയത്തില്‍ ആണെന്നാണ് മറുപടി. എന്നാല്‍ കംപ്യൂട്ടറില്‍ നോക്കുമ്പോള്‍ അത് മന്ത്രിയുടെ അടുത്തെന്നാണ് അറിയുന്നത്. അതുകൂടി ലഭിച്ചുകഴിഞ്ഞാല്‍ ഈ വിഷയത്തില്‍ കോടതിയില്‍ പോകുന്നതിന് തടസ്സമില്ലെന്നാണ് നിയമോപദേശം ലഭിച്ചതെന്നും പി.കെ. ഫിറോസ് പറഞ്ഞു.