കള്ളപ്പണം അപ്രത്യക്ഷമാവുകയും സർക്കാരിന്റെ വരുമാനം വർധിക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചിരുന്നവർ ഇപ്പോഴും തങ്ങൾക്കു പറ്റിയ അമളി സമ്മതിക്കാൻ തയാറല്ല. അതുകൊണ്ടാണ് വായ്പ നൽകി വോട്ട് പിടിച്ചുനിർത്താനുള്ള ശ്രമം. അത് രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. ക്ഷയിച്ചുപോയ പഴയ തറവാടുകളുടെ കാര്യം പറഞ്ഞതുപോലെ അവസാനം ഉത്തരവും കഴുക്കോലും ഊരി വിൽക്കുകയാണോ?
ശബരിമല വിഷയത്തിൽ മുങ്ങിക്കിടക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കാതിരുന്ന ഒരു വാർത്തയാണ് റിസർവ് ബാങ്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആർ.ബി.ഐയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ വരുതിക്ക് കൊണ്ടുവന്നിരിക്കുന്നു. അതായത് റിസർവ് ബാങ്കിന്റെ കൈവശമുള്ള കരുതൽ ധനത്തിൽനിന്ന് നല്ലൊരു പങ്ക് രാഷ്ട്രീയ ലക്ഷ്യം വെച്ച് സർക്കാർ ഉദ്ദേശിക്കുന്ന പദ്ധതികൾക്കായി കൊടുക്കാൻ ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേൽ സമ്മതിക്കുന്നു. മുംബൈയിൽ ഒമ്പത് മണിക്കൂർ നീണ്ട റിസർവ് ബാങ്കിന്റെ മാരത്തൺ ഡയറക്ടർ ബോർഡ് യോഗം ഇതുസംബന്ധിച്ച് ധാരണയോടെയാണ് പിരിഞ്ഞത്. ഇക്കാര്യത്തിൽ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങില്ലെന്നും ഉർജിത് പട്ടേൽ രാജിവെച്ചേക്കുമെന്നുമെല്ലാം വാർത്തയുണ്ടായിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല. രാജിവെക്കുന്നെങ്കിൽ രാജിവെക്കട്ടെ എന്നുതന്നെയായിരുന്നു സർക്കാരിന്റെ നിലപാട് എന്ന് മനസ്സിലാക്കി ഉർജിത് പട്ടേൽ ആയുധം വെച്ച് കീഴടങ്ങി.
ഇനി എന്താണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണമെന്ന് നോക്കാം. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ വിത്തെടുത്ത് കുത്തുന്നതുപോലുള്ള നടപടിക്ക് കേന്ദ്ര സർക്കാർ മുന്നോട്ടുവന്നു എന്നതാണത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽനിന്ന് മൂന്നര ലക്ഷം കോടിയോളം സർക്കാർ ആവശ്യപ്പെട്ടതാണ് തുടക്കം. കൃഷി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന മേഖലയായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.യു) വായ്പ ലഭ്യമാക്കാനാണെന്നാണ് പറയുന്നത്. ബി.ജെ.പിയുടെ വോട്ട് ബാങ്ക് എന്ന് പറയാവുന്ന ഈ സംരംഭകരിൽ ഭൂരിഭാഗവും വലിയ പ്രതിസന്ധി നേരിടുകയാണിപ്പോൾ. നോട്ട് നിരോധനവും, ജി.എസ്.ടിയുമാണ് അതിന് പ്രധാന കാരണം. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ അവർക്ക് ബാങ്കുകളിൽനിന്ന് വായ്പ കിട്ടുന്നില്ല. റിസർവ് ബാങ്കിന്റെ കർശന നിയന്ത്രണമുള്ളതിനാൽ തിരിച്ചടവിൽ ഉറപ്പില്ലാത്തവർക്ക് വായ്പ നൽകാൻ രാജ്യത്തെ 11 പ്രമുഖ ബാങ്കുകൾക്ക് കഴിയുന്നില്ല. ആ ബാങ്കുകൾക്ക് വ്യവസ്ഥകൾ ഉദാരമാക്കിക്കൊടുക്കണം. പുറമെ വായ്പ നൽകാൻ കൊടുക്കാൻ കരുതൽ ധനത്തിൽനിന്ന് പണവും നൽകണം.
ഇതിലെന്ത് തെറ്റ് എന്ന് ചോദിക്കാം. രാജ്യത്തെ സാധാരണക്കാർക്കുവേണ്ടിയല്ലേ സർക്കാർ ഇടപെടുന്നതെന്ന് വാദിക്കാം.
എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറയാണ് മെച്ചപ്പെട്ട കരുതൽ കരുതൽ ശേഖരം എന്നതാണ് വാസ്തവം. മാന്ദ്യം പോലുള്ള കടുത്ത പ്രതിസന്ധികൾ വരുമ്പോൾ വിപണിയിലേക്ക് ഒഴുക്കിവിട്ട് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ ഉപയോഗിക്കേണ്ട പണമാണത്. ലോകത്ത് ഏറ്റവുമധികം വളർച്ച നേടിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് സർക്കാർ വാദിക്കുന്ന വേളയിൽതന്നെ ഈ കരുതൽ ശേഖരം പുറത്തെടുക്കാൻ പറയുന്നുണ്ടെങ്കിൽ സത്യത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമല്ലേ? ഇവിടെയാണ് സർക്കാരിന്റെ ഉദ്ദേശ്യത്തിൽ സംശയമുയരുന്നത്.
സ്വാഭാവികമായും റിസർവ് ബാങ്ക് ഗവർണർ സർക്കാരിന്റെ ആവശ്യത്തെ എതിർത്തു. അപ്പോഴാണ് റിസർവ് ബാങ്കിനെ വരുതിയിൽ നിർത്താൻ ആർ.ബി.ഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് ആർ.ബി.ഐയുടെ നിർണായക ഡയറക്ടർ ബോർഡ് യോഗം ചേർന്നതും. യോഗത്തിൽ സർക്കാർ പക്ഷത്തിനായിരുന്നു മുൻതൂക്കം. എസ്. ഗുരുമൂർത്തി, സുഭാഷ് ചന്ദ്ര ഗാർഗ്, രാജീവ് കുമാർ തുടങ്ങിയ അംഗങ്ങൾ സർക്കാരിന്റെ താൽപര്യങ്ങൾ ബോർഡിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകി. ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ അടക്കം നാല് പേർ മാത്രമേ ഉർജിത് പക്ഷത്തുണ്ടായിരുന്നുള്ളു.
യോഗം കഴിഞ്ഞതോടെ സർക്കാരിനായി വിജയം, അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്. കരുതൽ ധനശേഖരത്തിൽനിന്ന് വൈകാതെ ഒരു ലക്ഷം കോടി രൂപ ആർ.ബി.ഐ വായ്പാ മേഖലയിലേക്ക് ഒഴുക്കും. എം.എസ്.എം.യു വിഭാഗമായിരിക്കും അതിന്റെ ഗുണഭോക്താക്കൾ. മുമ്പ് 25 കോടി രൂപവരെ വായ്പ ലഭിക്കുകയും തിരിച്ചടവിൽ വീഴ്ച വരുത്തുകയും ചെയ്തവർക്കുപോലും വീണ്ടും വായ്പ എടുക്കാൻ കഴിയുംവിധം വ്യവസ്ഥകൾ ഉദാരമാക്കുകയും ചെയ്യും. രാജ്യത്ത് ആറ് മുതൽ ഏഴ് കോടി ഇത്തരം ചെറുകിട സംരംഭങ്ങൾ ഉണ്ടെന്നാണ് കണക്ക്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം പാർട്ടിയുടെ വോട്ട് ബാങ്കാണ് ഈ വിഭാഗം. വേണ്ടവിധം സഹായിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ അവർ തിരിയില്ലേ.
എന്നാൽ സമ്പദ് വ്യവസ്ഥയുടെ അടിത്തറ മാന്തുന്ന പരിപാടിയാണിതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുദ്ര പദ്ധതിയിലൂടെ ആയിരക്കണക്കിന് കോടി രൂപ മുമ്പ് വായ്പ നൽകിയിട്ടുണ്ട് സർക്കാർ. അതിൽ വലിയൊരു പങ്കും എത്തിയത് ഇത്തരം സംരംഭകർക്കാണ്. മുദ്ര പദ്ധതിയിൽ തിരിച്ചടവ് തുലോം കമ്മിയാണുതാനും. ഇത് ബാങ്കുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിജയ് മല്യ, നീരവ് മോഡി തുടങ്ങിയ വമ്പൻ സ്രാവുകൾ വല പൊട്ടിച്ചുപോയതോടെ തന്നെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ സർക്കാർ പദ്ധതികൾക്കായി നൽകുന്ന വായ്പകളും തിരിച്ചുവരാതിരുന്നാൽ സ്ഥിതി ഗുരുതരമാവും. അമേരിക്കയിൽ പത്ത് വർഷം മുമ്പുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം ബാങ്കിംഗ് മേഖലയിലെ തകർച്ചയെ തുടർന്നായിരുന്നു. ഇങ്ങനെ പോയാൽ സമാന സാഹചര്യം ഇന്ത്യയിൽ ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാസ്തവത്തിൽ മോഡിയുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
രണ്ട് വർഷം മുമ്പ് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ മൂന്ന്- നാല് ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഖജനാവിൽ തിരിച്ചെത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. എന്നാൽ നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയതോടെ പരിപാടി അമ്പേ പാളി. അതിനുപിന്നാലെയാണ് സർക്കാരിന്റെ നികുതി വരുമാനം കുത്തനെ കൂട്ടുമെന്ന പ്രതീക്ഷയിൽ നടപ്പാക്കിയ ജി.എസ്.ടി. കച്ചവടക്കാരും ഇടത്തരക്കാരും കൃത്രിമത്തിലൂടെ നേട്ടമുണ്ടാക്കിയെന്നല്ലാതെ സർക്കാരിന് ഉദ്ദേശിച്ച പോലുള്ള നികുതി വരുമാന വർധനവുണ്ടായില്ല.
കള്ളപ്പണം അപ്രത്യക്ഷമാവുകയും സർക്കാരിന്റെ വരുമാനം വർധിക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചിരുന്നവർ ഇപ്പോഴും തങ്ങൾക്കു പറ്റിയ അമളി സമ്മതിക്കാൻ തയാറല്ല. അതുകൊണ്ടാണ് വായ്പ നൽകി വോട്ട് പിടിച്ചുനിർത്താനുള്ള ശ്രമം. അത് രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. ക്ഷയിച്ചുപോയ പഴയ തറവാടുകളുടെ കാര്യം പറഞ്ഞതുപോലെ അവസാനം ഉത്തരവും കഴുക്കോലും ഊരി വിൽക്കുകയാണോ?