പത്തനംതിട്ട- ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വധശ്രമത്തിനും ഗുഢാലോചനക്കും കേസ്. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രനെ 12ാം പ്രതിയാക്കി റാന്നി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ചിത്തിര ആട്ടവിശേഷത്തിന്റെ സമയം പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ ആക്രമിച്ചെന്ന കേസിലാണ് കെ.സുരേന്ദ്രനെതിരെ പുതിയ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണ് സന്നിധാനം പോലീസ് ചുമത്തിയിരിക്കുന്നത്. ലളിതയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ ഗൂഢാലോചന വ്യക്തമാണെന്നാണ് പോലീസ് പറയുന്നു.
സുരേന്ദ്രന് പുറമേ ആര്‍.എസ്.എസ് നേതാവ് വത്സ തില്ലങ്കേരി, ബി.ജെ.പി നേതാവ് വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരും കേസില്‍ പ്രതികളാണ്.
കെ. സുരേന്ദ്രനും മറ്റു രണ്ടു പേര്‍ക്കും സന്നിധാനത്ത് വിരിപ്പന്തലില്‍ ശരണം വിളിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡിലായിരുന്ന 69 പേര്‍ക്കും ബുധനാഴ്ച മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 20,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും റാന്നി താലൂക്കില്‍ രണ്ടു മാസം പ്രവേശിക്കാന്‍ പാടില്ലെന്നും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നുമുള്ള വ്യവസ്ഥയിലുമാണ് ജാമ്യം. കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വാറണ്ടുള്ളതിനാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കര സബ്ജയിലിലുള്ള സുരേന്ദ്രനെ കണ്ണൂരിലെ കേസില്‍ 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദേശം.