കൊച്ചി- കഴിഞ്ഞ ദിവസം അന്തരിച്ച വയാനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. വ്യാഴാഴ്ച രാവിലെ പത്തരയോടെ കൊച്ചി കലൂര്‍ തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി വളപ്പിലായിരുന്നു ഖബറടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എന്നിവരടക്കം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ബന്ധുക്കളും അടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കരള്‍ രോഗബാധിതനായി ചെന്നൈയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഷാനവാസ് ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം ശ്വാസം വലിച്ചത്. ഇന്നലെ ഉച്ചയോടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. എറണാകുളം നോര്‍ത്തിലെ ഷാനവാസിന്റെ വീട്ടിലും ടൗണ്‍ഹാളിലും പൊതു ദര്‍ശനത്തിനു വച്ചു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി ജയരാജന്‍, മാത്യും ടി. തോമസ്, വി.എസ് സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരടക്കം പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.