ന്യുദല്‍ഹി- തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നിയമ സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതി തന്നെ അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ഷാജിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നിലവിലുള്ളതിനാല്‍ എം.എല്‍.എ ആയി തുടരാനാകില്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് ഉത്തരവല്ല. ചീഫ് ജസ്റ്റിന്റെ നിരീക്ഷണമാണ്. ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. നിയമസഭാ സമ്മേളനം നവംബര്‍ 27ന് തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ഷാജി കോടതിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം നിയമസഭാ സമ്മേളനത്തിനു മുമ്പ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് നല്‍കാതിരിക്കുകയോ ഹൈക്കോടതി സ്റ്റേ കാലാവധി നീട്ടാതിരിക്കുകയോ ചെയ്താല്‍ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകുമോ എന്നതു സംബന്ധിച്ച് അവ്യക്തക ഉണ്ട്. കോടതിയുടെ ഔദ്യോഗിക ഉത്തരവു മാത്രമെ സഭയില്‍ സ്പീക്കര്‍ അംഗീകരിക്കുകയുള്ളൂ. ഇന്ന് സുപ്രീം കോടതി നടത്തിയിരിക്കുന്നത് നീരീക്ഷണമാണ്. ഇക്കാര്യം ഉത്തരവില്‍ ഇല്ല.
അഴീക്കോട് മണ്ഡലത്തില്‍ ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി എം.പി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തത്. ഈ ഉത്തരവ് ഹൈക്കോടതി മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. ഈ സ്റ്റേ നാളെ തീരും. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി സുപ്രീം കോടതിയെ സമീപിച്ചത്.