കരിപ്പൂര്‍- കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ വിശ്വജിത്ത് സിങിന്റെ വാടകവീട്ടില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡിലെ ചത്ര ജില്ല സ്വദേശിനി ഫാത്തിമ ഖാത്തൂന്‍ (28) ആണ് മരിച്ച യുവതിയെന്നും ഇവരുടെ സഹോദരനുമായി ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് അറിയിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശിയായ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിശ്വജിത്ത് സിങിന്റെ കാമുകിയാണ് മരിച്ച യുവതി. ഒരു വര്‍ഷത്തിലേറെയായി ഇരുവരും ഇവിടെ ഒന്നിച്ചു കഴിയുകയായിരുന്നെങ്കിലും യുവതിയുടെ പേരോ വിലാസമോ ഈ ഉദ്യോഗസ്ഥന്‍ പോലീസിനു നല്‍കിയിരുന്നില്ല. കരിപ്പൂര്‍ ഉണ്യാലുങ്ങലിലെ വിശ്വജിത്ത് സിങിന്റെ വാടക വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഫാത്തിമയുടെ ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇവയില്‍ ഒന്നില്‍ ജാര്‍ഖണ്ഡിലെ വിലാസവും മറ്റൊന്നില്‍ യുപിയിലെ വിലാസവുമാണ് ഉള്ളത്. ഇതുപയോഗിച്ചും യുവതിയുടെ ഫോണിലെ നമ്പറുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയതെന്ന് കരിപ്പൂര്‍ എസ്.ഐ എം.പി ഇബ്രാഹിം പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ് അലബാബാദില്‍ വച്ചാണ് വിശ്വജിത്ത് സിങും യുവതിയും പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മകളെ കാണാനില്ലെന്ന് ഫാത്തിമയുടെ പിതാവ് വാരണസിയിലെ നയന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരായ ഫാത്തിമ വിശ്വജിത്തിനൊപ്പം പോകുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് നിഷ ഫാത്തിമ എന്നു പേരുമാറ്റി. ഈ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാക്കിയിട്ടുണ്ട്.
2014ല്‍ വിശ്വജിത്ത് സിങ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെ ഫാത്തിമയുമായി അകന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് കരിപ്പൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ ഭാര്യയെ നാട്ടിലേക്കയച്ച് വിശ്വജിത്ത് സിങ് ഫാത്തിമയെ കൂടെ താമസിപ്പിക്കുകയായിരുന്നു.
നവംബര്‍ നാലിന് വിശ്വജിത്ത് സിങ് നാട്ടിലേക്കു പോയിരുന്നു. മരിച്ച ഫാത്തിമയുടെ ഇവിടെ നിന്നും പോയിരുന്നു. എന്നാല്‍ 19ന് വിശ്വജിത്ത് സിങ് ഭാര്യയുമായി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കരിപ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ദിവസങ്ങളോളം പഴക്കമുളള മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.