റിയാദ്- വിദേശത്ത് ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ജനുവരി മുതലാണ് വ്യക്തിഗത, തൊഴില്‍ വിവരങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. പുതിയ തൊഴില്‍ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും റീ എന്‍ട്രിയില്‍ പോയി മടങ്ങുന്നവര്‍ക്കും ഇത് ബാധകമാണ്. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആര്‍ക്കും ഇതില്‍നിന്ന് ഒഴിവില്ല.
ഗള്‍ഫ് രാജ്യങ്ങളടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ ഇ-മൈഗ്രേറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എംബസിയുടെ മാര്‍ഗനിര്‍ദേശം.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, മലേഷ്യ, ലബനോന്‍, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, ദക്ഷിണ സുഡാന്‍, സിറിയ, തായ്‌ലന്റ്, യെമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി തേടി യാത്ര ചെയ്യാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.എന്‍.ആര്‍) നേരത്തെതന്നെ ബാധകമാക്കിയതാണ്. വിദേശ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷം താമസിച്ചവര്‍ക്ക് ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പ്രസ്തുത പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ എംബസിയും പാസ്‌പോര്‍ട്ട് ഓഫീസുകളും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിയമം കര്‍ശനമാക്കിയതോടെ ഈ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന എല്ലാവരും ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടുള്ളവരായി മാറി. ഇതിന് ശേഷമാണ് മന്ത്രാലയം വ്യക്തിഗത, തൊഴില്‍ വിവരങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി ആദ്യഘട്ടമെന്ന നിലയിലാണ് മന്ത്രാലയം ഈ രാജ്യങ്ങളിലേക്ക് മാത്രമായി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. വൈകാതെ മറ്റു രാജ്യങ്ങളിലേക്ക് കൂടി ഈ വ്യവസ്ഥ ബാധകമാക്കും. 2017 ഡിസംബര്‍ മുതല്‍ ഇ.സി.എന്‍.ആര്‍ രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും മന്ത്രാലയം നിര്‍ബന്ധിച്ചിരുന്നില്ല. എന്നാല്‍ ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത ആര്‍ക്കും ഇന്ത്യന്‍ എമിഗ്രേഷന്‍ വിഭാഗം വഴി യാത്രാനുമതി ലഭിക്കില്ല. നാട്ടില്‍ നിന്നുള്ള യാത്രയുടെ 24 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതാണ് വ്യവസ്ഥ.
പാസ്‌പോര്‍ട്ട് ഉടമ തന്നെയാണ് ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. www.emigrate.gov.in വെബ്‌സൈറ്റില്‍ ഇ.സി.എന്‍.ആര്‍ എന്ന ഭാഗം ക്ലിക്ക് ചെയ്താല്‍ ആദ്യം മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ആവശ്യപ്പെടും. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നമ്പറാണ് ഇതില്‍ നല്‍കേണ്ടത്. അതില്‍ വരുന്ന ഒ.ടി.പി ഉപയോഗിച്ച് അടുത്ത പേജിലേക്ക് പ്രവേശിക്കാം. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ നമ്പര്‍, സംസ്ഥാനം, ജില്ല, ജോലി, പോകുന്ന രാജ്യം, പ്രൊഫഷന്‍, വിസ, അത്യാവശ്യഘട്ടങ്ങളില്‍ നാട്ടിലും മറുനാട്ടിലും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, അഡ്രസ്, തൊഴില്‍ ദാതാവിന്റെ പേര്, സ്ഥാപനത്തില്‍ ബന്ധപ്പെടാവുന്ന ഒരു വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിച്ചാല്‍ കണ്‍ഫര്‍മേഷന്‍ സന്ദേശം മൊബൈല്‍ ഫോണിലെത്തും. പുതിയ തൊഴില്‍ വിസക്കാര്‍ റിക്രൂട്ടിംഗ് ഏജന്‍സി മുഖേനയാണ് പോകുന്നതെങ്കില്‍ ഏജന്റിന്റെ പേരും നല്‍കേണ്ടതുണ്ട്. നാട്ടിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിദേശത്ത് നിന്നും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒരു വിസയില്‍ എത്രകാലം വിദേശ രാജ്യത്ത് തുടര്‍ന്നാലും ഒരിക്കല്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.