ശബരിമല- കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മടങ്ങിപ്പോകുന്നതിനിടെ മന്ത്രിയുടെ വാഹന വ്യൂഹത്തിലെ അവസാന കാര്‍ പോലീസ് തടഞ്ഞു. പമ്പ കെ.എസ്.ആര്‍.ടി സി ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ ഈ കാറിലുണ്ടെന്ന് സംശയിച്ചാണ് പോലീസ് തടഞ്ഞ് പരിശോധന നടത്തിയത്. എന്നാല്‍ പോലീസ് തിരയുന്ന ആള്‍ ഈ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഈ കാറിലുള്ളവര്‍ മന്ത്രിയെ വിളിച്ചു വരുത്തിയതോടെ പോലീസും മന്ത്രിയുടെ കൂടെയുള്ളവരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. എന്താണു സംഭവിച്ചതെന്ന് പോലീസ് മന്ത്രിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യം മന്ത്രിക്ക് എഴുതി നല്‍കിയെന്നും പോലീസ് പറഞ്ഞു.
കേന്ദ്ര മന്ത്രിയുടെ വാഹനം പോലീസ്് തടഞ്ഞെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ വാഹനം തടയുകയും അബദ്ധം സമ്മതിച്ച പോലീസ് മാപ്പ് എഴുതി നല്‍കിയെന്നും വിവരമുണ്ടായിരുന്നു. മൂന്ന് വാഹനങ്ങളാണ് മന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. മൂന്നാമത്തെ വാഹനം വൈകിയാണ് എത്തിയത്. ഇതെ തടുര്‍ന്നാണ് പോലീസ് ഈ വാഹനം തടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മന്ത്രി തിരികെ ഈ വാഹനത്തിനടുത്തേക്ക് വന്നു പോലീസിനോട് കാര്യമന്വേഷിച്ചു. എന്നാല്‍ തടഞ്ഞ കാറിലുണ്ടായിരുന്നവര്‍ മന്ത്രിയെ വിളിച്ചു വരുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
പമ്പയിലെ സുരക്ഷാ ചമുതലയുള്ള എസ്.പി ഹിശങ്കര്‍ എത്തിയാണ് മന്ത്രിയെ കാര്യങ്ങള്‍ ബോധിപ്പിച്ചത്. ഇവിടെ വാഹന പരിശോധന സാധാരണ നടപടിയാണെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു. ഹരിവരാസനം പാടി നട അടച്ചതിനു ശേഷമാണ് മന്ത്രിയും സംഘവും മലയിറങ്ങിയത്. രാത്രി 10ന് സന്നിധാനം പോലീസ് സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തിയവര്‍ക്കൊപ്പവും മന്ത്രി ചേര്‍ന്നിരുന്നു.