Sorry, you need to enable JavaScript to visit this website.

ചെറുകിട സ്ഥാപനങ്ങൾ ഡിസം. 20ന് മുമ്പ്  വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം

റിയാദ്- പ്രതിവർഷം 3,75,000 റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ ഡിസംബർ 20ന് മുമ്പ് മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സകാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനകം വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. 
കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ് സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നിലവിൽ വന്നത്. പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20ന് മുമ്പായി നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യണമൊയിരുന്നു വ്യവസ്ഥ. പ്രതിവർഷ വരുമാനം 10 ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ 2018 ഡിസംബർ 20നു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മതി. പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യുക നിർബന്ധമാണ്. ഇതിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമല്ല. 
മൂല്യവർധിത നികുതി നിലവിൽവന്ന ശേഷം സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ നൂറു കണക്കിന് സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികളും സ്ഥാപനങ്ങളും വാറ്റ് ഈടാക്കൽ, അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ വാറ്റ് ഈടാക്കുന്നതിൽ കൃത്രിമങ്ങൾ നടത്തൽ പോലുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 
പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്താത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
തങ്ങൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മൂല്യവർധിത സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപങ്ങളാണോയെന്ന് അറിയുന്നതിനും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് സകാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഈയാവശ്യത്തിന് സകാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ കോൾ സെന്ററിൽ 19993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.

Latest News