സകാക്ക - അൽജൗഫ് പ്രവിശ്യയിൽ ആയിരം കോടിയിലേറെ റിയാലിന്റെ വികസന പദ്ധതികൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ആകെ 242 വികസന പദ്ധതികൾക്കാണ് രാജാവ് തുടക്കമിട്ടത്. ഇതിൽ ചില പദ്ധതികൾ രാജാവ് ഉദ്ഘാടനം ചെയ്തു. മറ്റു പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിച്ചു. അൽജൗഫിൽ ഒരുക്കിയ പൗരസ്വീകരണത്തിൽ പങ്കെടുത്താണ് വികസന പദ്ധതികൾക്ക് രാജാവ് സമാരംഭം കുറിച്ചത്.
ആരോഗ്യ മന്ത്രാലയം 31 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 21 പദ്ധതികൾ, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ 68 കോടിയുടെ 77 പദ്ധതികൾ, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ 15 പദ്ധതികൾ, ഊർജ, വ്യവസായ മന്ത്രാലയം 186 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന വ്യവസായ, വൈദ്യുതി പദ്ധതികൾ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ 100 കോടിയുടെ 11 പദ്ധതികൾ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 420 കോടിയുടെ 82 പദ്ധതികൾ, അൽജൗഫ്, ഖുറയ്യാത്ത് എയർപോർട്ടുകളുടെ വികസനം അടക്കം ഗതാഗത മന്ത്രാലയം 127 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന 22 പദ്ധതികൾ, സൗദി അറേബ്യൻ റെയിൽവെ കമ്പനി 404 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന തെക്കു, വടക്കുപാതയിലെ പദ്ധതികൾ എന്നിവ രാജാവ് തുടക്കമിട്ടവയിൽ ഉൾപ്പെടും.
കിംഗ് സൽമാൻ പുനരുപയോഗ ഊർജ പദ്ധതിയുടെ ആദ്യ ഘട്ടമായ സകാക്ക സൗരോർജ പദ്ധതിയും കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ദോമത്തുൽജന്ദൽ പദ്ധതിയും രാജാവ് ഉദ്ഘാടനം ചെയ്തു.
സകാക്ക, ദോമത്തുൽജന്ദൽ പദ്ധതികൾ 210 കോടി റിയാൽ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.
ആറു ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് സകാക്ക സൗരോർജ പദ്ധതി. ഇതിൽ സ്വകാര്യ മേഖല 100 കോടിയിലേറെ റിയാൽ മുതൽ മുടക്കും. 45,000 ഭവനങ്ങൾക്ക് ആവശ്യമായ 300 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് സകാക്ക സൗരോർജ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗരോർജത്തിലൂടെ 200 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സകാക്ക പദ്ധതി. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള സൗദിയിലെ ആദ്യ പദ്ധതിയാണ് ദോമത്തുൽജന്ദലിൽ നടപ്പാക്കുന്നത്. 70,000 ഭവനങ്ങൾക്ക് ആവശ്യമായ 400 മെഗാവാട്ട് വൈദ്യുതി ദോമത്തുൽജന്ദൽ പദ്ധതിയിൽ ഉൽപാദിപ്പിക്കും.
സാഹിത്യ, ശാസ്ത്ര പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകുന്ന അബ്ദുറഹ്മാൻ ബിൻ അഹ്മദ് അൽസുദൈരി ഫൗണ്ടേഷനെ ചടങ്ങിൽ രാജാവ് ആദരിച്ചു. ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഡോ. സിയാദ് അബ്ദുറഹ്മാൻ അൽസുദൈരി രാജാവിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സ്തനാർബുദ പ്രതിരോധ പ്രചാരണങ്ങൾക്കുള്ള ഏറ്റവും പ്രായം കുറഞ്ഞ അംബാസഡർ പട്ടവും അഞ്ചാമത് വികലാംഗ സമ്മേളന അംബാസഡർ പട്ടവും ലഭിച്ച വിദ്യാർഥിനി ഗലാ ബിൻത് അബ്ദുല്ല അൽഖലഫ് അൽശാഇലിനെയും രാജാവ് ആദരിച്ചു.
സൽമാൻ രാജാവിന്റെ പ്രവിശ്യാ സന്ദർശനത്തോടനുബന്ധിച്ച് ത്വബർജലിലും ദോമത്തുൽജന്ദലിലും ഖുറയ്യാത്തിലും സുവൈറിലും തത്സമയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ ജനകീയ സ്വീകരണ വേദിയിൽ പ്രദർശിപ്പിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അൽജൗഫ് ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.