കേരള സമൂഹം ആശങ്കയോടെയാണ് കുറച്ചു നാളുകളായി ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരം നോക്കിക്കാണുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും അടങ്ങുന്ന സംഘപരിവാര്‍ സംഘടനകള്‍ ഈ സമരത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള മികച്ച അവസരമായാണ് കാണുന്നതെന്ന് വ്യക്തമായതാണ്. ഒരു വര്‍ഗീയ ധ്രുവീകരണമാണിപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പല കോണുകളില്‍ നിന്നും ആശങ്ക ഉയരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ചൊല്ലിയും തര്‍ക്കം രൂക്ഷമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും ശബരിമല സമരം സര്‍ക്കാരിനെതിരായ മികച്ച അവസരമായാണ് എടുത്തിട്ടുള്ളത്. ഇതോടെ പ്രത്യക്ഷത്തില്‍ ഒരു പക്ഷത്ത് സര്‍ക്കാരും എതിര്‍പക്ഷത്ത് മറ്റെല്ലാ കക്ഷികളും ഒന്നിക്കുകയും ചെയ്ത സ്ഥിതിവിശേഷമാണുള്ളത്. ഇരു കൂട്ടരും വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെടുമ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി നടപ്പാക്കുകയാണ് ജനാധിപത്യ ഭരണകൂടമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തമെന്ന് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരും നിലപാട് വ്യക്തമാക്കുന്നു.
എന്നാല്‍ സമരം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പുറത്തു വന്ന പല നേതാക്കളുടേയും നിലപാടുകളും നീക്കങ്ങളും ചിരിക്കാന്‍ നല്ല വക നല്‍കുന്നുണ്ട്. പതിവു പോലെ സമൂഹമാധ്യമങ്ങളിലെ ട്രോള്‍ പേജുകളും ഇതൊരു സുവര്‍ണാവസരമായാണ് എടുത്തിട്ടുള്ളത്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടുകളും അവയിലെ സമാനതകളും ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗവും നിലപാടു മാറ്റങ്ങളുമാണ് ട്രോളുകളായി ചിരി പടര്‍ത്തിക്കൊണ്ടിരിക്കുന്നുത്. അവയില്‍ ചിലത് നോക്കാം...
ബുധനാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രിയും തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബി.ജെ.പി നേതാവുമായ പൊന്‍ രാധാകൃഷ്ണനാണ് ഏറ്റവുമൊടുവില്‍ ട്രോളിനിരയായത്. ശബരിമലയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിട്ട് ട്രാഫിക് കുരുക്കും അപകടം വല്ലതും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന എസ്.പി സതീഷ് ചന്ദ്രയുടെ ചോദ്യത്തിനു മുന്നില്‍ മുട്ടിയ കേന്ദ്ര മന്ത്രി പല ഗ്രൂപ്പുകളിലും ട്രോളുകളായി നിറഞ്ഞോടുകയാണ്.
ശ്രീധരന്‍ പിള്ളയുടെ നിലപാടുകളാണ് മറ്റൊരു തമാശ. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് ഇപ്പോള്‍ സമരം നടക്കുന്നതെന്ന് വ്യക്തമാണ്. സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവര്‍ ആസൂത്രിതമായി ശബരിമലയിലെത്തി ഭക്തരെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. ആര്‍.എസ്.എസ് നേതൃത്വത്തില്‍ ആസൂത്രിതമായാണ് ഈ സമരം നടക്കുന്നതെന്നും പിന്നീട് വ്യക്തമായി. എന്നാല്‍ സമരം പലഘട്ടങ്ങളും മാറിമാറി വരികയും പോലീസ് നടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്തതോടെ ഇപ്പോള്‍ നടക്കുന്ന സമരം കമ്യുണിസ്റ്റുകള്‍ക്കെതിരാണെന്നു സ്ത്രീ പ്രവേശനത്തിനെതിരല്ലെന്നുമാണ് പിള്ള പറഞ്ഞത്. ഈ നിലപാടു മാറ്റങ്ങള്‍ മികച്ച ട്രോളുകളായിമാറുന്നതാണ് പിന്നീട് കണ്ടത്.
ബി.ജെ.പിക്കു പിന്നാലെ വലിയ സമര പ്രഖ്യാപനം നടത്തിയ യു.ഡി.എഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ സമരമാണ് മറ്റൊരു ചിരിവിഷയം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ കൊട്ടിഘോഷങ്ങളുമായി പുറപ്പെട്ട സമരം മലയകറിത്തുടങ്ങി ഒടുവില്‍ ഭക്തരെ ബുദ്ധിമുട്ടിക്കേണ്ട എന്ന നിലപാടെടുത്ത് പാതി വഴിയില്‍ വച്ച് പിരിച്ചുവിടുകയായിരുന്നു.
ഭക്തരെന്ന പേരില്‍ നാമജപ സമരവുമായി ശബരിമലയിലെത്തി പിടിയിലായവരുടെ സംഘടനാ ബന്ധം പുറത്തു വന്നതാണ് മറ്റൊന്ന്. പിടിയിലായവര്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആസൂത്രിതമായി എത്തിയ ആര്‍.എസ്.എസ് ഭാരവാഹികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ആണെന്ന വിവരം പുറത്തു വന്നതും ട്രോളുകള്‍ക്ക് നല്ല വിഭവമായി.
കോടതി ഉത്തരവ് പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടണമെന്ന ബി.ജെ.പി എം.പി വി മുരളീധരന്റെ മുന്‍ പ്രസ്താവനയും ഇപ്പോള്‍ ട്രോളായി തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണ്ടേ എന്നാണ് ട്രോളന്‍മാരുടെ ചോദ്യം.