അബുദാബി- അക്കാദമിക് ഗവേഷകന്‍ എന്ന നാട്യത്തില്‍ യു.എ.ഇയില്‍ ചാരവൃത്തി നടത്തിയ ബ്രിട്ടീഷുകാരന് ജീവപര്യന്തം തടവ്. 31 കാരനായ മാത്യു ഹെഡ്ജസ് എന്ന പി.എച്ച്.ഡി വിദ്യാര്‍ഥിയെ യു.എ.ഇയില്‍നിന്ന് കൊണ്ടുപോകാനുള്ള ബ്രിട്ടന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അബുദാബി അപ്പീല്‍ കോടതിയാണ് ഹെഡ്ജസിന് ശിക്ഷ വിധിച്ചത്.
തടവുശിക്ഷ കഴിഞ്ഞ ശേഷം നാടുകടത്താനും കോടതി ഉത്തരവായി.
ഇയാളുടെ എല്ലാ ഗവേഷണ രേഖകളും കംപ്യൂട്ടറുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഫെഡറല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് കോടതി അനുമതി നല്‍കി.
ദുര്‍ഹാം സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായിരുന്നു മാത്യു ഹെഡ്ജസ്. മെയ് അഞ്ചിന് ദുബായ് വിമാനത്താവളത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പ് ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നുവെങ്കിലും ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു.
മുപ്പതു ദിവസത്തിനകം ഇയാള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. അതുവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിക്കും.
ചില രഹസ്യ വിവരങ്ങള്‍ തേടി ബ്രിട്ടീഷുകാരന്‍ സമീപിച്ചതായി ഒരു സ്വദേശിയാണ് ആദ്യം പ്രോസിക്യൂട്ടര്‍മാരെ വിവരം അറിയിച്ചത്. വിദേശ ഏജന്‍സിക്കായി സുപ്രധാന വിവരം ചോര്‍ത്താനാണ് ഇയാളുടെ ശ്രമമെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഹെഡ്ജസ് കുറ്റം സമ്മതിച്ചു.