ദുബായ്- ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7 കോടിയിലേറെ രൂപ) സമ്മാനം ലഭിച്ച സുബൈര്‍ മലയാളി. കൊല്ലം മേക്കോണ്‍ കുഴിവിള വീട്ടില്‍ നൗഷാദ് സുബൈറും(46) ഒന്‍പതു കൂട്ടുകാരുമാണ് കോളടിച്ചത്.
മലപ്പുറം സ്വദേശികളായ സുരേഷ്, രഘു, പ്രദീപ്, കോട്ടയം സ്വദേശികളായ നാസര്‍, ഷബീര്‍, പത്തനംതിട്ട സ്വദേശി ചാര്‍ലി എന്നിവരാണു മറ്റു മലയാളികള്‍. ഒരു ഫിലീപ്പീന്‍സ് പൗരനും രണ്ടു സിറിയക്കാരും സംഘത്തിലുണ്ട്. തുക തുല്യമായി പങ്കിടുമെന്നു നൗഷാദ് അറിയിച്ചു. നൗഷാദിന്റെ പേരില്‍ കൂട്ടുകാര്‍ തുല്യമായി പണമിട്ടു ടിക്കറ്റ് എടുക്കുകയായിരുന്നു.
286 സീരിസിലെ 0520 നമ്പര്‍ ടിക്കറ്റ് ആണ് സുബൈറിനും സഹപ്രവര്‍ത്തകര്‍ക്കും ഭാഗ്യം കൊണ്ടുവന്നത്. ദുബായിലെ റെഡ ഗ്രൂപ്പില്‍ ലോജിസ്റ്റിക്‌സ് മാനേജരാണ് സുബൈര്‍. "ഈ ജയത്തിലൂടെ ഞങ്ങള്‍ കൂടുതല്‍ സുരക്ഷിതരായി. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി' -സുബൈര്‍ പറഞ്ഞു. 20 വര്‍ഷമായി സുബൈര്‍ ദുബായിലുണ്ട്.