Sorry, you need to enable JavaScript to visit this website.

ഖത്തീഫില്‍ ഭീകരാക്രമണം; രണ്ടു മരണം

ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്ക്

ഖത്തീഫ്- അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും  ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.
പ്രദേശത്തെ സുരക്ഷാ വിഭാഗത്തെ ലക്ഷ്യമിട്ട ഭീകരര്‍ വഴിയാത്രക്കാര്‍ക്ക് നേരെയും കനത്ത വെടിവെപ്പ് നടത്തി.
പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഒളിത്താവളമാക്കിയ ഭീകരരാണ് സംഭവത്തിനു പിന്നില്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ്  കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരനും ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ആറു സ്വദേശികളും രണ്ട് പാക്കിസ്ഥാനികളും ഒരു സുഡാനിയും ഉള്‍പ്പെടുന്നു.  
ഭീകരാക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും സുരക്ഷാ വിഭാഗം ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News