റിയാദ്- ഏതാനും ദിവസത്തെ ഇടവേളക്കു ശേഷം സൗദിയുടെ എല്ലാ ഭാഗങ്ങളിലും മഴയുണ്ടാകുമെന്ന പ്രവചനം ആശങ്ക പരത്തുകയാണ്. ഒക്ടോബറിലും നവംബര്‍ ആദ്യത്തിലും പെയ്ത മഴയില്‍ വിവിധ പ്രവിശ്യകളിലായി 35 ജീവനുകളാണ് നഷ്ടപ്പെട്ടത്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ തിങ്കളാഴ്ച വരെ പൊടിക്കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. റിയാദ് പ്രവിശ്യയില്‍ അഫീഫ്, ദവാദ്മി എന്നിവിടങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ട്. റിയാദ് നഗരത്തിലും അല്‍ഖര്‍ജിലും ഖുവൈഇയയിലും മജ്മയിലും സുല്‍ഫിയിലും ശഖ്‌റായിലും ഹോത്ത ബനീതമീമിലും വെള്ളിയാഴ്ച മുതല്‍ മഴ ആരംഭിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കും. കിഴക്കന്‍ പ്രവിശ്യയിലെ ഖൈസൂമ, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളില്‍ നാളെ മുതലും ദമാം, ദഹ്‌റാന്‍, ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍, ഖഫ്ജി, നഈരിയ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതലും ഇടത്തരം ശക്തിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴക്കു ശക്തി കൂടും. അല്‍ഖസീം പ്രവിശ്യയിലെ ഉനൈസ, ബുറൈദ, അല്‍റസ്, ബുകൈരിയ, മിദ്‌നബ്, അല്‍ബദായിഅ് എന്നിവിടങ്ങളില്‍ നാളെ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ മഴയുണ്ടാകും. വെള്ളി, ശനി ദിവസങ്ങളിലാണ് ഇവിടെ ശക്തമായ മഴ അനുഭവപ്പെടുക.
മക്ക പ്രവിശ്യയില്‍ മക്ക, തായിഫ്, അല്‍കാമില്‍, മൈസാന്‍, റനിയ, തുറുബ, അല്‍ഖുര്‍മ, ഖുലൈസ്, അദം, മോയ, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ നാളെ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച പ്രവചന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. റാബിഗ്, തുവല്‍, ജിദ്ദ, ശുഅയ്ബ എന്നിവിടങ്ങളില്‍ നാളെ രാത്രി മുതല്‍ ശനിയാഴ്ച വരെയും ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ വെള്ളി മുതല്‍ ഞായര്‍ വരെയും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഹായില്‍, ബഖ്ആ, അല്‍ഹായിത്, അല്‍ഗസാല എന്നിവിടങ്ങളിലും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ റഫ്ഹ, അറാര്‍, തുറൈഫ് എന്നിവിടങ്ങളിലും അല്‍ജൗഫ് പ്രവിശ്യയില്‍ സകാക്ക, ദോമത്തുല്‍ ജന്ദല്‍, ഖുറയ്യാത്ത്, ത്വബര്‍ജല്‍ എന്നിവിടങ്ങളിലും നാളെ മുതല്‍ ശനി വരെ മഴക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ മദീന പ്രവിശ്യയില്‍ മദീന, മഹ്ദുദ്ദഹബ്, ഹനാകിയ, അല്‍സുവൈരിഖിയ, വാദി അല്‍ഫറഅ്, അല്‍യത്മ എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും യാമ്പു, അല്‍റായിസ് എന്നിവിടങ്ങളില്‍ ഇടത്തരം ശക്തിയോടു കൂടിയ മഴക്കും തബൂക്ക് പ്രവിശ്യയില്‍ തബൂക്ക്, തൈമാ, അല്‍വജ്, ഉംലജ്, ദിബാ, ഹാല അമ്മാര്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴക്കും സാധ്യതയുണ്ട്. അല്‍ബാഹ പ്രവിശ്യയില്‍ അല്‍ബാഹ, ബല്‍ജുര്‍ഷി, മന്ദഖ്, മഖ്‌വാ, ഖില്‍വ, അസീര്‍ പ്രവിശ്യയില്‍ അബഹ, ഖമീസ് മുശൈത്ത്, മഹായില്‍, ബീശ, അല്‍നമാസ്, മജാരിദ, അല്‍ബിര്‍ക്, ഉംഖ് എന്നിവിടങ്ങളിലും വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ജിസാനില്‍ ഫൈഫ, ആരിദ, ഖോബ, ഹുറൂബ്, സ്വബ്‌യ, സ്വാംത, ബേശ്, അല്‍ത്വിവാല്‍, അല്‍ദര്‍ബ് എന്നിവിടങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടത്തരം ശക്തിയിലുള്ള മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.