റിയാദ് - ജമാല്‍ ഖശോഗി വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് പങ്കുണ്ടെന്ന് തങ്ങള്‍ വാദിച്ചിട്ടില്ലെന്ന് തുര്‍ക്കി അറിയിച്ചതായി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പരോക്ഷമായി സൂചിപ്പിച്ച്, സൗദിയിലെ ഉന്നത വ്യക്തിയാണ് ജമാല്‍ ഖശോഗിയെ വധിക്കാന്‍ ഉത്തരവിട്ടതെന്ന് തുര്‍ക്കി നേതാക്കള്‍ ആവര്‍ത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇതേക്കുറിച്ച് സൗദി അറേബ്യ തുര്‍ക്കിയോട് വിശദീകരണം തേടി. പ്രസ്താവനകളിലൂടെ കിരീടാവകാശിയെയല്ല ഉദ്ദേശിക്കുന്നതെന്നാണ് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കിയത്.
കിരീടാവകാശിയാണ് ഖശോഗിയെ വധിക്കാന്‍ ഉത്തരവിട്ടതെന്ന് സൂചിപ്പിക്കുന്ന സി.ഐ.എ നിഗമനത്തെ കുറിച്ച അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സി.ഐ.എ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തു വിട്ടതല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമല്ല, മറിച്ച് നിഗമനം മാത്രമാണിത്. കിരീടാവകാശിയെ കുറിച്ച ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജമാല്‍ ഖശോഗിയുമായി ഫോണില്‍ ബന്ധപ്പെട്ടാണ് തുര്‍ക്കിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഒരിക്കല്‍ പോലും ജമാല്‍ ഖശോഗിയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ഖാലിദ് രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖശോഗി കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോര്‍ത്തുന്ന റിപ്പോര്‍ട്ടുകളുടെ ഉറവിടങ്ങള്‍ ദുര്‍ബലമാണെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
തെളിവുകളുണ്ടെങ്കില്‍ കൈമാറണമെന്ന് തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒരു തെളിവും തുര്‍ക്കി അധികൃതര്‍ സൗദി അറേബ്യക്ക് കൈമാറിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാണ് സൗദി അറേബ്യ ഊന്നല്‍ നല്‍കുന്നത്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെതിരേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെതിരേയും വ്യാജ പ്രസ്താവനകള്‍ നടത്താന്‍ ആരെയും അനുവദിക്കില്ല.
ആഗോള തലത്തില്‍ സൗദി അറേബ്യക്ക് മുന്‍നിര സ്ഥാനമാണുള്ളത്. മേഖലയിലും ലോകത്തും സമാധാനവും സ്ഥിരതയും അഭിവൃദ്ധിയുമുണ്ടാക്കുന്നതിനും തിന്മയുടെയും നാശത്തിന്റെയും ശക്തികളെ പരാജയപ്പെടുത്തുന്നതിനുമാണ് സൗദി അറേബ്യ എക്കാലവും ശ്രമിക്കുന്നത്.
ഖശോഗി വധത്തില്‍ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനും സൗദി ഭരണാധികാരികള്‍ അറ്റോര്‍ണി ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സി പുനഃസംഘടിപ്പിക്കുന്നതിന് കിരീടാവകാശിയുടെ അധ്യക്ഷതയില്‍ സല്‍മാന്‍ രാജാവ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്.
ആഗോള സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയല്ല ഖശോഗി കേസില്‍ സൗദി അറേബ്യ അന്വേഷണം നടത്തുന്നത്. മറിച്ച്, ഇത് സൗദി അറേബ്യയുടെ ആവശ്യമാണ്. ഇസ്താംബൂള്‍ കോണ്‍സുലേറ്റില്‍ വെച്ച് നടന്ന സംഭവത്തെ കുറിച്ച് വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇരട്ടി കുറ്റമാണ് പ്രതികള്‍ ചെയ്തത്.
ഈ റിപ്പോര്‍ട്ട് വസ്തുതക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമായതോടെയാണ് രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ സൗദി അറേബ്യ വ്യാഖ്യാനം നല്‍കുകയായിരുന്നില്ല, മറിച്ച്, വിവരങ്ങള്‍ സുതാര്യമായി പുറത്തു വിടുകയായിരുന്നു.
അമേരിക്കയുമായി ഏഴു ദശകത്തിലേറെ നീണ്ട ബന്ധം സൗദി അറേബ്യക്കുണ്ട്. തന്ത്രപ്രധാനമായ ഈ ബന്ധവും പങ്കാളിത്തവും നിലനിര്‍ത്തുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഖശോഗി കേസില്‍ വ്യക്തികള്‍ക്കെതിരെയാണ് അമേരിക്ക ശിക്ഷാ നടപടികള്‍ ബാധകമാക്കിയത്. സൗദി ഗവണ്‍മെന്റിനെയോ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയോ ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നില്ല. ഖശോഗി വധത്തിലെ പ്രതികള്‍ക്കെതിരെ ആദ്യമായി നടപടികളെടുത്തത് സൗദി അറേബ്യയാണ്. ഇതിനു ശേഷമാണ് സൗദി അറേബ്യയുമായുള്ള ബന്ധത്തെ ബാധിക്കാത്ത തരത്തില്‍ പ്രതികള്‍ക്കെതിരെ മറ്റു രാജ്യങ്ങള്‍ നടപടികള്‍ ബാധകമാക്കിയതെന്നും വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.