കോട്ടയം- ശബരിമല യാത്ര ഉപേക്ഷിച്ച് മുംബൈയിൽനിന്നെത്തിയ 110 പേരടങ്ങിയ സംഘം മടങ്ങി. 13 കുട്ടികളും 12 സ്ത്രീകളും അടങ്ങുന്ന സംഘമാണ് പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് മടങ്ങിയത്. നിരോധനാജ്ഞ പ്രഖാപിച്ചതും ശബരിമലയിലെ സംഘർഷാവസ്ഥയും പോലീസ് നടപടികളും കണക്കിലെടുത്താണ് യാത്ര ഉപേക്ഷിച്ചതെന്ന് അവർ പറഞ്ഞു. എരുമേലിയിൽനിന്നും ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തിൽ കൂടി സന്ദർശനം നടത്തിയ ശേഷം മടങ്ങുമെന്നും ഇവർ അറിയിച്ചു. സംഘത്തിൽ മലയാളികളുമുണ്ടായിരുന്നു.
അതിനിടെ ആന്ധ്രക്കാരായ ദമ്പതികളെ ശബരിമലയിലേക്കാണെന്ന് സംശയിച്ച് എരുമേലി ക്ഷേത്രത്തിൽ തടഞ്ഞു. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പോവാനെത്തിയതാണെന്ന് യുവതിയും ഭർത്താവും പറഞ്ഞെങ്കിലും പ്രതിഷേധക്കാർ വിശ്വസിക്കാൻ തയ്യാറായില്ല.
ഭീതിയോടെ മടങ്ങിപ്പോയ ദമ്പതികളെ ഉടൻ തന്നെ പോലീസ് കൂട്ടിക്കൊണ്ടുവന്ന് ക്ഷേത്രത്തിന് വെളിയിൽനിന്ന് തൊഴാൻ അവസരമൊരുക്കിയപ്പോഴും പ്രതിഷേധം തുടർന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി കിരൺ (44), ഭാര്യ നീലിമ വിജയലക്ഷ്മി (40) എന്നിവരാണ് ചെങ്ങന്നൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോവുംവഴി എരുമേലിയിൽ ഇറങ്ങിയത്. ഇവർ കോട്ടയത്തുനിന്നും പമ്പയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ അയ്യപ്പ ഭക്തർക്കൊപ്പമാണെത്തിയത്.
വലിയമ്പലത്തിൽ ദർശനം നടത്താൻ നടപ്പന്തലിലെത്തിയപ്പോൾ ശ്രീകോവിലിനു മുന്നിൽ നാമജപം നടത്തിക്കൊണ്ടിരുന്ന ഭക്തരുമായി ബി.ജെ.പി പ്രവർത്തകരെത്തി ദമ്പതികളെ തടയുകയായിരുന്നു. ആക്രോശങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ ഭയന്ന ദമ്പതികൾ തിരികെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോയി. അപ്പോഴും പ്രതിഷേധവുമായി ആൾക്കൂട്ടവും ഇവരെ പിന്തുടർന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിഷേധക്കാർക്കിടയിൽനിന്നും ദമ്പതികളെ രക്ഷപ്പെടുത്തി കെ.എസ്.ആർ.ടി.സി ഓഫീസിലേക്ക് മാറ്റി. നെടുമ്പാശ്ശേരിയിൽനിന്നും വിമാന മാർഗം മടങ്ങാനുള്ള ടിക്കറ്റ് കാണിച്ച ഇവർ തങ്ങൾ ശബരിമലയ്ക്കല്ലെന്ന് പോലീസിനോട് വിശദീകരിച്ചു.
എരുമേലിയിൽ ക്ഷേത്രദർശനം നടത്താൻ ആളുകൾ അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
തുടർന്നാണ് മണിമല സി.ഐ ടി.ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ദമ്പതികളെ ക്ഷേത്രത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. എന്നാൽ ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ പ്രതിഷേധക്കാർ ദമ്പതികളെ അനുവദിച്ചില്ല. ഇതോടെ വെളിയിൽനിന്ന് തൊഴുത ശേഷം ദമ്പതികൾ പോലീസ് അകമ്പടിയോടെ ബസ് സ്റ്റാന്റിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.
ഇനി ചെങ്ങന്നൂരിലേക്ക് പോവുന്നില്ലെന്നും തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങുകയാണെന്നും ദമ്പതികൾ പറഞ്ഞു.
പോലീസ് സംരക്ഷണയിലാണ് തിരുവനന്തപുരത്തിനുള്ള ബസിൽ ദമ്പതികൾ കയറിപ്പോയത്. തന്റെ ഗർഭപാത്രം ശസ്ത്രക്രിയയിലൂടെ എടുത്തുകളഞ്ഞതാണെന്നും തനിക്ക് ആർത്തവ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്നും ശബരിമലയിൽ പോവുന്നതിനു തടസ്സമില്ലെന്നും മടങ്ങിപ്പോവുന്നതിനിടെ മാധ്യമ പ്രവർത്തകരോട് യുവതി പറഞ്ഞു.