Sorry, you need to enable JavaScript to visit this website.

സംഘ്പരിവാർ സമര വേദി ശബരിമലയിൽ നിന്ന്  സെക്രട്ടറിയേറ്റിലേക്കു മാറ്റണം -കോടിയേരി

കണ്ണൂർ- ശബരിമലയിൽ നടക്കുന്നത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെയുള്ള സമരമല്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിൽ സംഘ്പരിവാർ ശക്തികൾ സമര വേദി ശബരിമലയിൽ നിന്നും സെക്രട്ടറിയേറ്റ് നടയിലേക്കു മാറ്റാൻ തയ്യാറാവണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള തന്നെ ഇക്കാര്യം വ്യക്തമാക്കിയ സാഹചര്യത്തിൽ ഇത് രാഷ്ട്രീയ സമരമാണെന്ന് വ്യക്തമായി. തെരുവിൽ ആശയ പ്രചാരണത്തിനു ബി.ജെ.പി തയ്യാറാവുകയാണ് വേണ്ടത്. ഇത് സംബന്ധിച്ച് ഏത് വിധത്തിലുള്ള ആശയ സംവാദത്തിനും സി.പി.എം തയ്യാറാണ്. ഇതിനു ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുന്നു. ശബരിമലയിലെ ഇടപെടലാണ് പ്രശ്‌നമെങ്കിൽ അതും സംവാദത്തിൽ ഉൾപ്പെടുത്താൻ തയ്യാറാണ്. ശബരിമലയിൽ ഭക്തരെയും കുട്ടികളെയും പരിചയാക്കി പോലീസ് നടപടിയെ ചെറുക്കുന്ന അവസ്ഥയിൽ നിന്നും സംഘപരിവാർ ശക്തികൾ പിൻതിരിയണം. ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നവർക്കു മാത്രമാണ് നടപടി നേരിടേണ്ടി വരുന്നത്. ഇന്നലെ പോയ യു.ഡി.എഫ് സംഘത്തിനും കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും ബി.ജെ.പി എം.പിമാർക്കും അവിടെ യാതൊരു പ്രശ്‌നങ്ങളുമുണ്ടായില്ല. യു.ഡി.എഫ് സംഘം ശബരിമല സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല. പമ്പയിൽ യാത്ര അവസാനിപ്പിച്ചത് അവിടെ പ്രശ്‌നങ്ങളില്ലെന്ന തിരിച്ചറിവു കൊണ്ടാണ്  -കോടിയേരി വ്യക്തമാക്കി. 
ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന യാതൊരു പിടിവാശിയും സി.പി.എമ്മിനും സർക്കാറിനും ഇല്ല. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ സംഘടനയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ. അവരോട് പോലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ സ്വമേധയാ പോകാൻ തയ്യാറാവുന്നവർക്കു സംരക്ഷണം നൽകേണ്ടത് സർക്കാറിന്റെ ചുമതലയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാതെ വേറെ വഴിയില്ലെന്ന് ബി.ജെ.പി നേതാവു കൂടിയായ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ ഇപ്പോൾ സാവകാശ ഹരജി നൽകാൻ തീരുമാനിച്ചത് സർക്കാരറല്ല, ദേവസ്വം ബോർഡാണ് -കോടിയേരി പറഞ്ഞു. 
ശബരിമല പിടിക്കാനാണ് സംഘ്പരിവാറിന്റെ ശ്രമം. അവർക്കു അചാരങ്ങളും അനുഷ്ഠാനങ്ങളുമൊന്നും പ്രശ്‌നമല്ല. സുവർണ ക്ഷേത്രത്തിൽ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ഭീകര പ്രവർത്തനത്തിനു സമാനമായ കാര്യങ്ങളാണ് ശബരിമലയിൽ സംഘപരിവാർ ശക്തികൾ നടത്തുന്നത്. ശബരിമലയിലേക്കു 50,000 വളണ്ടിയർമാരെയാണ് ആർ.എസ്.എസ് റിക്രൂട്ട് ചെയ്തിരിക്കുന്നത്.
ബി.ജെ.പിയുടെ ബി. ടീമായാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റിന്റെ നിലപാടിനെ തള്ളിയാണ് കേരളത്തിൽ കോൺഗ്രസ് നേതൃത്വം ബി.ജെ.പിയെ പിന്തുണക്കുന്നത്. യു.ഡി.എഫ് നേതൃത്വം ഈ വിഷയത്തിൽ ആത്മപരിശോധന നടത്തണം. വിശ്വാസത്തിന്റെ പേരിലാണ് മുസ്‌ലിം ലീഗ് ബി.ജെ.പിയെ പിന്തുണക്കുന്നതെങ്കിൽ ബാബ്‌രി മസ്ജിദ് തകർത്ത സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്ന സംഘ്പരിവാർ നീക്കത്തോടുള്ള നിലപാടെന്തെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പിയെ അംഗീകരിക്കുന്നതും പിന്തുണക്കുന്നതും ആത്മഹത്യാപരമായ നിലപാടാണ്. ഭരണ ഘടനാ സംരക്ഷണത്തിനായി ഈ മാസം 26 നു സി.പി.എം നേതൃത്വത്തിൽ ഭരണ ഘടനാ സംരക്ഷണ ദിനമായി ആചരിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. ശബരിമല വിഷയത്തിൽ തുടർച്ചയായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. നേതാക്കളായ പി. ജയരാജൻ, കെ.കെ. രാഗേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

 

Latest News