റിയാദ് - ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യാഴാഴ്ച സകാക്കയിൽ ശിലാസ്ഥാപനം നിർവഹിക്കുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ദോമത്തുൽജന്ദൽ പദ്ധതിക്കും രാജാവ് തറക്കല്ലിടും. വഅദ് അൽശമാൽ പദ്ധതിയും രാജാവ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. 8500 കോടി റിയാൽ ചെലവഴിച്ചാണ് വഅദ് അൽശമാൽ പദ്ധതി പൂർത്തിയാക്കുന്നത്.
സൗദിയിൽ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത അഞ്ചു ലക്ഷം കോടി റിയാലിന്റെ വില പിടിച്ച ധാതുവിഭവങ്ങളുണ്ട്. ഖനന പദ്ധതികൾ 90,000 തൊഴിലവസരങ്ങൾ ലഭ്യമാക്കും. ഖനന നിയമം പുനഃപരിശോധിച്ചുവരികയാണ്. ഇതിന് നിക്ഷേപകരുടെ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. നിയമം മന്ത്രിസഭക്കു കീഴിലെ എക്‌സ്‌പേർട്ട് കമ്മീഷൻ പഠിച്ചുവരികയാണ്. അടുത്ത വർഷത്തോടെ പുതിയ നിയമം നടപ്പാക്കും. സൗദി അറേബ്യൻ മൈനിംഗ് കമ്പനി ശക്തമാണ്. കമ്പനിയിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് വലിയ ഓഹരിയുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗദിയിൽ രണ്ടു ആണവ റിയാക്ടറുകൾ നിർമിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏതാനും പ്രവിശ്യകളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്നും ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
സ്വർണം, ചെമ്പ്, സിങ്ക്, യുറേനിയം എന്നിവ അടക്കം പന്ത്രണ്ടിലേറെ ഉൽപന്നങ്ങളുടെ വൻ ശേഖരം രാജ്യത്തുണ്ടെന്ന് ഊർജ, വ്യവസായ മന്ത്രാലയ അണ്ടർ സെക്രട്ടറിയും നാഷണൽ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക്‌സ് സർവീസസ് പ്രോഗ്രാം സി.ഇ.ഒയുമായ ആബിദ് അൽസഅ്ദൂൻ പറഞ്ഞു. അഞ്ചു ലക്ഷം കോടി റിയാലിന്റെ ധാതുശേഖരം രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. 2030 ഓടെ പതിനേഴു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും കയറ്റുമതി ഒരു ട്രില്യൺ റിയാലായി ഉയർത്തുന്നതിനുമാണ് നാഷണൽ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക്‌സ് സർവീസസ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. വഅദ് അൽശമാൽ പദ്ധതി പതിനായിരം തൊഴിലവസരങ്ങൾ ലഭ്യമാക്കും. പുതിയ ഖനന നിയമം നടപ്പാക്കിയ ശേഷം ഖനന മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കും. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ഖനന മേഖലയെ വലിയ തോതിൽ ഗവൺമെന്റ് ആശ്രയിക്കുന്നതായും അദ്ദേഹം പറഞ്ഞു.