Sorry, you need to enable JavaScript to visit this website.

തബൂക്കിൽ സാമ്പത്തിക തടവുകാരെ വിട്ടയക്കുന്നു

തബൂക്ക് നിവാസികൾ ഒരുക്കിയ ജനകീയ സ്വീകരണത്തിൽ സൽമാൻ രാജാവ്‌

തബൂക്ക് - സാമ്പത്തിക ബാധ്യതകൾ വീട്ടാൻ കഴിയാതെ തബൂക്ക് പ്രവിശ്യയിലെ ജയിലുകളിൽ കഴിയുന്ന മുഴുവൻ സൗദി തടവുകാരെയും വിട്ടയക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. സൽമാൻ രാജാവ് നടത്തുന്ന സന്ദർശനത്തോടനുബന്ധിച്ചാണ് തബൂക്കിൽ സാമ്പത്തിക ബാധ്യതകൾ വീട്ടാൻ കഴിയാത്തതിനാൽ ജയിലുകളിൽ കഴിയുന്ന മുഴുവൻ സൗദി പൗരന്മാരെയും വിട്ടയക്കാൻ രാജാവ് നിർദേശിച്ചത്. 
പത്തു ലക്ഷത്തിൽ കവിയാത്ത കടങ്ങളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവർക്കാണ് രാജകാരുണ്യത്തിന്റെ ആനുകൂല്യം ലഭിക്കുക. ബാധ്യതകൾ വീട്ടുന്നതിന് സാമ്പത്തിക ശേഷിയില്ലാത്തവരെയാണ് രാജകാരുണ്യത്തിൽ ജയിലുകളിൽ നിന്ന് വിട്ടയക്കുക. ഇവരുടെ സാമ്പത്തിക ബാധ്യതകൾ വീട്ടുന്നതിന് രാജാവ് നിർദേശിച്ചു. ക്രിമിനൽ കേസുകളുടെ ഭാഗമായി സാമ്പത്തിക ബാധ്യതകളിൽ കുടുങ്ങി ജയിലുകളിൽ കഴിയുന്നവർക്ക് രാജകാരുണ്യത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ഹായിൽ, അൽഖസീം പ്രവിശ്യകളിലും പത്തു ലക്ഷം റിയാലിൽ കവിയാത്ത സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുവരെ വിട്ടയക്കാൻ ഹായിൽ, അൽഖസീം സന്ദർശനത്തിനിടെ രാജാവ് നിർദേശിച്ചിരുന്നു. 
തിങ്കളാഴ്ച രാത്രി തബൂക്ക് സന്ദർശനത്തിനെത്തിയ രാജാവിന് പ്രദേശവാസികൾ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. തബൂക്ക് കിംഗ് ഖാലിദ് സ്‌പോർട്‌സ് സിറ്റിയിൽ സംഘടിപ്പിച്ച ജനകീയ സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തബൂക്ക് ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരനും പങ്കെടുത്തു. പ്രശസ്ത ഗായകൻ മുഹമ്മദ് അബ്ദുവിന്റെ സംഗീതാലാപനത്തിന്റെ അകമ്പടിയോടെയുള്ള ദൃശ്യാവിഷ്‌കാരം ചടങ്ങിന് കൊഴുപ്പേകി. പരമ്പരാഗത നൃത്തശിൽപമായ അർദയും ചടങ്ങിൽ അരങ്ങേറി. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ഇനായ ബിൻത് ഹസൻ അൽഖബ്‌ലി, ഫദിയ ബിൻത് ഔദ മൂസ അൽമസ്ഊദി, സിയാദ് ബിൻ സാലിം അൽഅതവി, മൈമൂന ബിൻത് ഖാലിദ് അബൂഹോസ എന്നിവരെ ചടങ്ങിൽ വെച്ച് രാജാവ് ആദരിച്ചു. 
 

Latest News