റിയാദ് - ജമാൽ ഖശോഗി വധക്കേസിലെ തെളിവായി തങ്ങളുടെ പക്കലുണ്ടെന്ന് തുർക്കി അവകാശപ്പെടുന്ന ഓഡിയോ റെക്കോർഡിംഗുകൾ ഇതുവരെ തുർക്കി കൈമാറിയിട്ടില്ലെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. മലയാളം ന്യൂസിന്റെ സഹോദര പ്രസിദ്ധീകരണമായ അശ്ശർഖുൽഔസത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. കേസന്വേഷണത്തിന്റെ ഭാഗമായി ഓഡിയോ റെക്കോർഡിംഗുകൾ കൈമാറുന്നതിന് സൗദി പബ്ലിക് പ്രോസിക്യൂഷൻ തുർക്കി അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഖശോഗി കേസുമായി ബന്ധപ്പെട്ട ഒറിജിനൽ റെക്കോർഡിംഗുകൾ അടക്കം മുഴുവൻ തെളിവുകളും കൈമാറുന്നതിന് സൗദി പബ്ലിക് പ്രോസിക്യൂഷൻ തുർക്കി പ്രോസിക്യൂഷനോട് മൂന്നു തവണ രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ ഇത്തരത്തിലുള്ള ഒരു തെളിവും തുർക്കി കൈമാറിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട തെളിവുകൾ തുർക്കി സൗദി അറേബ്യക്ക് കൈമാറണം. ഖശോഗി കേസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യ ഒരിക്കലും അംഗീകരിക്കില്ല. കേസിൽ നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്നവർ തങ്ങളുടെ പക്കലുള്ള തെളിവുകൾ സൗദി ജുഡീഷ്യറിക്ക് കൈമാറുകയാണ് വേണ്ടത്. ഈ കേസ് കൈകാര്യം ചെയ്യുന്നത് സൗദി നീതിന്യായ സംവിധാനമാണ്.
കേസിൽ നീതി നടപ്പാക്കുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും സൗദി അറേബ്യ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സുതാര്യമായി പുറത്തു വിടുകയും പ്രതികൾക്കെതിരായ കേസ് കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഖശോഗി കേസിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യക്കെതിരായ പ്രചാരണങ്ങൾക്കും കേസ് രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും പിന്നിൽ ആരാണെന്നും അവരുടെ പ്രേരണ എന്താണെന്നുമുള്ള കാര്യം പകൽ പോലെ വ്യക്തമാണ്. സൗദി അറേബ്യക്കെതിരെ പല കേന്ദ്രങ്ങളും ഗൂഢലക്ഷ്യത്തോടെ മുൻകാലത്തും പല തവണ മാധ്യമ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്.
സൗദി അറേബ്യ സ്വീകരിച്ച നടപടികൾ നീതി നടപ്പാക്കുന്നതിനും പ്രതികളോട് കണക്ക് ചോദിക്കുന്നതിനും പര്യാപ്തമാണ്. സൗദി അറേബ്യയും തുർക്കിയും അറബ്, ഇസ്‌ലാമിക് ലോകത്ത് ഏറെ പ്രാധാന്യമുള്ള രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായ ബന്ധമുണ്ട്. തുർക്കിയിലെ ചില വ്യക്തികൾ നടത്തിയ പ്രസ്താവനകൾ ഈ ലക്ഷ്യത്തിന് നിരക്കുന്നതല്ല. ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതിന് സഹായകമായ പ്രസ്താവനകളാണ് അവർ നടത്തിയത്. തുർക്കിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. സൗദി അറേബ്യ പരിഹരിക്കുന്നതിന് ശ്രമിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളിൽനിന്ന് ഇത് രാജ്യത്തെ അകറ്റിനിർത്തും.
ജമാൽ ഖശോഗി കേസ് നീതിന്യായ സംവിധാനത്തിന്റെ ചട്ടക്കൂടിലാക്കിയിട്ടുണ്ട്. ഈ കേസ് രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. ഇത്തരം ശ്രമങ്ങൾ സൗദി-തുർക്കി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഗുണം ചെയ്യില്ലെന്നും ആദിൽ അൽജുബൈർ പറഞ്ഞു.