കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്ന ജിദ്ദ,റിയാദ് സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. കൊച്ചിയില്‍നിന്നുള്ള നിരക്ക് തന്നെയാണ് കരിപ്പൂരിലേക്കും ഈടാക്കുന്നത്. അടുത്ത മാസം അഞ്ച് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബറില്‍ ജിദ്ദയിലേക്ക് വിമാന ടിക്കറ്റ് ലഭിക്കാന്‍ പ്രായാസമാണെങ്കിലും റിയാദ് സെക്ടറില്‍ ടിക്കറ്റ് ലഭിക്കുന്നുണ്ട്.
ഡിസംബറില്‍ പ്രതിവാരം ജിദ്ദയിലേക്ക് നാലു സര്‍വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വീസുകളുമാണ് സൗദി എയര്‍ലെന്‍സ് നടത്തുന്നത്. ഞായര്‍,ചൊവ്വ,വെളളി ദിവസങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വീസ്. തിങ്കള്‍,ബുധന്‍,വ്യാഴം,ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും സര്‍വീസുണ്ടാകും.
ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി സര്‍വീസ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ജിദ്ദ സര്‍വീസ് ഇതോടെ കൂടും. ഡിസംബര്‍ അഞ്ചിന് ബുധനാഴ്ച പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന ആദ്യവിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തും. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് പറക്കും. റിയാദിലേക്കുളള ആദ്യ സര്‍വീസ് ഡിസംബര്‍ ഏഴിനാണ്.