ദുബായ്- ഇന്ത്യക്കാരെ സംബന്ധിച്ച് ഭാഗ്യനഗരംകൂടിയാണ് ദുബായ്. ഇടക്കിടെ അവിടെ നടക്കുന്ന കോടികളുടെ ഭാഗ്യ നറുക്കെടുപ്പില്‍ സമ്പന്നരായവരില്‍ ഇന്ത്യക്കാര്‍ ധാരാളം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ പ്രെമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പാണ് ഏറ്റവും പുതിയ വാര്‍ത്ത.
ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ സുബൈറിന് 10 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം ഏഴു കോടിയില്‍ അധികം രൂപ) സമ്മാനം. സഹപ്രവര്‍ത്തകരായ ഒന്‍പത് പേരുമായി ചേര്‍ന്നാണ് സുബൈര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തത്. 286 സീരിസിലെ 0520 നമ്പര്‍ ടിക്കറ്റ് ആണ് സുബൈറിനും സഹപ്രവര്‍ത്തകര്‍ക്കും ഭാഗ്യം കൊണ്ടുവന്നത്. ദുബായിലെ റെഡ ഗ്രൂപ്പില്‍ ലോജിസ്റ്റിക്‌സ് മാനേജരാണ് സുബൈര്‍.
20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സുബൈര്‍ 1999ല്‍ ആരംഭിച്ച ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 137 മത്തെ ഇന്ത്യക്കാരനാണ്. മറ്റു നറുക്കെടുപ്പുകളില്‍ യു.എ.ഇ, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ആഡംബര വാഹനങ്ങള്‍ സമ്മാനമായി ലഭിച്ചു. ശൈഖ് ആസിഫ് എന്ന ഇന്ത്യക്കാരന് ബി.എം.ഡബ്യു ആര്‍ 1200 ആര്‍ മോട്ടോര്‍ ബൈക്കാണ് സമ്മാനം ലഭിച്ചത്. ഫര്‍ഹാന്‍ ഷൗക്കത്ത് എന്ന പാക്കിസ്ഥാന്‍ പൗരന് പോര്‍ഷെ കാറാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്.