ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന സമരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമാണെന്നും ഇവരുടെ യഥാര്‍ഥ ഉദ്ദേശം ഇതിനകം വ്യക്തമായി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവരുടെ സമരം ഭക്തിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. സമരം സ്ത്രീ പ്രവേശനത്തിന് എതിരെ അല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടിയുള്ള സമരമാണെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നിലാകാം. ഭക്തരെ ബലിയാടാക്കി എന്തിന് ശബരമലയെ സമര വേദിയാക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. ആശയപരമായ വ്യത്യാസമാണെങ്കില്‍ അത് തുറന്ന വേദിയില്‍ തമ്മില്‍ സംസാരിക്കാം. അയ്യപ്പ ഭക്തരെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസ്സും ബിജെപിയും സംഘപരിവാരുമാണ് നേതൃത്വം വഹിക്കുന്നതെങ്കിലും കോണ്‍ഗ്രസും അവരോടൊപ്പമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ശബരിമലയോടുള്ള പ്രതിപത്തിയുടേയോ ഭക്തിയുടെ ഭാഗമായോ പൊട്ടിപുറപ്പെട്ടതല്ല ഈ സമരങ്ങള്‍. നിയമവാഴ്ചയുള്ള രാജ്യത്ത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍രെ വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു വഴിയും സംസ്ഥാന സര്‍ക്കാരിന് ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം. കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പിലാക്കാന്‍ സൗകര്യമൊരുക്കുന്ന നിലയാണ് സ്വീകരിച്ചത്. സമരത്തിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്.
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയവരെയാണ് ശബരിമലയില്‍ തടഞ്ഞത്. പോലീസ് പിടിയിലായവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും വിവിധ സംഘപരിവാര്‍ സംഘടനകളുടെ ഭാരവാഹികളും നേതാക്കളുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമല പിടിച്ചെടുക്കാനെത്തുന്ന കര്‍സേവകരായാണു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയിലെത്തിയത്. പൊലീസ് പരമാവധി സംയമനം പാലിച്ചു. ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനെയും തടഞ്ഞിട്ടില്ല. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണു പൊലീസ് നടപടിയുണ്ടായത്. പൊലീസ് നടപടി ശക്തമാക്കിയശേഷം ഒരു ഭക്തനും ആക്രമിക്കപ്പെട്ടിട്ടില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭക്തരെന്ന വ്യാജേന സന്നിധാനത്തു തങ്ങാതിരിക്കാനാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ സന്നിധാനത്ത് പ്രശ്‌നങ്ങല്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായി. കുട്ടിക്ക് ചോറൂണ് നല്‍കാനെത്തിയ അമ്മൂമ പോലും ആക്രമിക്കപ്പെട്ടു. 50 വയസ്സ് പിന്നിട്ട സ്ത്രീയാണെന്ന് അറിഞ്ഞിട്ടും അവരെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയാണ് സംഘ്പരിവാര്‍ സൃഷ്ടിച്ചത്. ഇവര്‍ ആചാരണം ലംഘിക്കുന്നത് നമ്മളെല്ലാം കണ്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെ നടന്ന ഈ പ്രക്ഷോഭങ്ങളില്‍ യഥാര്‍ത്ഥ ഭക്തം ദുരിതമനുഭവിക്കുകയായിരുന്നു. ഇതൊഴിവാക്കാനാണ് മണ്ഡല മകര വിളക്ക് തീര്‍ത്ഥാടന കാലത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.