റിയാദ്- കുഴല്‍പണ ഇടപാടുകളുടെ പേരില്‍ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി റിപ്പോര്‍ട്ട്. 60 മലയാളികളാണ് കുഴല്‍പണ കടത്തിന്റെ പേരില്‍ തലസ്ഥാന നഗരിയിലെ വിവിധ ജയിലുകളില്‍ ശിക്ഷാ നടപടികള്‍ നേരിട്ട് കഴിയുന്നത്.
കള്ളപ്പണ അന്വേഷണ സംഘം മധ്യപ്രവിശ്യയില്‍ വലവിരിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ പിടിയിലായവരില്‍ മലയാളികള്‍ മാത്രം ഇരുപതിലധികമാണ്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ പണക്കടത്തു സംഘത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. റിയാദ് തര്‍ഹീല്‍, കിംഗ് ഖാലിദ് വിമാനത്താവളം, അല്‍ഹായിര്‍ ജയില്‍ എന്നിവിടങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണികള്‍ പിടിക്കപ്പെട്ടതറിഞ്ഞ് നാട്ടിലേക്ക് മുങ്ങിയവരും യാത്രാ വിലക്കുളളതിനാല്‍ പോകാന്‍ കഴിയാത്തവരുമായ മലയാളികളും കുഴല്‍പണ കേസുകളില്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വിമാനത്താവളം വഴി പണം കടത്തുന്നവരും പിടിയിലായവരില്‍ പെടും. ഇവരെ വിമാനത്താവളങ്ങളില്‍ കൊണ്ടുവിടാനായി എത്തുന്ന ഡ്രൈവര്‍മാരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. പല സമയങ്ങളിലായി ട്രക്കുകളിലും കാറുകളിലുമൊക്കെയായി പണം കടത്തുന്ന സംഘങ്ങളെ പോലീസ് പിടികൂടി വരികയാണ്.
കുഴല്‍പണം കൈകാര്യം ചെയ്യുന്നവരുടെ റൂമുകളില്‍ താമസിച്ചവരും അവരുമായി നിരന്തരം ഫോണില്‍ സംസാരിച്ചവരും പിടിക്കപ്പെട്ടവരില്‍ പെടും. കാരിയര്‍മാരെ പിടികൂടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആ നെറ്റ്‌വര്‍ക്ക് മുഴുവന്‍ പിടികൂടുകയാണ് ചെയ്യുന്നത്. റിയാദിലെ കേസുമായി ബന്ധപ്പെട്ട് ദമാമില്‍ നിന്നും പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കുഴല്‍പണ കേസില്‍ പിടിക്കപ്പെട്ട 40 ഓളം പേര്‍ ഇപ്പോഴും അല്‍ഹായിര്‍ ജയിലില്‍ കഴിയുകയാണ്. ഇവരില്‍ തടവു ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ക്ക് കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ യാത്രാ വിലക്ക് നീങ്ങിയിട്ടില്ല. ജയിലില്‍ കഴിയുന്ന പലരും നിയമ സഹായാഭ്യര്‍ഥനയുമായി വിളിക്കുന്നുണ്ടെന്നും ഇത്തരം ഇടപാടുകളില്‍ നിന്ന് മലയാളികള്‍ മാറിനില്‍ക്കണമെന്നും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ആവശ്യപ്പെട്ടു.
കള്ളപ്പണ അന്വേഷണ സംഘം രാജ്യസുരക്ഷാ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം കേസുകള്‍ പ്രത്യേക കോടതികളില്‍ മാത്രമേ വാദം കേള്‍ക്കുകയുള്ളൂ. പുതിയ നിയമ പ്രകാരം കള്ളപ്പണം വെളുപ്പിക്കലിന് രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവോ അഞ്ചു മില്യന്‍ റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒന്നിച്ചോ അനുഭവിക്കണമെന്നതാണ് ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ സൗദിയിലേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തി നാടു കടത്തുകയും വേണം. പണത്തിന്റെ നിയമപ്രകാരമുള്ള സ്രോതസ്സ് കാണിക്കാതിരിക്കാനായി പണം കൊണ്ടുപോകുന്നതും ട്രാന്‍സ്ഫര്‍ ചെയ്യുന്നതും അതിന് സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും സൗകര്യം ചെയ്തുകൊടുക്കുന്നതും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും പുതിയ കള്ളപ്പണ നിയമമനുസരിച്ച് കുറ്റകരമാണ്.