ദമാം - സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർക്ക് അൽഹസ അന്താരാഷ്ട്ര എയർപോർട്ടിൽ അതിവേഗ സേവനം. ഈ വിഭാഗത്തിൽ പെട്ടവരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ തുറന്നു. പബ്ലിക് പെൻഷൻ ഏജൻസിയും അൽഹസ അന്താരാഷ്ട്ര എയർപോർട്ടും സഹകരിച്ചാണ് വിരമിച്ചവരെ ലക്ഷ്യമിട്ട് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.
സർവീസിൽനിന്ന് വിരമിച്ച സിവിൽ, സൈനിക ഉദ്യോഗസ്ഥർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ സേവനമെന്ന് പബ്ലിക് പെൻഷൻ ഏജൻസി ശാഖാ വിഭാഗം സൂപ്പർവൈസർ അബ്ദുല്ല അൽശുലൈഖി പറഞ്ഞു. സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും വിരമിച്ചവരെ ലക്ഷ്യമിട്ട് ഈ സേവനം നടപ്പാക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും അബ്ദുല്ല അൽശുലൈഖി പറഞ്ഞു. അൽഹസ എയർപോർട്ട് ഡയറക്ടർ ഖാലിദ് അൽസൈഫും പബ്ലിക് പെൻഷൻ ഏജൻസി കിഴക്കൻ പ്രവിശ്യ ശാഖാ മേധാവി അബ്ദുല്ല അൽഖഹ്താനിയും വിരമിച്ചവർക്കുള്ള പ്രത്യേക കൗണ്ടർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംബന്ധിച്ചു.