Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിന്നോട്ടു നടക്കുന്ന കേരളം 

വോട്ടു രാഷ്ട്രീയം മാത്രമല്ല, മോശപ്പെട്ട മറ്റൊരു പ്രവണതയും ജനാധിപത്യത്തിനെതിരെ ഉയരുന്നത് കാണാതിരുന്നുകൂടാ. രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാൾ പ്രാധാന്യം പൗരോഹിത്യത്തിന്റെ പ്രീതി നേടലാണ്.  മുഖ്യമന്ത്രി പോലും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്. സാവകാശ ഹരജി എന്ന ആവശ്യത്തെ സർവകക്ഷി യോഗത്തിൽ തള്ളിയ അദ്ദേഹം തന്ത്രിക്കും രാജകുടുംബത്തിനും മുമ്പിൽ അതേ ആവശ്യം അംഗീകരിച്ചത് അതിന്റെ സൂചനയല്ലാതെ എന്താണ്? ജനാധിപത്യത്തിൽ നിന്നും ഭരണഘടനയിൽ നിന്നും നമ്മൾ മനുസ്മൃതിയിലേക്കാണോ നീങ്ങുന്നത്? എങ്കിൽ കേരളം പിറകോട്ടോടുകയാണ് എന്നല്ലാതെ മറ്റെന്താണ് പറയുക?


മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിലുണ്ടായ നവോത്ഥാനത്തിന്റെ പ്രത്യേകത അത് അടിത്തട്ടിൽ നിന്നായിരുന്നു എന്നും അതിനാൽ തന്നെ ഗുണപരമായി വളരെ ഉയർന്നതാണെന്നുമായിരുന്നു. അതേസമയം അവ മിക്കവാറും ജാതിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്നതാണെന്നും ജാതിയുടെ മതിൽകെട്ടുകളെ തകർക്കാൻ തയ്യാറായിരുന്നില്ല എന്ന വിമർശനവും ശക്തമാണ്. എന്തായാലും ഒന്നുറപ്പാണ്. ഏറെ കൊട്ടിഘോഷിച്ച് കേരളത്തിൽ നടന്നുവെന്നവകാശപ്പെടുന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ഉള്ള് പൊള്ളയായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ പ്രകടമായിരിക്കുന്നത്. കേരളം പിറകോട്ടു നടക്കുകയാണെന്നു പലരും പറയാറുണ്ട്. എന്നാൽ നടക്കുകയല്ല, അതിവേഗം പിന്നോട്ട് ഓടുകയാണെന്നതാണ് വാസ്തവം.
മൂന്നു ദിവസം മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു മുന്നിൽ നടന്ന സംഭവങ്ങൾ ലോകം ഒന്നടങ്കം കണ്ടല്ലോ. ശബരിമലയിൽ മാത്രമല്ല, കൊച്ചി നഗരത്തിൽ പോലും ഒരു യുവതിക്ക് സഞ്ചാരസ്വാതന്ത്ര്യവും താമസ സൗകര്യം നിഷേധിച്ചതു പോലൊരു സംഭവം നമ്മെ ഏതു കാലത്തേക്കാണ് കൊണ്ടുപോകുന്നത്? ആരാധനാലയങ്ങളിലെ ലിംഗ നീതിക്കായി ഒരു ദശകത്തിൽപരമായി പോരാടുന്ന തൃപ്തി ദേശായി നാലിടങ്ങളിൽ വിജയിച്ച ശേഷമാണ് കേരളത്തിലെത്തിയത്. പ്രബുദ്ധ കേരളത്തിൽ ഇതുപോലൊരു അനുഭവം അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിർഭാഗ്യവശാൽ ആരാധനാലയങ്ങളിലെ ലിംഗ നീതിയെ എതിർക്കുന്നവർ മാത്രമല്ല, അനുകൂലിക്കുന്നു എന്നു പറയുന്നവരും അവരോടെടുത്ത നിലപാട് എത്രയോ സ്ത്രീവിരുദ്ധവും മനുഷ്യാവകാശ ലംഘനത്തിന്റേതുമായിരുന്നു. 12 വർഷത്തോളമായി ഈ വിഷയത്തിൽ പോരാടുകയും സുപ്രീം കോടതി വിധിക്കു ശേഷം മാത്രം ദർശനത്തിനായി വരുകയും ചെയ്ത വിശ്വാസിയായ അവരെ കലാപമുണ്ടാക്കാൻ വന്നതായാണ് നവോത്ഥാന പ്രസംഗകർ പോലും വിശേഷിപ്പിച്ചത്. എന്തിനേയും കക്ഷി രാഷ്ട്രീയ കണ്ണോടെ മാത്രം കാണുന്ന ഇവർ അതിനായി അവർക്കു മുമ്പുണ്ടായിരുന്ന കോൺഗ്രസ് ബന്ധവും ബിജെപി ബന്ധവുമാണ് ചൂണ്ടിക്കാട്ടുന്നത്. 
സംഘപരിവാർ ഭീഷണിയെ തുടർന്ന് റദ്ദാക്കിയ ടി എം കൃഷ്ണയുടെ കച്ചേരി നടത്താൻ ദൽഹി സർക്കാർ മുന്നോട്ടു വന്നപ്പോഴാണ് അതേ ഭീഷണിക്കു മുന്നിൽ മുട്ടുകുത്തി കേരള സർക്കാർ തൃപ്തി ദേശായിയെ തിരിച്ചയച്ചത്. തൃപ്തിയെ മാത്രമല്ലല്ലോ, മുസ്ലിമാണ്, ആക്ടിവിസ്റ്റാണ്, ജേർണണ്ണലിസ്റ്റാണ്, ദളിതാണ്, സ്വഭാവം മോശമാണ് എന്നൊക്കെ പറഞ്ഞും ഉപദേശിച്ചും ഇതിനു മുമ്പും നിരവധി പേരെ തിരിച്ചയച്ചിരുന്നല്ലോ. അതിനാൽ തന്നെ വിധി നടപ്പാക്കാൻ സർക്കാരും ഉദ്ദേശിക്കുന്നില്ല എന്നു വ്യക്തം. 
ആചാരത്തിന്റേയും വിശ്വാസത്തിന്റേയുമൊക്കെ പേരിലാണ് സുപ്രീം കോടതിക്കെതിരായ പ്രക്ഷോഭങ്ങൾ ആരംഭിച്ചതെങ്കിലും ഇന്നത് കൃത്യമായും കക്ഷി രാഷ്ട്രീയമായി മാറിയിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തിയാകാൻ സംഘപരിവാർ ശക്തികൾ എങ്ങനെ അയോദ്ധ്യയെ ഉപയോഗിച്ചോ, സമാനമായ രീതിയിലാണ് കേരളത്തിൽ ശക്തിയാകാൻ അവർ ശബരിമലയെ ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ അവർ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. അതേസമയം സംഘപരിവാർ ശക്തികൾക്ക് രാഷ്ട്രീയമായ മറുപടി നൽകാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. ശബരിമലക്കു പോകുന്നവരിൽ വലിയൊരു വിഭാഗം വിശ്വാസികൾ തങ്ങളുടെ പ്രവർത്തകരും അനുഭാവികളുമാണെന്നു അവകാശപ്പെടുന്ന ഇടതുപക്ഷം അതേ വിശ്വാസികളിലൂടെ സംഘപരിവാറിനു മറുപടി നൽകുന്നില്ല. 
ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ഭയം തന്നെയാണ് അവരെ നയിക്കുന്നത്. എൽ കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയം പോലും പിണറായിക്കില്ല എന്നു പറയാതിരിക്കാനാവില്ല. കയ്യടിക്കായുള്ള പ്രസംഗങ്ങളിലൂടെ സ്വന്തം ഇമേജ് വർദ്ധിപ്പിക്കുകയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിൽ നിന്നു ഒരു സ്ത്രീപോലും സുപ്രീം കോടതി വിധി നടപ്പാക്കാനായി രംഗത്തിറങ്ങുന്നില്ല. മറുവശത്ത് രംഗത്തിറങ്ങിയ മറ്റു യുവതികളെ ആക്ടിവിസ്റ്റുകളെന്നാക്ഷേപിച്ച് തിരിച്ചയക്കുന്നു. ഒരു കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാറാണ് ആക്ടിവിസ്റ്റുകൾക്ക് അയിത്തം കൽപിക്കുന്നത്. സ്വന്തം ചരിത്രത്തിനു നേരെ പോലും ഇവർ കാർക്കിച്ചു തുപ്പുകയാണ്. ഗുരുവായൂരിൽ കയറി മണിയടിച്ച് ക്രൂരമർദ്ദനം ഏറ്റുവാങ്ങിയ പി കൃഷ്ണപ്പിള്ളയെ പോലുമിവർ തള്ളിക്കളയുന്നു. 
അതേസമയം ഇന്നോളം കാണാത്ത രീതിയിൽ നവോത്ഥാന പ്രക്രിയയകളെ കുറിച്ച് സംസാരിക്കാൻ ഇടതുപക്ഷം തയ്യാറായത് സ്വാഗതാർഹമാണ്. 82 വർഷത്തിനിടയിൽ ആദ്യമായാണ് ക്ഷേത്രപ്രവേശന വിളംബര വാർഷികം ആഘോഷിക്കുന്നത്. 
1956 നു ശേഷം നവോത്ഥാനത്തെ കുറിച്ച് പാർട്ടി കാര്യമായി മിണ്ടിയിട്ടില്ല. ആ ഘട്ടമൊക്കെ അവസാനിച്ചു എന്നാണ് അവരുടെ നിലപാട്. ആധുനിക കേരളത്തിന്റെ സൃഷ്ടികർത്താവ് അവർക്ക് ഇ എം എസ് നമ്പൂതിരിപ്പാടിയിരുന്നു. എന്നാലിതാ ഇപ്പോൾ സർക്കാറിറക്കിയ നവോത്ഥാന ലഘുലേഖയിൽ ഇ എം എസില്ല. മന്നത്തു പത്മനാഭൻ പോലുമുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പ്രശസ്ത പുസ്തകം രചിച്ചപ്പോൾ അയ്യങ്കാളിയെ മറന്ന ഇ എം എസിനു കാലം നൽകിയ മറുപടി. 
ഇതൊരു സുവർണാവസരമെന്നു പറഞ്ഞ് നാടെങ്ങും കലാപമുണ്ടാക്കാൻ സംഘപരിവാർ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ചെകുത്താനും കടലിനുമിടക്കായ കോൺഗ്രസ് ഉരുണ്ടു കളിക്കുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളുടെ പൈതൃകം അവകാശപ്പെടുന്ന കോൺഗ്രസ് ഇപ്പോൾ കാലത്തിനു പിറകിലേക്കാണ് സഞ്ചരിക്കുന്നത്. അനുകൂലിച്ചാലാണോ പ്രതികൂലിച്ചാലാണോ വോട്ടു നഷ്ടപ്പെടുക എന്ന ഭീതി തന്നെയാണ് അവരേയും നയിക്കുന്നത്. ഒരു കാര്യം അവർ പറയുന്നത് ശരിയാണ്. 
കേരള രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസസ്സിനെ അപ്രസക്തമാക്കാനുള്ള നീക്കം ശക്തമാണ്. കോൺഗ്രസിനെ ഇല്ലാതാക്കി പരസ്പരം ഏറ്റുമുട്ടാനാണ് കമ്യൂണിസ്റ്റുകാരും സംഘപരിവാർകാരും ആഗ്രഹിക്കുന്നത്. അത്തരമൊരു ധ്രുവീകരണം നടക്കുന്നതായി കോൺഗ്രസ് ഭയപ്പെടുന്നു. 
അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളിൽ അവരിപ്പോളും പ്രതീക്ഷ അർപ്പിക്കുന്നു. ബിജെപി പരമാവധി ഹിന്ദു വോട്ടുകൾക്കായി ശ്രമിക്കുമ്പോൾ ഹിന്ദു വോട്ടുകൾക്കു പുറമെ ന്യൂനപക്ഷ വോട്ടുകളും കൈക്കലാക്കാമെന്നു സിപിഎം കരുതുന്നു. ചുരുക്കത്തിൽ ഈ വോട്ടു രാഷ്ട്രീയമാണ് പ്രശ്‌നത്തെ കൂടുതൽ വഷളാക്കിയിരിക്കുന്നത്. 
വോട്ടു രാഷ്ട്രീയം മാത്രമല്ല, മോശപ്പെട്ട മറ്റൊരു പ്രവണതയും ജനാധിപത്യത്തിനെതിരെ ഉയരുന്നത് കാണാതിരുന്നുകൂടാ. രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാൾ പ്രാധാന്യം പൗരോഹിത്യത്തിന്റെ പ്രീതി നേടലാണ്.  
മുഖ്യമന്ത്രി പോലും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്. സാവകാശ ഹരജി എന്ന ആവശ്യത്തെ സർവകക്ഷി യോഗത്തിൽ തള്ളിയ അദ്ദേഹം തന്ത്രിക്കും രാജകുടുംബത്തിനും മുമ്പിൽ അതേ ആവശ്യം അംഗീകരിച്ചത് അതിന്റെ സൂചനയല്ലാതെ എന്താണ്? ജനാധിപത്യത്തിൽ നിന്നും ഭരണഘടനയിൽ നിന്നും നമ്മൾ മനുസ്മൃതിയിലേക്കാണോ നീങ്ങുന്നത്? എങ്കിൽ കേരളം പിറകോട്ടോടുകയാണ് എന്നല്ലാതെ മറ്റെന്താണ് പറയുക?

Latest News