Sorry, you need to enable JavaScript to visit this website.

ഉരുക്ക്‌വനിതയുടെ ഓർമയ്ക്ക് 

  • ഇന്ന് ഇന്ദിരാ ഗാന്ധിയുടെ ജന്മവാർഷികം 

ലോകം ഉരുക്കു വനിത എന്നു വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ ജന്മവാർഷികമാണിന്ന്.
ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത് അലഹബാദിലെ സ്‌കൂൾ പഠനകാലവും പിന്നീട് ഓക്‌സ്‌ഫോർഡിലെ കോളേജ് പഠനകാലവും ആയിരുന്നു. ലോകത്തിനും രാജ്യത്തിനും നഷ്ടപ്പെട്ട ധീരവനിതയുടെ പഠനകാലവും പിന്നീട് അവിടെ നിന്ന് ആരംഭിച്ച പ്രണയ കാലവും അനുസ്മരിക്കുന്നു.
 സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെയും കമലാ നെഹ്‌റുവിന്റെയും മകളായി 1917 നവംബർ 19 ന് അലബഹബാദിലാണ് ഇന്ദിരയുടെ ജനനം. അലഹബാദിലെ അനന്തഭവനിലാണ് ഇന്ദിരാഗാന്ധി കുട്ടിക്കാലം ചെലവഴിച്ചത്. മാതാപിതാക്കളുടെ തിരക്കിനിടയിൽ ഇന്ദിരയുടെ അനന്തഭവനിലെ ജീവിതം അധികം തനിച്ചുള്ളതായിരുന്നു. രവീന്ദ്രനാഥ് ടാഗോറാണ് പ്രിയദർശിനി എന്ന് ഇന്ദിരക്ക് നാമകരണം ചെയ്തത്. പിന്നീട് ഇന്ദിരാ പ്രിയദർശിനി എന്ന് അറിയപ്പെട്ടു. 
ദൽഹിയിലെ മോഡൽ സ്‌കൂളിലും അലഹബാദിലെ സെന്റ് മേരീസ് ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂളിലുമായാണ് ഇന്ദിരയുടെ സ്‌കൂൾ പഠനകാലം. 1930 എവിംഗ് ക്രിസ്ത്യൻ കോളേജിന് മുന്നിൽ വെച്ച് നടന്ന കോൺഗ്രസ് സ്വാതന്ത്ര്യ സമര സേനാനികളുടെ ഉപരോധ സമരത്തിനിടയിൽ വെച്ചാണ് കമലാ നെഹ്‌റുവിനെയും മകൾ ഇന്ദിരയെയും എവിംഗ് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥിയായ ഫിറോസ് ഗാന്ധിയെന്ന പാഴ്‌സി യുവാവ് പരിചയപ്പെടുന്നത്. അന്നത്തെ ഉപരോധത്തിനിടയിൽ സൂര്യതാപം ഏറ്റ് ബോധരഹിതയായ കമലാ നെഹ്‌റുവിനെ സമാശ്വസിപ്പിക്കുകയും പരിചരിക്കുകയുമുണ്ടായി. 
തൊട്ടടുത്ത ദിവസം ഫിറോസ് ഈ ഉപരോധ സമരത്തിന്റെ ഭാഗമാകുകയും ചെയ്തു. ഈ സമരത്തിനിടയിൽ ഇന്ദിര ഫിറോസ് ഗാന്ധിയുടെ മനസ്സിൽ കുടിയേറി നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പം പുലർത്തി പ്രവർത്തിച്ച ഫിറോസ് ഗാന്ധി 3 വർഷങ്ങൾക്കു ശേഷം ഇന്ദിരയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം കമലാ നെഹ്‌റുവുമായി പങ്കുവെച്ചു. എന്നാൽ 16 വയസ്സ് തികയാത്ത ഇന്ദിരയെ വിവാഹം കഴിപ്പിക്കാൻ കമലാ നെഹ്‌റു ഒരുക്കമായിരുന്നില്ല. തുടർന്നും കമലാ നെഹ്‌റുവിന്റെ സഹായിയായി ഫിറോസ് ഗാന്ധി ഒപ്പം നിന്ന് പ്രവർത്തിക്കുകയുണ്ടായി. 1935 ൽ കമലാ നെഹ്‌റുവിന്റെ ചികിത്സാർത്ഥം യൂറോപ്പിലേക്കുള്ള യാത്രക്ക് വഴിയൊരുക്കിയതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും ഫിറോസ് ഗാന്ധിയായിരുന്നു. 
ഏതാനും മാസങ്ങൾക്കു ശേഷം കമലാ നെഹ്‌റുവിന്റെ അവസാന നിമിഷങ്ങളിലും ഫിറോസ് ഗാന്ധി കൂടെ ഉണ്ടായിരുന്നു. മാതാവിന്റെ മരണത്തിനു ശേഷം 1937 ൽ ചരിത്ര വിദ്യാർത്ഥിനിയായി ഓക്‌സ്‌ഫോഡിലെ സമർവില്ലെ കോളേജിൽ ഇന്ദിരയുടെ കലാലയ ജീവിതത്തിന് ആരംഭം കുറിക്കുന്നത്. ഫിറോസ് ഗാന്ധി ആയിടക്ക് ലൻ സ്‌കൂൾ ഓഫ് എക്‌ണോമിക്‌സിൽ പ്രവേശനം നേടിയിരുന്നു. 
ഓക്‌സഫോഡിലെ ഇന്ദിരയുടെ സാന്നിധ്യം തന്നെയായിരുന്നു ഫിറോസിന്റെ ബ്രിട്ടനിലേക്കുള്ള ആഗമനത്തിനു പിന്നിൽ. 
ഏറെ വൈകാതെ അലഹബാദിൽ മൊട്ടിട്ട പ്രണയത്തിന്റെ സാക്ഷാത്കാരമാണ് ഓക്‌സഫോഡ് ഫിറോസിന് സമ്മാനിച്ചത്. ഓക്‌സഫോഡിലെ മനോഹരമായ തെരുവുകളും ആ പ്രണയത്തിനു സാക്ഷിയായി. ഫിറോസ് ഒഴിവ് ദിനങ്ങളിലൊക്കെ ഓക്‌സ്‌ഫോഡിൽ ഇന്ദിരയെ സന്ദർശിക്കുമായിരുന്നു. ഇന്ദിര പഠിക്കുന്ന സമർവില്ലെ കോളേജിന്റെ കവാടത്തിനരികിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ചകൾ ഓക്‌സ്‌ഫോഡിലെ മനോഹരമായ തെരുവുകളിലൂടെ ഒഴിവു സമയം ഇരുവരും ചെലവഴിച്ചു.
 ഫിറോസ് ഗാന്ധിക്ക് 1933 ലാണ് ഇന്ദിരയോട് പ്രണയം തുടങ്ങിയതെങ്കിലും 4 വർഷം പിന്നിട്ട് 1937 ലാണ് ഇരുവരും തമ്മിലുള്ള ദൃഢമായ പ്രണയം ആരംഭിക്കുന്നത്. 1942 ൽ ഹിന്ദു ആചാരപ്രകാരം ഇരുവരും മിശ്രവിവാഹിതരാവുകയും ചെയ്തു. മതത്തിന്റെ മതിൽകെട്ടും, രാജ്യത്തിന്റെ അതിർവരമ്പുകൾക്കും അതീതമായിട്ടുള്ള പ്രണയമായിരുന്നു ഫിറോസ് ഗാന്ധിയുടെയും ഇന്ദിരയുടെയും.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരുവരും ജയിലിൽ അടക്കപ്പെട്ടു. ഫിറോസ് ഗാന്ധിക്ക് ഒരു വർഷത്തെ ജയിൽ വാസമാണ് വിധിച്ചത്. ജയിൽ വാസം കഴിഞ്ഞ് ഇരുവരും പിന്നീട് സമാധാന പൂർണമായിട്ടുള്ള ദാമ്പത്യ ജീവിതം നയിച്ചു. 1944 ൽ രാജീവ് ഗാന്ധിക്കും, 1946 ൽ സഞ്ജയ് ഗാന്ധിക്കും ഇന്ദിര ജന്മം നൽകി. 1960 ൽ ഫിറോസ് ഗാന്ധിയുടെ വിയോഗത്തിനുശേഷം ഇന്ദിര മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു. 
1950 മുതൽ പിതാവും പ്രധാനമന്ത്രിയുമായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ഓഫീസ് സഹായിയായി സേവനം അനുഷ്ഠിക്കുകയും 1950 തുകളുടെ അവസാനം ഇന്ദിരയെ കോൺഗ്രസ് പ്രസിഡായി തെരഞ്ഞെടുക്കുകയും 1964 ൽ പിതാവ് ജവഹർലാൽ നെഹ്‌റുവിന്റെ വിയോഗത്തിനുശേഷം ഇന്ധിരാഗാന്ധി ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ അംഗമായി പ്രവർത്തിച്ചു. 2 വർഷങ്ങൾക്കു ശേഷം ലാൽ ബഹദൂർ ശാസ്ത്രിയുടെ വിയോഗത്തെ തുടർന്ന് ഇന്ദിരാഗാന്ധിയെ കോൺഗ്രസ് പാർലമെന്റ് പാർട്ടി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ദിരാഗാന്ധിയുടെ ധീരമായ നിലപാടുകളും കഴിവും രാജ്യാന്തര തലങ്ങളിൽ തന്നെ ഏറെ ചർച്ച ചെയ്തു. പതിനഞ്ച് വർഷക്കാലം പ്രധാനമന്ത്രിയായി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്ദിരാഗാന്ധി മുന്നേറി.
ഈ ലേഖകന്റെ ബ്രിട്ടനിലെ കോളേജ് പഠന കാലത്ത് ഒരിക്കൽ ഒരു ഫ്രഞ്ചുകാരി സുഹൃത്തിനെ പരിചയപ്പെടുകയുണ്ടായി. അവളുടെ നാമം ഇന്ത്യാന എന്നായിരുന്നു. ഒരു ദിവസം സംസാരത്തിനിടയിൽ അവളോട് ചോദിച്ചു ഇന്ത്യാന എന്ന നാമകരണം ചെയ്യാൻ കാരണം ഇന്ത്യക്കാരോടുള്ള അധിയായ സ്‌നേഹം കൊണ്ടാണോ? അവരുടെ മറുപടി എന്നെ ഏറെ സ്പർശിച്ചു.
 ഇന്ത്യയേക്കാൾ കൂടുതൽ എന്റെ മാതാവിന് ഇന്ദിരാഗാന്ധി എന്ന ധീരവനിതയോടുള്ള ആരാധനയായിരുന്നു അങ്ങനെയാണ് ഇന്ദിരയുടെ ''ഇന്ദി''യും മാതാവിന്റെ നാമത്തിൽ നിന്നും ''അന''യും രണ്ട് നാമങ്ങൾ യോജിപ്പിച്ചുകൊണ്ട് ഇന്ത്യാന എന്ന് എനിക്ക് നാമകരണം ചെയ്തത്. 
ഇന്നും ലോക ജനതയുടെ ഹൃദയങ്ങളിൽ ഇന്ദിരാഗാന്ധി നിറഞ്ഞു ജീവിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഇന്ത്യാനയുടെ ഈ വാക്കുകൾ. 
 24 വർഷം പന്നിടുന്നു ആ ധീരതയുടെ പ്രതീകമായിരുന്ന ഇന്ദിരാഗാന്ധി നമ്മളിൽ നിന്നും മാഞ്ഞുപോയിട്ട്. 1984 ഒക്‌ടോബർ 31 ന് രാവിലെ 9-20 ന് ന്യൂദൽഹിയിലെ സഫ്ദർജംഗ് റോഡിലെ വസതിയിൽ വെച്ചായിരുന്നു സത്വവന്ദ്‌സിംഗ്, ഭീംസിഗ് എന്നീ അംഗരക്ഷകർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു നേരെ നിറയൊഴിച്ചത്. 
1984 ലെ ഓപറേഷൻ ബ്ലൂസ്റ്റാറും അതേത്തുടർന്നുണ്ടായ സിക്ക് കലാപവുമാണ് ഇന്ധിരാഗാന്ധി എന്ന ഉരുക്കു വനിതയുടെ ജീവൻ പൊലിയാൻ കാരണമായിത്തീർന്നത്. ഒരിക്കലും മരിക്കാത്ത ആ ഓർമകൾക്കു മുമ്പിൽ ബാഷ്പാഞ്ജലി. 

 

Latest News