പത്തനംതിട്ട- ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്ന ബി.ജെ.പി പുതിയ സമര തന്ത്രം പയറ്റുന്നു. ഇതിന്റെ ആദ്യപടിയായാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് പമ്പയിലെത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു കേന്ദ്ര മന്ത്രിമാരേയും പാര്‍ട്ടി ദേശീയ നേതാക്കളേയും കൂട്ടത്തോടെ ശബരിമലയില്‍ എത്തിച്ച് പോലീസിനെ വെല്ലുവിളിക്കാനാണ് നീക്കം. ഇവര്‍ക്കൊപ്പം മറ്റു പാര്‍ട്ടി നേതാക്കളും ശബരിമല കയറും. ഇവരെ തടയാന്‍ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരുന്നു. കൂട്ടമായി എത്തിയാല്‍ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ തീരുമാനത്തെ നേരിടാനാണ് ബി.ജെ.പിയുടെ ഒരുക്കം.
മണ്ഡല കാലം മുഴുവന്‍ കേന്ദ്രമന്ത്രിമാരേയും നേതാക്കളേയും ശബരിമലയിലെത്തിക്കാനാണു ആര്‍.എസ്.എസിന്റെ ആസൂത്രണത്തില്‍ ബി.ജെ.പിയുടെ തീരുമാനം. തിങ്കളാഴ്ച എത്തുന്ന മന്ത്രി കണ്ണന്താനത്തോടൊപ്പം സംസ്ഥാന നേതാക്കള്‍ക്കു പുറമെ കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എംല്‍എമാരും ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, നളിന്‍കുമാര്‍ കട്ടീല്‍, വി. മുരളീധരന്‍ എം.പി എന്നിവരാണ് മലയകയറുക. ആര്‍.എസ്.എസ് നിയോഗിച്ചിട്ടുള്ള സംഘടനാ സെക്രട്ടറിമാരാണ് നേതാക്കളുടെ ശബരിമല യാത്ര ആസൂത്രണം ചെയ്യുന്നത്.
ഇനി മുതല്‍ കേരളത്തിനു പുറത്തുള്ള എം.എല്‍.എമാരും എംപിമാരും ശബരിമല സന്ദര്‍ശിക്കാനെത്തുമെന്ന് ഇന്നലെ ബി.ജെ.പി സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ ജയിലുകള്‍ നിറയുമെന്നും അദ്ദേഹം പറഞ്ഞു.