സന്നിധാനത്ത് രാത്രി വൈകി കൂട്ട അറസ്റ്റ്; ഇന്നും പ്രതിഷേധ ദിനം

പത്തനംതിട്ട- ശബരിമലയില്‍ ഞായറാഴ്ച രാത്രി നടയടച്ചതിനു ശേഷവും സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. മാളികപ്പുറത്ത് വിരിവയ്ക്കാന്‍ അനുവദിക്കാതെ പോലീസ് ഭക്തരെ തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. പോലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ അനുസരിക്കാതെ വന്നതോടെ ഇവരെ അറസ്റ്റ് ചെയത് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. അമ്പതോളം പേരാണ് അറസ്റ്റിലായത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കും.

സന്നിധാനത്ത് നടന്ന അറസ്റ്റില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രതിഷേധം തുടങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ പുലര്‍ച്ചെ നാമജപ പ്രതിഷേധം നടന്നു. ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് പമ്പയിലെത്തുന്നുണ്ട്. കൂടെ ബി.ജെ.പി നേതാക്കളുണ്ടാകുമെന്നും കഴിയുമെങ്കില്‍ തടയാമെന്നും ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.
 

Latest News