Sorry, you need to enable JavaScript to visit this website.

റിസർവ് ബാങ്ക് നിർണായക യോഗം നാളെ

  • ധന മന്ത്രാലയ പ്രതിനിധികളും ഉർജിത് പട്ടേൽ വിഭാഗവും കൊമ്പുകോർക്കും

ന്യൂദൽഹി- കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഗവർണറും തമ്മിലുള്ള ഭിന്നത നിലനിൽക്കെ ആർ.ബി.ഐയുടെ നിർണായക ഡയറക്ടർ ബോർഡ് യോഗം നാളെ ചേരുന്നു. വിവിധ വിഷയങ്ങളിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെതിരെ ധനമന്ത്രാലയ പ്രതിനിധികളും, മറ്റ് ഏതാനും ഡയറക്ടർമാരും കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് സർക്കാർ പണം ആവശ്യപ്പെട്ടതും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പയും അടക്കമുള്ള കാര്യങ്ങളിലാവും യോഗത്തിൽ പ്രധാനമായും വാദപ്രതിവാദങ്ങൾ ഉണ്ടാവുക.
യോഗത്തിൽ ഉർജിത് പട്ടേൽ സ്ഥാനമൊഴിയണമെന്ന് മറുഭാഗം ശക്തമായി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. എന്നാൽ അദ്ദേഹം വഴങ്ങാനിടയില്ലെന്നും റിസർവ് ബാങ്കിന്റെ നയങ്ങളിൽ ഒരു മാറ്റത്തിനും തയാറല്ലെന്ന് വ്യക്തമാക്കുമെന്നും അറിയുന്നു. 
18 അംഗ ബോർഡിൽ ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ നാലംഗങ്ങളും ഒറ്റക്കെട്ടായി നിൽക്കും. ഗവർണർ നോമിനേറ്റ് ചെയ്തവരൊഴികെ ബോർഡിലെ മറ്റംഗങ്ങൾ കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്തവരാണ്. ഇതിൽ ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരായ നിഷ്പക്ഷ അംഗങ്ങളുമുണ്ട്. 
പ്രതിസന്ധി നീട്ടിക്കൊണ്ടു പോകുന്നതിന് സർക്കാരിനും റിസർവ് ബാങ്കിനും താൽപര്യമില്ലാത്തതിനാൽ ഇന്നത്തെ യോഗത്തിൽ എന്തെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിനുള്ള സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രോംപ്ട് കറക്ടീവ് ആക്ഷനിൽ (പി.സി.എ) ഇളവു വരുത്തുന്നതും, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പാ നയം ഉദാരമാക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ ചിലപ്പോൾ യോജിപ്പിന് സാധ്യതയുണ്ട്. ഇളവു വരുത്തിയാൽ ചില പൊതുമേഖലാ ബാങ്കുകൾക്ക് ഈ സാമ്പത്തിക വർഷം തന്നെ പി.സി.എ ശൃംഖലയിൽനിന്ന് പുറത്തുവരാം. നിലവിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളിൽ 11 എണ്ണമാണ് പി.സി.എയിൽ വരുന്നത്. ഇത്തരം ബാങ്കുകൾ വായ്പാ കുടിശ്ശിക വരുത്തുന്നവർക്ക് വീണ്ടും വായ്പ നൽകാതിരിക്കുന്നതടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്.

Latest News