Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക രാജ്യങ്ങൾക്ക് സൗദി നൽകിയത്  8470 കോടി ഡോളറിന്റെ സഹായം

പോളണ്ടിലെ വാഴ്‌സ യൂനിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ.അബ്ദുല്ല അൽറബീഅ സംസാരിക്കുന്നു.

റിയാദ്- രണ്ടു ദശകത്തിനിടെ ലോക രാജ്യങ്ങൾക്ക് സൗദി അറേബ്യ 8470 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സൂപ്പർവൈസർ ജനറലുമായ ഡോ.അബ്ദുല്ല അൽറബീഅ പറഞ്ഞു. സൗദി അറേബ്യ നടത്തുന്ന ദുരിതാശ്വാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കുന്നതിന് പോളണ്ടിലെ വാഴ്‌സ യൂനിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ലോകത്തെ 79 രാജ്യങ്ങൾക്കാണ് ഇത്രയും സഹായം സൗദി അറേബ്യ നൽകിയത്. കോടിക്കണക്കിന് ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. മത, വംശ, വർണ പരിഗണനകൾ നോക്കാതെയാണ് സൗദി അറേബ്യ ലോക രാജ്യങ്ങൾക്ക് ദുരിതാശ്വാസ സഹായങ്ങൾ നൽകുന്നത്. 
ലോകത്ത് വ്യവസ്ഥാപിതമായും സുസംഘടിതമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹുമാനിറ്റേറിയൻ എയ്ഡ് സെന്റർ സ്ഥാപിക്കുന്നതിന് 2015 മെയ് 13 ന് ആണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിദേശം നൽകിയത്. മൂന്നര വർഷത്തിനിടെ 42 രാജ്യങ്ങളിൽ 192.5 കോടി ഡോളർ ചെലവഴിച്ച് 482 റിലീഫ് പദ്ധതികൾ കിംഗ് സൽമാൻ റിലീഫ് സെന്റർ നടപ്പാക്കിയിട്ടുണ്ട്. രണ്ടര വർഷത്തിനിടെ റിലീഫ് പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുകയുടെ 86 ശതമാനവും യെമനു വേണ്ടിയാണ് നീക്കിവെച്ചത്. യെമനിൽ 166 കോടി ഡോളറിന്റെ റിലീഫ് പദ്ധതികൾ നടപ്പാക്കി. 
യെമനിൽനിന്നുള്ള 5,61,911 അഭയാർഥികൾക്കും സിറിയയിൽ നിന്നുള്ള 2,83,449 അഭയാർഥികൾക്കും മ്യാന്മറിൽ നിന്നുള്ള 2,49,669 അഭയാർഥികൾക്കും സൗദി അറേബ്യ ആതിഥ്യം നൽകുന്നു. സൗദി അറേബ്യയിലെ ആകെ ജനസംഖ്യയുടെ 5.36 ശതമാനം അഭയാർഥികളാണ്. ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ച രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. 
സൗദി അറേബ്യ നടത്തുന്ന ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച സുതാര്യവും വിശ്വാസയോഗ്യവും വസ്തുനിഷ്ഠവുമായ വിവരങ്ങൾ മാധ്യമങ്ങൾക്കും ഗവേഷകർക്കും മറ്റും ലഭ്യമാക്കുന്നതിന് കിംഗ് സൽമാൻ റിലീഫ് സെന്റർ ഓൺലൈൻ പ്ലാറ്റ്‌ഫോം സ്ഥാപിച്ചു വരികയാണ്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 2007 മുതൽ ഇതുവരെയുള്ള കാലത്തെ റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച സമ്പൂർണ വിവരങ്ങളും 1996 മുതൽ ഇതുവരെയുള്ള റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച സമഗ്ര വിവരങ്ങളും 1975 മുതൽ ഇതുവരെയുള്ള ദുരിതാശ്വാസ സഹായങ്ങളെ കുറിച്ച പൂർണ വിവരങ്ങളും ലോകത്തെവിടെയുമുള്ള ആർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ശ്രമം. 
2015 മുതൽ ഇതുവരെ യെമന് സൗദി അറേബ്യ 1118 കോടി ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ 113 കോടി ഡോളർ യെമൻ അഭയാർഥികൾക്ക് നൽകിയ സഹായമാണ്. 295 കോടി ഡോളർ യെമന് നൽകിയ വികസന സഹായമാണ്. 227 കോടി ഡോളറിന്റെ സഹായം യെമൻ ഗവൺമെന്റിന് നൽകി. യെമൻ കേന്ദ്ര ബാങ്കിന് 300 കോടി ഡോളറിന്റെ സഹായം നൽകി. കിംഗ് സൽമാൻ റിലീഫ് സെന്റർ വഴി 170 കോടിയോളം ഡോളർ സഹായം നൽകി. യു.എൻ ഏജൻസികളുമായും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളും അടക്കം 80 പങ്കാളികളുമായി സഹകരിച്ച് യെമനിൽ 294 പദ്ധതികൾ കിംഗ് സൽമാൻ റിലീഫ് സെന്റർ നടപ്പാക്കി. 
യെമനിൽ കോളറ നിർമാർജനത്തിന് ലോകാരോഗ്യ സംഘടനക്കും യൂനിസെഫിനും 6.67 കോടി ഡോളർ നൽകി. യെമനിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് 28 കോടിയിലേറെ ഡോളർ ചെലവഴിച്ച് 132 പദ്ധതികളും കുട്ടികളെ ലക്ഷ്യമിട്ട് 47 കോടി ഡോളറിന്റെ 136 പദ്ധതികളും നടപ്പാക്കി. 
യെമനിൽ സാധാരണക്കാരുടെ ജീവന് ഭീഷണിയായ മൈനുകൾ നീക്കം ചെയ്യുന്നതിന് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്. നാനൂറിലേറെ വിദഗ്ധർ പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്നു. മാരിബ്, ഏദൻ, തഇസ്, സൻആ ഗവർണറേറ്റുകളിൽ പദ്ധതി നടപ്പാക്കുന്നതിന് നാലു കോടി ഡോളർ അനുവദിച്ചിട്ടുണ്ട്. യെമനിൽ കരയിലും സമുദ്രത്തിലുമായി പത്തു ലക്ഷത്തിലേറെ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് സ്ഥാപിച്ച മൈനുകളുടെ എത്രയോ ഇരട്ടിയാണിത്. മൈൻ സ്‌ഫോടനത്തിൽ ഇനിയും എത്രയോ പേർക്ക് യെമനിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. 
മൈൻ സ്‌ഫോടനത്തിൽ അംഗവൈകല്യം സംഭവിച്ച, മാരിബിലെ 601 പേർക്ക് 605 കൃത്രിമ അവയവങ്ങൾ കിംഗ് സൽമാൻ റിലീഫ് സെന്റർ സഹായത്തോടെ ഘടിപ്പിച്ചുനൽകിയിട്ടുണ്ട്. കൃത്രിമ അവയവ സാങ്കേതിക മേഖലയിൽ യെമനിൽ ആറു സംഘങ്ങൾക്ക് വിദഗ്ധ പരിശീലനവും നൽകിയിട്ടുണ്ട്. മൈൻ സ്‌ഫോടനത്തിൽ അംഗവൈകല്യം നേരിടുന്നവർക്ക് കൃത്രിമ അവയവങ്ങൾ ഘടിപ്പിച്ചു നൽകുന്നതിന് മാരിബിലും ഏദനിലും ദക്ഷിണ സൗദിയിലെ ആശുപത്രികളിലും കൃത്രിമ അവയവ സെന്ററുകൾ സ്ഥാപിച്ചു വരികയാണ്. 
യുദ്ധമുന്നണിയിലേക്ക് ഹൂത്തികൾ റിക്രൂട്ട് ചെയ്ത രണ്ടായിരം യെമനി കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയും സെന്റർ നടപ്പാക്കുന്നുണ്ട്. സൗദി അറേബ്യക്കു നേരെ 205 തവണ ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് തവണ ഷെല്ലാക്രമണങ്ങളും നടത്തി. ഈ ആക്രമണങ്ങളിൽ 122 സാധാരണക്കാർ കൊല്ലപ്പെടുകയും 946 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ 41 സ്‌കൂളുകൾക്കും ആറു ആശുപത്രികൾക്കും 20 മസ്ജിദുകൾക്കും കേടുപാടുകൾ സംഭവിച്ചു. യെമൻ അതിർക്കു സമീപത്തെ ഗ്രാമങ്ങളിൽ നിന്ന് ഇരുപതിനായിരത്തിലേറെ സൗദി പൗരന്മാർ പലായനം ചെയ്തതായും ഡോ.അബ്ദുല്ല അൽറബീഅ പറഞ്ഞു. 
പോളണ്ടിലെ സൗദി അംബാസഡർ മുഹമ്മദ് മദനിയും പോളണ്ടിലെ യെമൻ അംബാസഡർ മിർഫത് മജലിയും പോളിഷ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരും സൗദി, പോളണ്ട് പാർലമെന്റ് ഗ്രൂപ്പ് അംഗങ്ങളും ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും പോളണ്ടിലെ അറബ് അംബാസഡർമാരും സൗദിയിലെ മുൻ പോളിഷ് അംബാസഡർമാരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. 

 

 

Latest News