മക്ക- ജോലി ഉപേക്ഷിച്ച് 12 മാസത്തിന് ശേഷം അവകാശങ്ങൾ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് തൊഴിലുടമക്കെതിരെ പരാതി ഉന്നയിക്കാൻ തൊഴിലാളിക്ക് ഇനി മുതൽ അവകാശമുണ്ടാകില്ല. ഇതു സംബന്ധിച്ച് തൊഴിൽ നിയമാവലിയിൽ വരുത്തിയ ഭേദഗതിക്ക് സൗദി കാബിനറ്റ് അംഗീകാരം നൽകി.
തൊഴിൽ കരാർ അവസാനിച്ച് 12 മാസത്തിന് ശേഷം പരാതി നൽകുന്ന തൊഴിലാളി വൈകിയതിന്റെ കാരണം കോടതിയെ ബോധിപ്പിക്കേണ്ടിവരും.
അല്ലെങ്കിൽ തൊഴിലുടമ വൈകിയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് അംഗീകരിക്കണമെന്ന് ഭേദഗതി വ്യക്തമാക്കുന്നു.
തൊഴിൽ തർക്കം ലേബർ കോടതിയിൽ ഉന്നയിക്കുന്നതിന് മുമ്പ് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി സ്ഥലത്തെ ലേബർ ഓഫീസിനെയാണ് സമീപിക്കേണ്ടത്.
തൊഴിലാളികളുടെ പരാതികൾ പരിഗണിക്കാൻ സാവകാശം പാടില്ലെന്നും ഭേദഗതി വരുത്തിയ തൊഴിൽ നിയമാവലി വ്യക്തമാക്കുന്നു.
ജോലിയോ ജോലിയിലെ വ്യവസ്ഥയോ കാരണം തൊഴിലാളികളുടെ സംഘമോ അല്ലെങ്കിൽ മുഴുവൻ തൊഴിലാളികളോ ഒന്നോ അതിലധികമോ തൊഴിലുടമകൾക്കെതിരായി ഉന്നയിക്കുന്ന പരാതി വ്യക്തിഗത കേസ് ആയി പരിഗണിക്കാൻ പാടില്ലെന്നും തൊഴിൽ നിയമാവലി അനുശാസിക്കുന്നു.