ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പേ പിരിച്ചുവിട്ട മാനേജിംഗ് കമ്മിറ്റിക്ക് പകരം കമ്മിറ്റിയെ കണ്ടെത്തുന്നതിനാണ് തെരഞ്ഞെടുപ്പ്. സൗദി വിദേശ മന്ത്രാലയത്തിലെ വിദേശ വിദ്യാഭ്യാസ വിഭാഗം ഡയരക്ടറുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് തെരഞ്ഞെടുപ്പ്. നടപടിക്രമങ്ങളുടെ ആദ്യ പടിയായി വോട്ടേഴ്‌സ് ലിസ്റ്റ് തയാറാക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. ലിസ്റ്റ് നവംബർ 21 ന് പ്രസിദ്ധീകരിക്കും. ഇത് സ്‌കൂൾ വെബ്‌സൈറ്റിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്‌കൂൾ സെക്യൂരിറ്റി റൂമിനു സമീപത്തെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കും. ലിസ്റ്റിൽ പേരില്ലാത്തവർക്കും തെറ്റുകൾ തിരുത്തേണ്ടവർക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.ടി സെക്ഷനെ സമീപിക്കാം. തിരുത്തലിനും പേരു ചേർക്കുന്നതിനും വേണ്ടിയുള്ള അപേക്ഷ 25 ന് വൈകുന്നേരം 3.30 നും ഏഴിനും ഇടയിലായി ഹെൽപ് ഡസ്‌കിലാണ് നൽകേണ്ടത്.
വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വരുന്നതിന് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവും ഇന്ത്യൻ പൗരനുമായിരിക്കണം. 2018 ഒക്‌ടോബർ വരെയുള്ള ഫീസ് അടച്ചിരിക്കണം. കാലാവധിയുള്ള ഇഖാമ ഉണ്ടായിരിക്കണം. സ്‌കൂൾ ജീവനക്കാരനോ, സ്‌കൂളിൽ ജോലി ചെയ്യുന്നവരുടെ ഭാര്യയോ, ഭർത്താവോ ആവാൻ പാടില്ല. ഏഴ് അംഗങ്ങൾ ഉൾപ്പെടുന്നതാണ് മാനേജിംഗ് കമ്മിറ്റി. ഇതിൽ മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി അഞ്ച് പേരെയായിരിക്കും തെരഞ്ഞെടുക്കുക. രണ്ട് പേരെ രക്ഷിതാക്കളിൽനിന്നു തന്നെ നാമനിർദേശം ചെയ്യും. മൂന്ന് വർഷമായിരിക്കും കാലാവധി.
8000 റിയാലിൽ കൂടുതൽ പ്രതിമാസ ശമ്പളമുള്ള ബിരുദധാരികൾക്ക് മാത്രമാണ് സ്ഥാനാർഥികളാകാൻ അർഹത. രക്ഷിതാവെന്ന നിലയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ആയിരിക്കണം. 12 ാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് മത്സരിക്കാനാവില്ല. അപേക്ഷകൻ അംഗീകൃത സ്ഥാപനത്തിൽ ഉത്തരവാദപ്പെട്ട ജോലിയുള്ളയാളായിരിക്കണം.
സ്‌കൂൾ ജീവനക്കാരുടെ ബന്ധുവോ, മുൻ ജീവനക്കാരനോ, എംബസി, കോൺസുലേറ്റ് ജീവനക്കാരനോ ആവാൻ പാടില്ല. ചേംബർ അറ്റസ്റ്റ് ചെയ്ത സ്‌പോൺസറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. മുൻ കമ്മിറ്റികളിൽ അംഗങ്ങളായിരുന്നവർക്ക് അർഹതയില്ല. മുമ്പ് അംഗങ്ങളായിരുന്നവരാണെങ്കിൽ അവർ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശ വിദ്യാഭ്യാസ ഡയറക്ടർ ജനറലിൽനിന്ന് അനുമതി തേടണം. അങ്ങനെ തേടിയവർ രണ്ടിൽ കൂടുതൽ പേർ ആവാനും പാടില്ല. എംബസിയോ, കോൺസുലേറ്റോ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും സാമ്പത്തിക ഭദ്രതയും സ്വഭാവവും ഉറപ്പു വരുത്തുന്നതിന് രണ്ട് ഇന്ത്യൻ പൗരന്മാരുടെ ഗാരണ്ടിയും വേണം. ഭരണ സമിതി അംഗമായാൽ സ്‌കൂളിന്റെ പുരോഗതിക്കും വിദ്യാഭ്യാസ പുരോഗതിക്കും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും നൂറു വാക്കിൽ കുറയാതെയുള്ള കുറിപ്പും തയാറാക്കണം. ജോലി സ്‌കൂളിന്റെ പിരിധിയിൽ വരുന്ന പ്രദേശത്തായിരിക്കണം എന്നതും സ്ഥാനാർഥിയാകുന്നതിനുള്ള യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. നാമനിർദേശ പത്രികയോടൊപ്പം ഇതെല്ലാം ഹാജരാക്കണം. നാമനിർദേശ പത്രിക താമസിയാതെ വിതരണം ചെയ്യും. ഇതു സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിലും സർക്കുലർ വഴിയും ലഭ്യമാക്കും.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ ചേരുക