കുവൈത്ത് സിറ്റി- കനത്ത മഴയിലും പ്രളയത്തിലും ജനജീവിതം സ്തംഭിച്ച് കുവൈത്ത് സാധാരണ നിലയിലേക്ക്. പ്രളയജലം പൂര്‍ണമായും ഒഴിഞ്ഞിട്ടുണ്ട്. ജനജീവിതം സാധാരണഗതിയിലെത്തി. വ്യാഴാഴ്ച 12 മണിക്കൂറിലേറെ അടച്ചിട്ട വിമാനത്താവളം തുറന്നുവെങ്കിലും വിമാന സര്‍വീസ് സാധാരണ ഗതിയില്‍ ആയിട്ടില്ല. കുവൈത്ത് എയര്‍വെയ്‌സിന്റെ വിമാനങ്ങള്‍ പലതും റീഷെഡ്യൂള്‍ ചെയ്തതിനാല്‍ വിമാനം പുറപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
റോഡുകളില്‍നിന്ന് വെള്ളക്കെട്ടുകള്‍ പൂര്‍ണമായും മാറിയതോടെ റോഡ് ഗതാഗതം സുഗമമായി. ഗതാഗത നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടുണ്ട്. സ്‌കൂളുകളും ഓഫീസുകളും സാധാരണ നിലയിലെത്തി. വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് ശേഷം ഇവയെല്ലാം തുറന്നു പ്രവര്‍ത്തനം തുടങ്ങി.
കുവൈത്ത് ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത കനത്ത പ്രളയത്തിനാണ് കഴിഞ്ഞാഴ്ച കുവൈത്ത് ഇരയായത്. ന്യൂനമര്‍ദമാണ് കനത്ത മഴക്ക് കാരണമായത്.