പത്തനംതിട്ട- ശബരിമലയിലേക്ക് വിലക്ക് ലംഘിച്ച് പോകുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലടച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.30ഓടെ സുരേന്ദ്രനേയും കൂടെ അറസ്റ്റിലായ രണ്ടു പേരേയും ജില്ലാ ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. രാവിലെ ഏഴു മണിയോടെയാണ് മജസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. സുരേന്ദ്രന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അടുത്ത ദിവസമെ കോടതി പരിഗണിക്കൂ.
സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. വിവിധയിടങ്ങളില്‍ ദേശീയ പാത ഉപരോധിക്കും. വാഹനങ്ങള്‍ തടയും. രാവിലെ 10 മണി മുതല്‍ 11.30 വരെയാണ ഉപരോധം. ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു.