Sorry, you need to enable JavaScript to visit this website.

ശബരിമല: കലുഷിതം കേരളം

ശബരിമല ദർശനത്തിനെത്തിയ കെ. സുരേന്ദ്രൻ നിലയ്ക്കലിൽ പോലീസ് തടഞ്ഞതിനെത്തുടർന്ന് പോലീസുകാരോട് കയർക്കുന്നു.

തിരുവനന്തപുരം- ശബരിമലയെ സംഘർഷ ഭൂമിയാക്കാനുളള ബി.ജെ.പിയുടെ ശ്രമവും അതിനെ എന്തു വില കൊടുത്തും നേരിടാനുള്ള സർക്കാറിന്റെ നീക്കവും സംസ്ഥാനമാകെ കലുഷിതമാക്കുന്നു. ഇരുമുടിക്കെട്ടുമായി മല ചവിട്ടാനെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെയും പോലീസ് അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി. നട തുറന്ന വൃശ്ചികം ഒന്നിന് അത്യന്തം നാടകീയ സംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയത്.

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ ഇന്നലെ സന്ധ്യയോടെയാണ് നിലയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്തത്. കരുതൽ അറസ്റ്റാണെന്ന് പോലീസ് പറഞ്ഞു. ദർശനത്തിന് പോകുകയാണെന്നും പ്രകോപനമുണ്ടാക്കുക ലക്ഷ്യമല്ലെന്നും സുരേന്ദ്രൻ പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന തൃശൂർ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും മറ്റു നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 'വെടിവെച്ചിട്ടോളൂ.. ഇല്ലെങ്കിൽ ഞാൻ പോകും' എന്ന് പറഞ്ഞ സുരേന്ദ്രനെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇവർ ചിറ്റാർ പോലീസ് സ്റ്റേഷനിലാണുള്ളത്. പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് സൂചന.

സുരേന്ദ്രന്റെ അറസ്റ്റിനോട് രൂക്ഷമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പ്രതികരിച്ചത്. ഇരുമുടിക്കെട്ടുമായി പോയ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. നീചമായ നടപടിയാണ് പോലീസിന്റേത്. സംസ്ഥാന പോലീസ് മേധാവി എല്ലാ തത്വങ്ങളും ലംഘിക്കുകയാണ്. 

അറസ്റ്റ് വാർത്ത പുറത്തു വന്നയുടൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. ബസുകൾ തടഞ്ഞു. പോലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊച്ചിയിലും പ്രതിഷേധ സമരം രാത്രി വൈകിയും തുടരുകയാണ്.

സുരേന്ദ്രനെയും കൂട്ടരെയും പാർപ്പിച്ചിരിക്കുന്ന ചിറ്റാർ പോലീസ് സ്റ്റേഷന് മുന്നിലും വലിയ പ്രതിഷേധം തുടരുകയാണ്. പല ഭാഗത്തുനിന്നും ഇവിടേക്ക് പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞു. കൂടുതൽ ബി.ജെ.പി നേതാക്കളും ശബരിമലയിലേക്ക് എത്തുന്നുണ്ട്. 

സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനമാകെ സ്തംഭിപ്പിക്കാനാണ് ബി.ജെ.പി നീക്കം. ദേശീയ പാതകളിൽ വാഹനങ്ങൾ തടയുമെന്ന് ബി.ജെ.പി അറിയിച്ചു. പ്രതിഷേധ മാർച്ചുകൾ വ്യാപകമാക്കാനും തീരുമാനമുണ്ട്. ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.  

ശനിയാഴ്ച പുലർച്ചെ സന്നിധാനത്തേക്കുള്ള വഴിയിൽ മരക്കൂട്ടത്തു വെച്ചാണ് പോലീസ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തത്. ഉച്ചയോടെ തിരുവല്ല കോടതി ഇവർക്ക് ജാമ്യം നൽകിയതോടെ മോചിതയായി. പോലീസ് സ്റ്റേഷനിൽ ഉപവാസമിരുന്ന ഇവർക്ക് ജാമ്യം ലഭിച്ചതോടെ ബി.ജെ.പി നേതാക്കളെത്തി കരിക്കിൻ വെള്ളം നൽകി. 
അറസ്റ്റിൽ പ്രതിഷേധിച്ച് മരക്കൂട്ടത്ത് ആരംഭിച്ച സമരവും ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്ന് ഇവർ വീണ്ടും സന്നിധാനത്തേക്ക് പുറപ്പെടും.

ശശികലയെ പാർപ്പിച്ച റാന്നി പോലീസ് സ്റ്റേഷനും വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. പല  ഭാഗങ്ങളിൽനിന്നായി സംഘ്പരിവാർ  പ്രവർത്തകർ  റാന്നി സ്റ്റേഷനിലേക്ക് എത്തി. രാവിലെ എട്ട് മണിയോടെ  പ്രവർത്തകർ  സ്റ്റേഷന്റെ മുറ്റത്ത് അയ്യപ്പന്റെ ചിത്രം വെച്ച് ശരണം വിളി തുടങ്ങി. 
11 മണിയോടെ സ്റ്റേഷൻ പരിസരവും റോഡും ആയിരക്കണക്കിന്  പ്രതിഷേധക്കാരെക്കൊണ്ട്  നിറഞ്ഞു. ബി.ജെ.പിയുടെയും ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാർ സംഘടനകളുടെയും നേതാക്കളും എത്തി. 

ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹർത്താൽ ആചരിച്ചു. വൈകിയെത്തിയ ഹർത്താൽ ആഹ്വാനം ജനജീവിതം സ്തംഭിപ്പിച്ചു. മുന്നറിയിപ്പില്ലാത്ത സമരം വലച്ചത് ആയിരങ്ങളെ. പലേടത്തും ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചുവിട്ടു. കോഴിക്കോട്ട് സി.പി.എം നേതാവ് പി. മോഹനന്റെ മകനും ഭാര്യയും അക്രമത്തിനിരയായി.

സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും വിമർശനത്തിന് ഇരയായി. നട തുറക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് പമ്പയിൽനിന്ന് തീർഥാടകരെ അയക്കുക. നടയടക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് പ്രവേശനം നിർത്തിവെക്കുകയും ചെയ്യും. കർശനമായ വാഹന പരിശോധനയും പോലീസ് നടത്തുന്നുണ്ട്. പമ്പയിലും പരിസരങ്ങളിലും തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും പരാതിയുണ്ട്. ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം നേരിട്ടു.

ശബരിമല സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞപ്പോൾ, സംഘ്പരിവാറും സി.പി.എമ്മും തമ്മിലുള്ള ധാരണയനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമലയിൽ തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ.് ശിവകുമാർ എന്നീ മുതിർന്ന നേതാക്കൾ അവിടെയെത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 


 

Latest News