റിയാദ്- ജമാൽ ഖശോഗിയെ തുർക്കിയിലേക്ക് പോകാൻ പ്രേരിപ്പിച്ചത് താനാണെന്ന വാർത്ത യാഥാർഥ്യത്തിന് നിരക്കാത്തതും നിരാശാജനകവുമാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ. വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രമാണ് ഇപ്രകാരം റിപ്പോർട്ട് ചെയ്തത്. വാർത്ത പൂർണമായും നിരാകരിക്കുന്നു. അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് ഉദ്ധരിക്കുന്ന അത്യന്തം അപകടകരമായ ആരോപണങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു -ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
2017 സെപ്റ്റംബറിലാണ് താൻ ആദ്യമായും അവസാനമായും ജമാൽ ഖശോഗിയുമായി കണ്ടുമുട്ടിയത്. സൗഹൃദ സന്ദർശനമായിരുന്നു അത്. അതിന് ശേഷം മെസേജുകൾ കൈമാറി ബന്ധം പുലർത്തിയിരുന്നു. എന്നാൽ തുർക്കിയിലേക്കുള്ള യാത്ര തങ്ങൾ ഒരിക്കൽ പോലും ചർച്ച ചെയ്തിട്ടില്ല. ഒരിക്കൽ പോലും ഖശോഗിയുമായി ടെലിഫോണിൽ സംസാരിച്ചിട്ടില്ല. ഇക്കാര്യം ബന്ധപ്പെട്ട ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
ഖശോഗി വധവുമായി ബന്ധപ്പെട്ട് തുർക്കി ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഫയലുകൾ ലഭിക്കാൻ സൗദി അറേബ്യ അറ്റോർണി ജനറൽ മുഖേന ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായിട്ടില്ല. വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ആരോപണം അവാസ്തവമാണ്. ഊഹങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കിയ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ തങ്ങൾ നിരന്തരം കേട്ടുകൊണ്ടേയിരിക്കുകയാണ്. 2017 ഒക്‌ടോബർ 26 നാണ് അവസാനമായി ഞാനും ജമാൽ ഖശോഗിയുമായി ടെക്സ്റ്റ് മെസേജ് മുഖേന ബന്ധപ്പെടുന്നത്. തുർക്കിയിലേക്ക് പുറപ്പെടുന്നത് സംബന്ധിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. പത്ര റിപ്പോർട്ട് സംബന്ധിച്ച് അമേരിക്കയിലെ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷിച്ച് വസ്തുതകൾ പുറത്തു വിടണമെന്ന് ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.