റിയാദ്- റെസിഡന്‍റ് ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്‍റും നിർത്തിവെക്കുന്നതിന് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. വിദേശങ്ങളിൽനിന്ന് എല്ലാ വിഭാഗം ദന്ത ഡോക്ടർമാരെയും റിക്രൂട്ട് ചെയ്യുന്നത് പൂർണമായും നിർത്തിവെക്കുന്നതിന് തൊഴിൽ-സാമൂഹിക വികസന, ആരോഗ്യ മന്ത്രാലയങ്ങൾ പരസ്പര ഏകോപനത്തോടെ തീരുമാനിച്ച് ദിവസങ്ങൾക്കു ശേഷമാണ് റെസിഡന്‍റ് ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്‍റ് നിർത്തിവെക്കുന്നതിന് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ ഇക്കാര്യം ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല.
വിദേശങ്ങളിൽനിന്ന് റെസിഡന്‍റ് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നത് നിർത്തിവെക്കുന്നതിന് മന്ത്രാലയത്തിലെ മാനവ ശേഷി സേവന വിഭാഗം മേധാവി ഡോ. ആയിദ് അൽഹാരിസി തീരുമാനം കൈക്കൊണ്ടതായി റിപ്പോർട്ടുണ്ട്. റെസിഡന്‍റ് ഡോക്ടർമാരായി ജോലി ലഭിക്കുന്നതിന് കാത്തിരിക്കുന്ന സൗദി ഡോക്ടർമാരുടെ നീണ്ട പട്ടിക തന്നെയുള്ളത് കണക്കിലെടുത്താണ് വിദേശങ്ങളിൽനിന്ന് റിക്രൂട്ട്‌മെന്‍റ് നിർത്തിവെക്കുന്നതിന് തീരുമാനിച്ചതെന്നാണ് വിവരം. ഇക്കാര്യം പ്രവിശ്യാ ആരോഗ്യ വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തീരുമാനം നടപ്പാക്കിത്തുടങ്ങുന്നതിന് പ്രവിശ്യാ ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് ദന്ത ഡോക്ടർമാർക്കുള്ള റിക്രൂട്ട്‌മെന്‍റ് വിലക്കും നടപ്പാക്കിത്തുടങ്ങിയത്. വിദേശ ഡോക്ടർമാരിൽ റെസിഡന്‍റ് ഡോക്ടർമാർക്ക് മാത്രമാണ് റിക്രൂട്ട്‌മെന്റ് വിലക്കേർപ്പെടുത്തുന്നത്. എന്നാൽ ദന്ത ഡോക്ടർമാരിൽ എല്ലാ വിഭാഗം ഡോക്ടർമാർക്കും റിക്രൂട്ട്‌മെന്‍റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിദേശങ്ങളിൽനിന്ന് ദന്ത ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നത് പാടെ നിർത്തിവെക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.