ദുബായ്- സഹവര്‍ത്തിത്വത്തിന്റെ ഇസ്‌ലാമിക മാതൃകയും പാരമ്പര്യവും മുറുകെപ്പിടിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
സമാധാനവും ശാന്തിയും ഉറപ്പിക്കുവാനും പരസ്പര സഹവര്‍ത്തിത്വം ദൃഢപ്പെടുത്തുവാനുമായി യു.എ.ഇ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ ഭരണകൂടത്തിന് കീഴില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സഹിഷ്ണുതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സഹവര്‍ത്തിത്വവും സഹകരണ മനോഭാവവും വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അത്തരത്തിലുള്ള ക്രമീകരണങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.
സഹവര്‍ത്തിത്വത്തിന് ഉത്തമ മാതൃകയാണ് മുഹമ്മദ് നബി (സ). ലോകത്ത് ഇന്ന് കാണുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രവാചകചര്യ ഉള്‍ക്കൊള്ളുക എന്നതാണെന്ന് അദ്ദേഹം ഉണര്‍ത്തി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം ഭരണതലത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.