ദുബായ്- മലയാളി വിദ്യാര്‍ഥിനി ആലിയ നിയാസ് അലിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നു വരുന്നതായി പിതാവ് നിയാസ് അലി അറിയിച്ചു. പനി ബാധിച്ച് റാഷിദ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം ആലിയ മരിച്ചത്. പെട്ടെന്നുള്ള മകളുടെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ഹൈസ്കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആലിയയുടെ മരണത്തെക്കുറിച്ച് വ്യാഴാഴ്ച റാഷിദ് ആശുപത്രി അധികൃതര്‍ പുറപ്പെടുവിച്ച കുറിപ്പില്‍ എന്തുതരം വൈറസാണ് കുട്ടിയെ ബാധിച്ചിരുന്നതെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഗുരുതര നിലയിലായിരുന്നു ആലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.
അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അതിവേഗം ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആലിയ രാത്രി തന്നെ മരിച്ചു.
ആരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നതായും വിശദാംശങ്ങള്‍ തേടിയതായും നിയാസ് അലി പറഞ്ഞു. തങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചതായി തോന്നുന്നുണ്ടോ എന്ന കാര്യവും അന്വേഷിച്ചു. ഇളയ മകന് രണ്ടാഴ്ച മുമ്പ് സമാനമായ രീതിയില്‍ പനി വന്ന കാര്യം അവരെ അറിയിച്ചതായും തുടര്‍ന്ന് വൈറല്‍ പരിശോധന നടത്തുകയും ചെയ്തു. കുട്ടിക്ക് അണുബാധ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മകളുടെ മരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും സാംപിളുകള്‍ ശേഖരിച്ചതായും അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനും ആരോഗ്യ അധികൃതര്‍ക്കും കുടുംബം നന്ദി അറിയിച്ചു.