കുവൈത്ത് സിറ്റി- ശക്തമായ മഴയും കാറ്റും പ്രളയം ജനജീവിതം സ്തംഭിപ്പിച്ച കുവൈത്തില്‍ മലയാളി തീര്‍ഥാടക സംഘവും കുടുങ്ങി. ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ ജറൂസലേം ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന 35 അംഗ മലയാളി സംഘമാണ് കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
14 ന് രാവിലെ കുവൈത്തില്‍ എത്തിയ അവരുടെ തുടര്‍വിമാനം റദ്ദക്കപ്പെട്ടതിനാല്‍ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അഞ്ചു മണിക്കൂറിന് ശേഷം ഹോട്ടലില്‍നിന്ന് ഇറക്കിയ അവരുടെ തുടര്‍യാത്ര അവതാളത്തിലായി.
വിമാനത്താവളം 12 മണിക്കൂറോളം അടച്ചിട്ടിരുന്നു. പിന്നീട് തുറന്നുവെങ്കിലും കുവൈത്ത് എയര്‍വെയ്‌സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ പലതും യാത്ര റിഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. പ്രായമായവര്‍ ഉള്‍പ്പെടെ 15 വനിതകളും സംഘത്തിലുണ്ട്. പലരുടെയും അത്യാവശ്യ മരുന്നുകള്‍ ബഗേജിനകത്ത് ആയതിനാല്‍ മരുന്ന് കഴിക്കാന്‍ കഴിയാത്ത സ്ഥിതിയുള്ളതായി ഫാദര്‍ പറഞ്ഞു. മാറാന്‍ വസ്ത്രങ്ങളുമില്ല. കഴിഞ്ഞ അഞ്ചിനാണ് ടൂര്‍ ഓപ്പറേറ്റര്‍ ആയ ഭഗ്രാന്‍ ഹോളിഡേയ്‌സ് ഇവരെ തീര്‍ഥാടന യാത്രക്ക് കൊണ്ടുപോയത്.