റിയാദ് - ജമാല്‍ ഖശോഗി സംഭവം മുതലെടുത്ത് സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് സൗദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ മുന്നറിയിപ്പ് നല്‍കി.
റിയാദ് വിദേശ മന്ത്രാലയ ആസ്ഥാനത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജമാല്‍ ഖശോഗി കൊലക്കേസ് നിയമ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഈ കേസ് സൗദി നീതിന്യായ സംവിധാനം കൈകാര്യം ചെയ്യും.
ഖശോഗി കേസ് രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ഒരു ശ്രമവും സൗദി അറേബ്യ അംഗീകരിക്കില്ല. ഖശോഗി കേസ് രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഇസ്‌ലാമിക് ലോകത്ത് വിള്ളലുണ്ടാക്കും. ഇസ്‌ലാമിക് ലോകത്ത് ഐക്യമുണ്ടാക്കുന്നതിനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഖശോഗി സംഭവത്തിന്റെ പേരില്‍ സൗദി അറേബ്യക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളും രൂക്ഷമായ ആക്രമണങ്ങളും യുക്തിക്ക് നിരക്കുന്നതല്ല. ഖശോഗി സംഭവത്തെ സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തുന്നതിന് ചില ഖത്തര്‍, തുര്‍ക്കി മാധ്യമങ്ങള്‍ ദുരുപയോഗിക്കുകയാണ്-അദ്ദേഹം പറഞ്ഞു.